'സിറ്റി അണ്ടര്‍ ദ ഐസ്', ഐസ് പാളികള്‍ക്കിടയില്‍ 'കുഴിച്ചുമൂടപ്പെട്ട' അമേരിക്കയുടെ രഹസ്യം, കണ്ടെത്തി നാസ

ഐസ് പാളികള്‍ക്ക് 100 അടി താഴ്ചയിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 'കുഴിച്ചുമൂടപ്പെട്ട' രഹസ്യം ഗവേഷകര്‍ കണ്ടെത്തിയത്

dot image

ഈ വര്‍ഷം ഏപ്രിലില്‍ നാസ ഗ്രീന്‍ലാന്‍ഡില്‍ നടത്തിയ ഗവേഷണ ദൗത്യത്തില്‍ നിര്‍ണായക കണ്ടെത്തലാണുണ്ടായത്. ഐസ് പാളികള്‍ക്ക് 100 അടി താഴ്ചയിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 'കുഴിച്ചുമൂടപ്പെട്ട' രഹസ്യം ഗവേഷകര്‍ കണ്ടെത്തിയത്. ശീതയുദ്ധ കാലത്തെ അമേരിക്കയുടെ രഹസ്യ മിലിട്ടറി ക്യാമ്പിന്റെ അവശിഷ്ടങ്ങളാണ് മഞ്ഞുപാളികള്‍ക്കിടയില്‍ മറഞ്ഞിരുന്നത്.

നൂതനമായ റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നടന്ന പരിശോധനയിലാണ് ഐസ് പാളികള്‍ക്കടിയില്‍ മനുഷ്യനിര്‍മ്മിതമായ വസ്തുക്കള്‍ സംബന്ധിച്ച സിഗ്നല്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. ആദ്യം ഇതെന്താണെന്ന് തങ്ങള്‍ക്ക് മനസിലായില്ലെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയിലെ ശാസ്ത്രജ്ഞന്‍ അലക്‌സ് ഗാര്‍ഡ്‌നര്‍ പറഞ്ഞു. നൂതനവും കാര്യക്ഷമവുമായ 'അണ്‍ഇന്‍ഹാബിറ്റഡ് ഏരിയല്‍ വെഹിക്കിള്‍ സിന്തറ്റിക് അപ്പെര്‍ച്ചര്‍ റഡാര്‍(യുഎവിഎസ്എആര്‍)' ഉപയോഗിച്ച് ഈ ഭാഗത്ത് പരിശോധന തുടര്‍ന്നു. ഇതിലാണ് ഐസ് പാളികള്‍ക്കടിയിലെ രഹസ്യത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിച്ചതെന്നും ഗവേഷണത്തിന്റെ ഭാഗമായിരുന്ന മറ്റൊരു ശാസ്ത്രജ്ഞന്‍ ചാഡ് ഗ്രീന്‍ പറയുന്നു.

1959ല്‍ ഉത്തരദ്രുവത്തെ കുറിച്ചുള്ള പഠനത്തിനെന്ന പേരില്‍ അമേരിക്കന്‍ സൈന്യം നിര്‍മ്മിച്ചതാണ് ഗ്രീന്‍ലാന്‍ഡിലെ ഈ ക്യാമ്പ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ മിലിട്ടറി ക്യാമ്പിന് പിന്നിലെ ലക്ഷ്യം അതീവ രഹസ്യ സ്വഭാവമുള്ളതായിരുന്നു. ആണവ മിസൈലുകള്‍ സംബന്ധിച്ച് പരീക്ഷണങ്ങള്‍ നടത്താനും ഇവ സംഭരിക്കാനും തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ക്കിടയിലെ തുരങ്കങ്ങളില്‍ നിന്ന് ഇവ വിക്ഷേപിക്കുന്നതിനുമടക്കമുള്ള രഹസ്യ പദ്ധതി തയ്യാറാക്കുന്ന 'പ്രൊജക്ട് ഐസി'ന്റെ പരീക്ഷണ കേന്ദ്രമായിരുന്നു ഇവിടം.

3000 മൈലുകള്‍ നീണ്ടു കിടക്കുന്ന തുരങ്കങ്ങളും 2000 മിസൈല്‍ ലോഞ്ച് പോയിന്റുകളും ഈ രഹസ്യ കേന്ദ്രത്തിന്റെ ഭാഗമായിരുന്നു. ഐസ്മാന്‍ എന്ന് പേരിട്ടിരുന്ന മിസൈലുകള്‍ക്ക് സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ ഭാഗങ്ങളുടെയും 80 ശതമാനത്തോളം ലക്ഷ്യമിട്ട് കുതിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രദേശത്തെ അസ്ഥിരമായ കാലാവസ്ഥയും അന്തരീക്ഷവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് 1967-ഓടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Content Highlights: 'City Under Ice', NASA Discovers Secret US Military Base 100 Feat Beneath Greenland Ice Sheet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us