ജുറാസിക് പാര്‍ക്ക് സിനിമയില്‍ കണ്ടിട്ടുള്ളത് പോലെ ഭീമാകാരമായ ദിനോസറുകള്‍ വിഹരിച്ചിരുന്ന കാലത്തെ കുറിച്ച് നമുക്ക് കേട്ടറിവുകള്‍ മാത്രമാണുള്ളത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഇവയെ കുറിച്ച് വ്യക്തമാക്കുന്ന പല തെളിവുകളും ഗവേഷകര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിര്‍ണായകമായ ചില തെളിവുകള്‍ ഓക്‌സ്‌ഫോര്‍ഡിലെയും ബര്‍മിംഗ്ഹാമിലെയും ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മധ്യജുറാസിക് കാലഘട്ടത്തിലെ ഇരുന്നൂറോളം ദിനോസര്‍ കാല്‍പ്പാടുകളാണ് യുകെയിലെ ഒരു ക്വാറിയില്‍ നിന്ന് കണ്ടെത്തിയത്. ഗവേഷകര്‍ 'ദിനോസര്‍ ഹൈവേ' എന്ന് വിശേഷിപ്പിച്ച ഇവയ്ക്ക് 166 മില്യണ്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ബെര്‍മിംഗ്ഹാം സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ക്വാറിയിലെ തൊഴിലാളിയായ ഗാരി ജോണ്‍സണാണ് ആദ്യം കാല്‍പ്പാടുകള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സമാനമായ നിരവധി കാല്‍പ്പാടുകളും കണ്ടെത്തി. ദിനോസറുകള്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലേക്കുള്ള ഒരു സ്‌നാപ്പ്‌ഷോട്ട് പോലെയാണ് പുതിയ കണ്ടെത്തലെന്നാണ് ഗവേഷകരില്‍ ഒരാളായ ഡോ. ക്രിസ്റ്റി എഡ്ഗര്‍ പറഞ്ഞത്.
നൂറോളം പേരടങ്ങുന്ന സംഘമാണ് പ്രദേശത്തെ പഠനങ്ങളുടെ ഭാഗമായത്. സോറോപോഡ് വിഭാഗത്തില്‍ വരുന്ന കൂറ്റന്‍ ദിനോസറുകളുടെയും മാംസഭുക്കായ മെഗലോസോറസ് ദിനോസറുകളുടെയും കാല്‍പ്പാടുകളാണ് ഇവിടെയുള്ളത്. തുടര്‍ പരിശോധനകള്‍ ദിനോസര്‍ കാലഘട്ടത്തെ കുറിച്ചും അവയുടെ ജീവിതത്തെ കുറിച്ചുമുള്ള കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുമെന്നും ക്വാറിയിലെ പരിശോധനകള്‍ തുടരുകയാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Content Highlights: Dinosaur Highway With 200 Footprints From Jurassic Period Found In UK