ഉൽക്കാശില ഭൂമിയിൽ പതിക്കുന്നതിൻ്റെ ശബ്ദം കേട്ടിട്ടുണ്ടോ? ഇപ്പോൾ കനേഡിയൻ വംശജൻ ജോ വെലൈഡം പുറത്തുവിട്ടിരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഭൂമിയിൽ പതിക്കുന്ന ഉൽക്കാശിലയുടെ ദൃശ്യങ്ങളും അതിൻ്റെ ആഘാതം അറിയുന്ന ശബ്ദവുമടങ്ങിയ വീഡിയോയാണ് ഇയാള്‍ പങ്കുവെച്ചത്. വീട്ടിലെ ഡോർബെൽ ക്യാമറയിൽ പതിഞ്ഞ വീഡിയോയാണ് പുറത്തുവന്നത്.
കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിലാണ് സംഭവം. 2024 ജൂലൈയിൽ ജോ അദ്ദേഹത്തിൻ്റെ പങ്കാളി ലോറ കെല്ലിക്കൊപ്പം നടക്കാനിറങ്ങി. തിരിച്ചുവന്നപ്പോൾ നടപ്പാതയിൽ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത് കണ്ട് അവർ ഞെട്ടിപ്പോയി. എല്ലായിടത്തും കല്ലുകൾ. അവ എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ആദ്യം മനസിലായില്ലെന്നാണ് ജോ പറഞ്ഞത്.
ചാരനിറവും പൊടിയും നിറഞ്ഞതായി കാണപ്പെട്ടതിനാൽ അത് മേൽക്കൂരയിൽ നിന്ന് വീണതാണെന്നാണ് ജോ ആദ്യം കരുതിയത്. എന്തോ പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ടതായി സമീപത്ത് താമസിക്കുന്ന കെല്ലിയുടെ മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് അവർ വീട്ടിലെ ഡോർബെൽ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു.
ഉൽക്കാ ശില ഭൂമിയിൽ പതിക്കുന്നതിൻ്റെ ദൃശ്യവും ആഘാതവും ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ആദ്യമായിട്ടാണ് ഭൂമിയിൽ പതിക്കുന്ന ഉൽക്കാശിലയുടെ ശബ്ദം റെക്കോർഡ് ചെയ്യപ്പെടുന്നതെന്ന അവകാശ വാദവും ഉയരുന്നുണ്ട്.
ഈ വീഡിയോ കണ്ട ശേഷം ആൽബർട്ട് സർവകലാശാലയിലെ ഭൗമശാസ്ത്രജ്ഞനും ഡിപ്പാർട്ട്മെൻ്റ് ഓഫ് എർത്ത് ആൻ്റ് അറ്റ്മോസ്ഫെറിക് സയൻസസിലെ പ്രൊഫസറുമായ ജിയോളജിസ്റ്റ് ക്രിസ് ഹെർഡുമായി ജോ കൂടിക്കാഴ്ച നടത്തിയിരുന്നു. സർവകലാശാലയുടെ പരിശോധനയില്‍ ഷാർലറ്റ്ടൗൺ ഉൽക്കാശിലയുടെ ഭാഗങ്ങളാണ് ഭൂമിയില്‍ പതിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവിശ്യയിൽ പതിക്കുന്ന ആദ്യത്തെ ഉൽക്കശിലയാണിതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Shocking Footage Meteorite Crash Captured On A Doorbell Camera In Canada