കടുവ ആക്രമിച്ചാല്‍ പ്രതി സര്‍ക്കാരോ? സ്റ്റേറ്റിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ജനത്തിന് അധികാരമുണ്ടോ?

ഇര പിടിക്കാന്‍ കെല്‍പില്ലാത്ത അവയെ കെണിയിലാക്കി പിടിച്ച് തിരികെ കാട്ടില്‍ വിടുന്നതല്ല പരിഹാരം.

dot image

2016 മുതല്‍ കഴിഞ്ഞ ദിവസം വയനാട്ടിലുണ്ടായ കടുവ ആക്രമണം വരെയുള്ള കണക്കെടുത്താല്‍ ആയിരത്തിനടുത്ത് മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞുപോയിട്ടുള്ളത്. അല്പം കൂടി കൃത്യമായി പറഞ്ഞാല്‍ 914 പേര്‍. അതില്‍ കടുവയുടെ ആക്രമണത്തില്‍ മാത്രം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 9 പേര്‍ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയില്‍ എല്‍ദോസ് വര്‍ഗീസ് എന്ന 45കാരനെ കാട്ടാന അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തോട് ജനം വൈകാരികമായി പ്രതികരിച്ചത് മൃതദേഹം പോലും എടുക്കാന്‍ അനുവദിക്കാതെയാണ്. പ്രതിഷേധം വനംവകുപ്പിന് നേരെയായിരുന്നു. കാടിറങ്ങി ജനമേഖലയിലേക്ക് വരികയും ജീവനും സ്വത്തും അപഹരിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ അവര്‍ക്കുള്ളത് വനംവകുപ്പ് മാത്രമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സ്റ്റേറ്റിന്റേതായതുകൊണ്ട് ജനങ്ങള്‍ മുന്നില്‍ കാണുന്ന പ്രതി സര്‍ക്കാര്‍ മാത്രമാണ്.

പ്രതിക്കൂട്ടിലാകുന്ന സ്റ്റേറ്റ്

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനൊപ്പം വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതും ഇതേ ഭരണകൂടമാണ്. ആ സംവിധാനം പ്രവര്‍ത്തിക്കുന്നത് കൃത്യമായ നിയമനിര്‍മാണ സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് ആള്‍ക്കൂട്ടത്തിന്റെ വെടിവച്ചുകൊല്ലണമെന്നുള്‍പ്പെടെയുള്ള വൈകാരിക പ്രതികരണങ്ങളോട് അതേ നിമിഷത്തില്‍ പ്രതികരിക്കാന്‍ സ്റ്റേറ്റിന് കഴിയാതെ വരുന്നതും. അക്രമകാരിയായ ഒരു മൃഗത്തെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവിടാന്‍ വകുപ്പുമന്ത്രിക്ക് അധികാരമില്ല ആ അധികാരം ചീഫ് വൈല്‍ഡ് ലൈഫ്ഓഫീസര്‍ക്കുമാത്രമാണ്. പക്ഷെ അതിനും കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. മനുഷ്യന് വെല്ലുവിളിയാകുന്ന മൃഗത്തെ ജീവനോടെ പിടികൂടി പുരനധിവസിപ്പിക്കുകയാണ് അവയിലെ പ്രധാന നിര്‍ദേശം. അതുകൊണ്ടാണ് ആളെക്കൊല്ലുന്ന കടുവയായാലും കാട്ടാനയായാലും കെണിവച്ചുപിടിക്കാനോ, മയക്കുവെടി വയ്ക്കാനോ മാത്രം അവര്‍ മുതിരുന്നത്.

ഇനി വെടിവയ്ക്കണമെങ്കിലും കടമ്പകള്‍ നിരവധി. സ്ഥിരമായി മനുഷ്യജീവന് അപകടം സൃഷ്ടിക്കുന്ന വന്യമൃഗം അതുതന്നെയാണോ എന്നു ക്യാമറകളുള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളുടെയും മറ്റും സഹായത്തോടെ ഉറപ്പുവരുത്തി, അതില്‍ വിദഗ്ധരായവരുടെ സഹായത്തോടെ മാത്രമേ വന്യമൃഗത്തിന്റെ ജീവനെടുക്കാനാകൂ. അതേസമയം ജനത്തിന്റെ ജീവന്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയാല്‍, പരാതികളില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെങ്കില്‍, സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി കോടതിയെ സമീപിക്കാനാകും. ജനജീവിതം സുരക്ഷിതമാക്കുന്നതിനുള്ള കിടങ്ങ് നിര്‍മിക്കുന്നില്ല, വൈദ്യുത വേലികളില്ല, മറ്റു പ്രതിരോധ മാര്‍ഗങ്ങളൊന്നും സ്വീകരിക്കുന്നില്ല സ്റ്റേറ്റ് പരാജയപ്പെട്ടിരിക്കുന്നുവെന്ന് പൗരന് ചൂണ്ടിക്കാട്ടാം. ആരോപണങ്ങള്‍ ഉന്നയിക്കാം. അപ്പോഴും പക്ഷെ സ്റ്റേറ്റിനെ പ്രോസിക്യൂട്ട് ചെയ്യാനോ ശിക്ഷ വിധിക്കാനോ ജനങ്ങള്‍ക്ക് സാധിക്കുമോ, ഇല്ല. ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരങ്ങളെ സ്റ്റേറ്റിന്റെ സംരക്ഷണമായാണ് നിയമം വ്യാഖ്യാനിക്കുക.

'വന്യമൃഗ സംരക്ഷണ നിയമം ഉള്ളതുകൊണ്ട് അവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്റ്റേറ്റിനാണ്. പക്ഷെ അവ മനുഷ്യനെ കൊലപ്പെടുത്തിയാല്‍ അത് സര്‍ക്കാരിന്‍റെ ബാധ്യതയാണ്. കടുവയുടെ കാര്യത്തില്‍ കൃത്യമായ സര്‍വേ ഒന്നും നടക്കുന്നില്ല. മാത്രമല്ല കേന്ദ്രം ഇവയെ സംരക്ഷിക്കാനായി ഒത്തിരി ഫണ്ട് കൊടുക്കേണ്ടതായിട്ട് വരും. സര്‍ക്കാരുകള്‍ തമ്മിലുള്ള തട്ടിക്കളികളും ഇതിനിടയിലുണ്ട്. ഇരതേടാന്‍ സാധിക്കാതെ വരുമ്പോഴാണ് അത് നാട്ടിലേക്ക് ഇറങ്ങുന്നത്. ചെയ്യാവുന്നത് അതിനെ പിടിച്ച് കൂട്ടിലിട്ട് സംരക്ഷിക്കണം. അല്ലെങ്കില്‍ വെടിവച്ചുകൊല്ലണം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മാത്രമേ അതിനെ വെടിവയ്ക്കാന്‍ ഉത്തരവിടാന്‍ അധികാരമുള്ളൂ. പൊതുജനത്തിന്‍റെ ആവശ്യങ്ങള്‍ നിവൃത്തിക്കാന്‍ സാധിക്കാത്ത സ്റ്റേറ്റ് എങ്ങനെയാണ് ഇവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കുക.' ജസ്റ്റിസ് കെമാല്‍പാഷ പറയുന്നു.

വൈകാരികമായ പോര്‍വിളികളല്ല പരിഹാരം

കടുവ പോലുള്ള വന്യമൃഗങ്ങള്‍ക്ക് സ്വന്തമായി ഇരതേടാന്‍ സാധിക്കാതെ വരുമ്പോഴാണ് അവ നാട്ടിലേക്ക് ഇറങ്ങുന്നതും മനുഷ്യനെയും കെട്ടിയിട്ട കന്നുകാലികളെയും ആക്രമിക്കുന്നതും. ഇര പിടിക്കാന്‍ കെല്‍പില്ലാത്ത അവയെ കെണിയിലാക്കി പിടിച്ച് തിരികെ കാട്ടില്‍ വിടുന്നത്പരിഹാരമല്ല. ഒരു വനത്തിന് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതലാണോ അവിടെയുള്ള കടുവ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ എന്ന കണക്കെടുപ്പും അവലോകനവും കൃത്യമായ ഇടവേളകളില്‍ നടപ്പാക്കണം. വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കണം, വനത്തിനകത്തെ ആവാസ വ്യവസ്ഥയിലുണ്ടായ പ്രതിസന്ധികളെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം.

മനുഷ്യജീവനും പരിസ്ഥിതിവാദത്തിനും ഒരുപോലെ പ്രധാന്യം നല്‍കണം

മനുഷ്യജീവന് ഭീഷണി ഉയരുമ്പോള്‍ ജനം പരിഭ്രാന്തരാകുന്നതും വൈകാരികമായി ജനപ്രതിനിധികളെ നേരിടുന്നതും ഭരണകൂടത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതും സ്വാഭാവികമാണ്. ഇവിടെ താല്ക്കാലികമായ ആശ്വാസമല്ല ഭരണകൂടങ്ങള്‍ മുന്നോട്ടുവയ്‌ക്കേണ്ടത്. മറിച്ച് വന്യമൃഗ-മനുഷ്യ സംഘര്‍ഷം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് അതിന്റെ അടിസ്ഥാന കാരണങ്ങളെ കണ്ടെത്തുകയും അത് ഉന്മൂലം ചെയ്യാന്‍ ഒരുപരിധിവരെ ശ്രമിക്കുകയും ശാശ്വത പരിഹാരങ്ങള്‍ കണ്ടെത്തുകയുമാണ് വേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഐക്യം മുതല്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട ഒട്ടേറെ നയങ്ങളുണ്ട്.

ഇത്തരത്തിലുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ മറ്റുരാജ്യങ്ങളില്‍ നടപ്പാക്കുന്ന ഫലപ്രദമായ പ്രതിരോധ നടപടികള്‍ നമ്മുടെ നാട്ടിലും നടപ്പാക്കാമോ എന്ന ചിന്ത, വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായി ഭേദഗതികള്‍ വേണ്ടതുണ്ടോ തുടങ്ങി ദീര്‍ഘകാല വീക്ഷണത്തിലുള്ള പദ്ധതികളാണ് ഭരണകൂടം കൊണ്ടുവരേണ്ടത്.

Content Highlights: State's Obligation To Protect Citizens From Wild Animal Attacks, Any Injury Caused Is Govt's Failure

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us