
വേനൽ ചൂട് എത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെയുളള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും നിർദ്ദേശമുണ്ട്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരാനും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡുകൾ പ്രകാരം കഴിഞ്ഞ ദിവസം രാജ്യത്തെ ഉയർന്ന ചൂട് പുനലൂരിലും സോളപ്പൂരിലുമാണ് രേഖപ്പെടുത്തിയത്. 35.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ ചൂട്.
റെക്കോർഡ് ചെയ്യപ്പെടുന്നതിനേക്കാൾ കൂടുതലാണ് അനുഭവപ്പെടുന്ന ചൂട്. പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ തുടങ്ങിയിരിക്കുന്നു. കിണറുകളും മറ്റും വറ്റിത്തുടങ്ങി. കനത്ത ചൂട് കാർഷിക മേഖലയെയും ആശങ്കയിലാക്കിയിരിക്കുകയാണ് . കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ തുലാവർഷക്കാലത്ത് സാധാരണ തോതിൽ മഴ ലഭിച്ചിരുന്നു. പക്ഷേ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷക്കാലത്ത് 33 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മുതൽ മേയ് മാസം വരെ വേനൽ മഴയിൽ 19 ശതമാനമാണ് കുറവുണ്ടായിരുന്നത്.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വന്യമൃഗങ്ങൾ
വേനൽ ചൂടിന്റെ കാഠിന്യമേറുന്നത് വന്യമൃഗങ്ങളേയും ബാധിക്കുന്നുണ്ട്. വനത്തിലെ ജലലഭ്യത കുറയുന്നതാണ് വന്യമൃഗങ്ങൾ ദാഹജലവും തണലും തേടി കാടിറങ്ങാൻ പ്രധാന കാരണം. വന്യമൃഗങ്ങൾക്ക് ദാഹജലം തേടി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുവെന്നതും വലിയ ആശങ്കയുണ്ടാക്കുന്നു.
വേനലിലെ കടുത്ത ചൂടിൽ കാട്ടുതീയുണ്ടാകാനും സാധ്യത ഏറെയാണ്. ഇത് വന്യമൃഗങ്ങൾ കാടിറങ്ങാൻ കാരണമാകുന്നുണ്ട്.
കാട്ടുതീ
ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. തോട്ടങ്ങൾ, കൃഷി സ്ഥലങ്ങളിലും അഗ്നിബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. മലയോര മേഖലകളിൽ താത്ക്കാലിക അഗ്നിരക്ഷാ കേന്ദ്രങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്.
തീ പിടിത്തം ഉണ്ടാകാതിരിക്കാനായി ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കത്തിച്ച സിഗററ്റ് കുറ്റികൾ വലിച്ചെറിയുന്നതും കൃഷിക്കായി അടിക്കാട് തെളിച്ച് കത്തിക്കന്നതും തീപിടിത്തത്തിന് കാരണമാകുന്നു. ഉണങ്ങിയ ഓല, മരത്തിൻ്റെ ശിഖരങ്ങൾ എന്നിവ വൈദ്യുതി ലൈനിൽ ഉരസിയും തീ പടരുന്നു. തീപിടിത്തങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾളാണ്. ചപ്പുചവറുകൾ കത്തിച്ച ശേഷം തീ അണഞ്ഞെന്ന് ഉറപ്പുവരുത്തുക. സിഗററ്റ് പോലുള്ളവ പൂർണ്ണമായും തീ കെടുത്തിയ ശേഷം ഉപേക്ഷിക്കുക.
താമസസ്ഥലത്തിൻ്റേയും പുരയിടങ്ങളുടേയും അതിർത്തിയിലും റോഡ് സൈഡിലും ഫയർ ബെൽറ്റ് സ്ഥാപിക്കണം. ഉണങ്ങിയ പുല്ലും ഇലകളും കുറഞ്ഞത് പത്ത് അടിയെങ്കിലും വീതിയിൽ ചെത്തി മാറ്റിയാണ് ഫയർ ബെൽറ്റ് നിർമ്മിക്കുന്നത്. ഇങ്ങനെയും തീ കൂടുതലിടങ്ങളിലേക്ക് തീപടരാൻ സാധിക്കും.
ആരോഗ്യം
ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ആരോഗ്യത്തിൻ്റെ കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വെള്ളം കുടിക്കുന്നതിൻ്റെ അളവ് കൂട്ടുക, കനത്ത വെയിലിൽ നിന്നുള്ള ജോലികളിൽ സമയങ്ങൾ ക്രമീകരിക്കുക. രാവിലെയും വൈകിട്ടും ജോലി ചെയ്യാൻ ശ്രമിക്കുക. ഉച്ചയ്ക്ക് 12 മുതൽ മൂന്നുമണിവരെ വിശ്രമിക്കുക. ചൂടുകൂടുന്ന സമയങ്ങളിൽ വസ്ത്ര ധാരണയിലും ശ്രദ്ധപുലർത്തുക. കട്ടിക്കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ളതായ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ തനിയെ ഇരുത്തി പോകരുത്.
വിദ്യാർത്ഥികൾ
വേനൽ ചൂടിൽ വിദ്യാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതിൻ്റെ ആവശ്യമുണ്ട്. ശുദ്ധജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ക്ലാസ് റൂമുകളിൽ വായുസഞ്ചാരം ഉറപ്പാക്കണം. രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധ പുലർത്തണം. കുട്ടികൾ കൂടുതൽ സമയം വെയിലത്ത് നില്ക്കേണ്ടി വരുന്ന തരത്തിലുള്ള പ്രവർത്തികളും പരിപാടികളും ക്രമീകരിക്കാൻ ശ്രമിക്കുക. വിനോദസഞ്ചാരങ്ങൾക്ക് കൊണ്ടുപോകുമ്പോൾ 11 മുതൽ 3 വരെയുള്ള ചൂട് നേരിട്ട് ഏൽക്കുന്നക് ഒഴിവാക്കുക.
ഡെലിവറി ജീവനക്കാർ
ഭക്ഷണമോ മറ്റ് വസ്തുക്കളോ ഡെലിവറി ചെയ്യുന്നവർ കഴിവതും ഉച്ച സമയത്ത് ചെയ്യുന്ന യാത്ര സുരക്ഷിതമാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പാക്കണം. അവർ ധരിക്കുന്ന വസ്ത്രങ്ങൾ ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുക. യാത്രക്കിടയിൽ വിശ്രമിക്കാൻ അനുവാദവും നൽകുക. കയ്യിൽ കുടിവെള്ളം കരുതുകയും വേണം.
Content Highlights: Heat is increasing in the state kerala weather