
ഛിന്നഗ്രഹം '2024 YR4' ഭൂമിയില്‍ പതിക്കാനുള്ള സാധ്യത വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 32ല്‍ 1 അഥവാ 3.1% ആയി വര്‍ധിച്ചെന്നാണ് നാസ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ 2.3% ആയിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. ഛിന്നഗ്രഹം പതിക്കാന്‍ സാധ്യതയുള്ള മേഖലകളുടെ മാപ്പും നാസ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പടെ അപകട സാധ്യതാ മേഖലകളായാണ് കണക്കാക്കപ്പെടുന്നത്.
കിഴക്കന്‍ പസഫിക് സമുദ്രം, വടക്കന്‍ ദക്ഷിണ അമേരിക്ക, അറ്റ്‌ലാന്റിക് സമുദ്രം, ആഫ്രിക്ക, അറേബ്യന്‍ സീ, ദക്ഷിണേഷ്യ എന്നിവിടങ്ങള്‍ ഛിന്നഗ്രഹം പതിക്കാന്‍ സാധ്യതയുള്ള മേഖലകളുടെ പട്ടികയിലുണ്ട്. മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ക്കൊപ്പം ബംഗ്ലാദേശ് തലസ്ഥാനം ധാക്ക, കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ട, നൈജീരിയന്‍ നഗരം ലാഗോസ്, വെസ്റ്റ് ആഫ്രിക്കയിലെ അബീദ്ജാന്‍ തുടങ്ങിയ പ്രധാന നഗരങ്ങളും അപകടസാധ്യാത മേഖലകളിലുണ്ട്.
2032 ഡിസംബറോടെ ഛിന്നഗ്രഹം ഭൂമിക്കടുത്തെത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഛിന്നഗ്രഹം തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഭൂതല ദൂരദര്‍ശിനികള്‍ ഉപയോഗിച്ചാണ് നിലവില്‍ നിരീക്ഷണങ്ങള്‍ തുടരുന്നതെന്നും നാസ അറിയിച്ചു. 2028 ജൂണിന് ശേഷം മാത്രമേ ഈ ഛിന്നഗ്രഹം വ്യക്തമായി കാണാന്‍ സാധിക്കൂ.
130 മുതല്‍ 300 അടി വരെ വീതിയുണ്ട് '2024 YR4' ഛിന്നഗ്രഹത്തിനെന്നാണ് നിലവിലെ വിലയിരുത്തല്‍. അപൂര്‍വമായ ലോഹങ്ങള്‍ അടങ്ങിയ ഛിന്നഗ്രഹത്തേക്കാള്‍ ഇതിന് വ്യത്യസ്തമായ ഒരു ഘടനയാകാനാണ് സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. ഭൂമിയില്‍ പതിച്ചില്ലെങ്കില്‍ ഈ ഛിന്നഗ്രഹം, 500 ആറ്റംബോംബുകളുടെ ശക്തിയില്‍ ആകാശത്ത് വെച്ച് പൊട്ടിത്തെറിക്കുമെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്.
ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ വലിയൊരു ഭാഗത്തെ ഇതിന്റെ ആഘാതം ബാധിച്ചേക്കാമെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവേഷകര്‍ ഈ ഛിന്നഗ്രഹത്തെ 'സിറ്റി കില്ലര്‍' എന്ന് വിശേഷിക്കുന്നത് ഇതുകൊണ്ടുകൂടിയാണ്. ഭൂമിയിലെ മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ തക്ക പ്രഹരശേഷി ഇതിനില്ലെന്നും, എന്നാല്‍ ഒരു നഗരത്തെ വലിയ രീതിയില്‍ ബാധിക്കാന്‍ ശേഷിയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, 3.1 ശതമാനം എന്നത് വളരെ ചെറിയ സാധ്യത തന്നെയാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
Content Highlights: NASA Says There's 3.1% Chance Of Asteroid Hitting Earth