പഞ്ചാബിലെ ദേശാടനപക്ഷികളുടെ എണ്ണം കുറയുന്നു; കാരണം ഇതാണ്...

ഓരോ മഞ്ഞുകാലത്തും ആയിരകണക്കിന് ദേശാടന പക്ഷികളാണ് പഞ്ചാബില്‍ എത്താറുള്ളത്

dot image

ഓരോ മഞ്ഞുകാലത്തും പഞ്ചാബിലെ തണ്ണീര്‍ത്തടങ്ങളിലേയ്ക്ക് സൈബീരിയ, റഷ്യ, കസാക്കിസ്ഥാന്‍, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ദേശാടനപക്ഷികള്‍ എത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷം കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പഞ്ചാബില്‍ ദേശാടനപക്ഷികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിരിക്കുകയാണ്. ആവാസവ്യവസ്ഥയുടെ തകര്‍ച്ച, മലിനീകരണം എന്നിവയും ദേശാടനപക്ഷികളുടെ വരവ് കുറയ്ക്കുന്നതിനെ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

മുന്‍കാലങ്ങളില്‍ നീണ്ടുനില്‍ക്കുന്ന ശൈത്യകാലത്ത് ദേശാടന പക്ഷികള്‍ അഞ്ച് മുതല്‍ ആറ് മാസം വരെ പഞ്ചാബില്‍ തങ്ങുമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഇപ്പോള്‍ ഏകദേശം രണ്ട് മാസം മാത്രമാണ് ദേശാടനപക്ഷികളെ ഇവിടെ കാണാന്‍ കഴിയൂ. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടമായ ഹരിക്കൈ വന്യജീവി സങ്കേതം ഉള്‍പ്പെടെ പഞ്ചാബിലെ ആറ് സംരക്ഷിത തണ്ണീര്‍ത്തടങ്ങള്‍ ദേശാടനപക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്.

ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി പ്രകാരം പഞ്ചാബിലെ തണ്ണീര്‍ത്തടങ്ങളില്‍ പക്ഷികള്‍ക്കായി ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. പഞ്ചാബ് വനം വന്യജീവി വകുപ്പ് ഹരികൈ വെറ്റ്ലാന്‍ഡില്‍ നടത്തിയ ഏറ്റവും പുതിയ സെന്‍സസ് പ്രകാരം ഈ വര്‍ഷം 89 ഇനങ്ങളില്‍പ്പെട്ട 55,059 പക്ഷികളെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 81 ഇനങ്ങളിലായി 50,529 പക്ഷികളാണ് എത്തിയത്. 84 ഇനങ്ങളില്‍പ്പെട്ട 65, 624 പക്ഷികളാണ് 2023ല്‍ എത്തിയത്. അതേസമയം 2018ലും 2019ലും എത്തിയത് യഥാക്രമം 94,771 പക്ഷികളും 123128 പക്ഷികളും ആയിരുന്നു.

Content Highlights: Delayed winters are driving migratory birds away from Punjab’s wetlands

dot image
To advertise here,contact us
dot image