'ഭൂമിക്കടിയില്‍ സ്വര്‍ണവും ലിഥിയവും'; മറ്റൊരു കെജിഎഫ് ആവുമോ തമിഴ്‌നാട്?

ജനപ്രിയമായ കെജിഎഫ്, തങ്കലാൻ തുടങ്ങിയ സിനിമകൾ കോലാർ സ്വർണഖനിയുമായി ബന്ധപ്പെട്ടുള്ളതാണ്

dot image

സ്വർണം, മനുഷ്യർക്ക് എന്നും അത്ഭുതകരമായ ലോഹം. ലോകമെമ്പാടും സ്മ്പത്തിന്റെ അടിസ്ഥാനമായി സ്വർണം കണക്കാക്കാറുണ്ട്. രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാറുള്ളത് സ്വർണം ശേഖരിച്ചുകൊണ്ടാണ്. ഒരു പക്ഷേ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരിക്കും.

ഓരോ വർഷവും കോടികണക്കിന് രൂപയുടെ സ്വർണമാണ് വിപണിയിൽ എത്താറുള്ളത്. അറുപത്തി അയ്യായിരവും കടന്ന് സ്വർണത്തിന്റെ വില കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്വർണം ഖനനം ചെയ്‌തെടുക്കാറുണ്ട്. ഒരുകാലത്ത് കർണാടകയിലെ കോലാർ സ്വർണഖനിയിൽ ആയിരുന്നു രാജ്യത്ത് തന്നെ ഏറ്റവും കൂടുതലായി സ്വർണം ഖനനം ചെയ്തിരുന്നത്.

ജനപ്രിയമായ കെജിഎഫ്, തങ്കലാൻ തുടങ്ങിയ സിനിമകൾ കോലാർ സ്വർണഖനിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇപ്പോഴിതാ തമിഴ്‌നാട് ഇത്തരത്തിൽ അടുത്ത കെജിഎഫ് ആവുമോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന്. കാരണം മറ്റൊന്നുമല്ല, തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ സ്വർണശേഖരമുണ്ടാവാമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ.

ചെന്നൈയിൽ വെച്ച് നടന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 175-ാം സ്ഥാപക ദിനാഘോഷത്തിൽ വെച്ചായിരുന്നു തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ, വിരുദുനഗർ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന രാജാപാളയത്ത് സ്വർണത്തിന്റെ ശേഖരമുണ്ടാവുമെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ വിജയകുമാർ പറഞ്ഞത്.

'തമിഴ്നാട്ടിന്റെ ഭൂപ്രകൃതിയിൽ ഭൂമിക്കടിയിൽ ധാരാളം ചുണ്ണാമ്പുകല്ല് പാറകളുണ്ട്. എന്നാൽ തിരുവണ്ണാമലൈ, വിരുദുനഗർ ജില്ലകളിലെ രാജപാളയം പ്രദേശത്ത് ഭൂമിക്കടിയിൽ സ്വർണ്ണം കണ്ടെത്താനുള്ള സാധ്യത കൂടുതലാണ്. ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. സ്വർണ്ണത്തിന് പുറമേ, ഈ സ്ഥലങ്ങളിൽ ധാരാളം ലിഥിയം ഉണ്ട്. ഇതുപയോഗിച്ച് ബാറ്ററികൾ നിർമ്മിക്കാൻ സാധിക്കും ഇവയെക്കുറിച്ചെല്ലാം തുടർച്ചയായ ഗവേഷണം നടക്കുന്നുണ്ട്', എന്നായിരുന്നു വിജയകുമാർ പറഞ്ഞത്.

നിലവിൽ കർണാടകയിലും ആന്ധ്രാപ്രദേശിലും മാത്രമാണ് സ്വർണ്ണം ഖനനം ചെയ്യുന്നത്. തമിഴ്നാട്ടിലും സ്വർണ്ണവും ലിഥിയവും ഖനനം ചെയ്തെടുക്കാൻ ആരംഭിച്ചാൽ സംസ്ഥാനത്തേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ എത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നത്.

അതേസമയം ഈ വാർത്തയെ ആശങ്കയോടെ കാണുന്നവരുമുണ്ട്. തമിഴ്‌നാട്ടിന്റെ ഭാഗമായ നിലഗിരി ജില്ലകളിൽ ഉണ്ടായിരുന്ന സ്വർണഖനനം ആ പ്രദേശത്തെ പാരിസ്ഥിതികമായി ബാധിച്ചിരുന്നു. ഊട്ടിയിൽ നിന്ന് 70 കിലോമീറ്റർ അകലെ തമിഴ്നാട്-കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേവാല വനത്തിലെ സ്വർണഖനനം മനുഷ്യനും വന്യജീവികൾക്കും വെല്ലുവിളി ഉയർത്തിയിരുന്നു. നീലഗിരിയിലെയും ദേവാല കാടുകളിലെയും സ്വർണഖനനം നിരോധിച്ചിട്ടുണ്ടെങ്കിലും അനധികൃതമായി ഇപ്പോഴും ഇവിടങ്ങളിൽ സ്വർണം ഖനനം ചെയ്ത് എടുക്കുന്നവർ ധാരാളമുണ്ട്.

വെറും 640 ഹെക്ടർ വിസ്തൃതിയിൽ 5,000 അനധികൃത സ്വർണ്ണ ഖനന കുഴികളുണ്ടെന്നാണ് വനം വകുപ്പ് കണക്കാക്കുന്നത്. അനധികൃതമായി കുഴിക്കുന്ന ഖനികളിൽ വീണ് മനുഷ്യരും നിരവധി വന്യജീവികളും മരിക്കാറുണ്ട്. ഇതിന് പുറമെ സ്വർണം വേർതിരിക്കാനായി ഉപയോഗിക്കുന്ന മെർക്കുറി പുഴയിലെ വെള്ളത്തിനെ മലിനമാക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ രാജ്യത്തെ ആദ്യത്തെ സ്വകാര്യ സ്വർണഖനി ആന്ധ്രപ്രദേശിലെ ജോന്നാഗിരിയിൽ ആരംഭിക്കാനിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പനിയുടെ പദ്ധതികളെ പ്രാദേശിക ഗ്രാമവാസികൾ അംഗീകരിച്ചതോടെയാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ സ്വർണഖനി ആരംഭിക്കാൻ തീരുമാനമായത്. ജിയോമിസോർ സർവീസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രദേശത്ത് സ്വർണഖനി ആരംഭിക്കുന്നത്.

സർക്കാരുകൾക്കും കോർപ്പറേറ്റുകൾക്കും സ്വർണം നിക്ഷേപമാർഗവും സാമ്പത്തിക അടിത്തറയുണ്ടാക്കുന്ന മാർഗവുമാകുമ്പോൾ ജീവിതം ദുരിതത്തിൽ ആയേക്കാവുന്ന ചില സാധാരണക്കാരുണ്ട്. അവരുടെ ജീവിതം കൂടി പരിഗണിക്കുകയും ജീവിത സാഹചര്യം ഒരുക്കുകയും ചെയ്യാൻ സാധിച്ചാൽ മാത്രമായിരിക്കും ഖനികളിൽ നിന്ന് കുഴിച്ചെടുക്കുന്ന ഈ സ്വർണം കൊണ്ട് നമ്മുടെ നാടിന് എന്തെങ്കിലും ഗുണമുണ്ടാവുകയുള്ളൂ.

Content Highlights: Gold and lithium underground Will Tamil Nadu become another KGF?

dot image
To advertise here,contact us
dot image