പതയായി പെയ്ത് മഴ; തൃശൂരിലെ അസ്വാഭാവിക പ്രതിഭാസത്തിൻ്റെ കാരണമെന്ത്?

പതമഴ പെയ്യാനുള്ള കാരണം അന്വേഷിക്കുമെന്നും കാലാവസ്ഥാ വിദഗ്ദര്‍

dot image

തൃശൂരില്‍ കഴിഞ്ഞ ദിവസം പെയ്ത വേനല്‍മഴ ചൂടിന് ആശ്വാസം മാത്രമല്ല, നാട്ടുകാരില്‍ ചെറിയ രീതിയിലെങ്കിലും ആശങ്കയ്ക്കും കാരണമായി. മഴയ്ക്ക് പിന്നാലെ റോഡുകളും പറമ്പുകളുമെല്ലാം പതകൊണ്ട് നിറയുകയായിരുന്നു. അമ്മാടം, കോടന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ശനിയാഴ്ച വൈകീട്ടോടെ പതമഴ അല്ലെങ്കില്‍ ഫോം റെയിന്‍ പ്രതിഭാസമുണ്ടായത്.

മഴയ്ക്ക് പിന്നാലെയാണ് സോപ്പ് പത പോലുള്ള പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ആശങ്ക വേണ്ടെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. പതമഴ പെയ്യാനുള്ള കാരണം അന്വേഷിക്കുമെന്നും കാലാവസ്ഥാ വിദഗ്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ഫോം റെയിന്‍?

മഴയ്ക്ക് ശേഷം റോഡുകളിലും ജലാശയങ്ങളിലും പറമ്പുകളിലുമൊക്കെ വെളുത്ത പത കാണപ്പെടുന്ന പ്രതിഭാസത്തെയാണ് ഫോം റെയിന്‍ അല്ലെങ്കില്‍ പത മഴ എന്ന് പറയുന്നത്. വേനല്‍മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളില്‍ ഉണ്ടാകുന്ന പ്രതിഭാസമാണ് ഫോം റെയിന്‍.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് പത മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കില്‍ മലിനമായ അന്തരീക്ഷത്തില്‍ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ വേനല്‍ക്കാലത്ത് ചില മരങ്ങളില്‍ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത സൃഷ്ടിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മരത്തിന്റെ പുറംതൊലിയുടെ പരുക്കന്‍ പ്രതലം വെള്ളത്തിന്റെയും ജൈവവസ്തുക്കളുടെയും മിശ്രിതത്തെ ഇളക്കിവിടുകയും, പത രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും, പ്രത്യേകിച്ച് മഴവെള്ളം മരക്കൊമ്പുകളിലൂടെ ഒഴുകുമ്പോള്‍.

പതമഴ ഉണ്ടാകാനുള്ള മറ്റൊരു കാരണം നദികളിലെയും അരുവികളിലെയുമൊക്കെ ജലപ്രവാഹമാണ്. നദികള്‍, അരുവികള്‍ തുടങ്ങിയ ശക്തമായ ജലപ്രവാഹമുള്ള പ്രദേശങ്ങള്‍, അല്ലെങ്കില്‍ പാറക്കെട്ടുകള്‍, അണക്കെട്ടുകള്‍ അല്ലെങ്കില്‍ വെള്ളച്ചാട്ടങ്ങള്‍ എന്നിവയിലൂടെ വെള്ളം ഒഴുകുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം വായുവുമായും ജൈവവസ്തുക്കളുമായും കലരുമ്പോള്‍ പതകളുടെ രൂപീകരണത്തിന് കാരണമാകും.

വ്യാവസായിക മാലിന്യങ്ങള്‍ അതായത് മലിനജലം, ഫെര്‍ട്ടിലൈസേര്‍സ് തുടങ്ങിയവ ജലാശയങ്ങളില്‍ എത്തിയാല്‍ അവയുടെ സര്‍ഫക്ടന്റ് ഗുണങ്ങള്‍ പതകളുടെ രൂപീകരണത്തിന് കാരണമാകുകയും ചെയ്‌തേക്കാം. മാത്രമല്ല സംസ്‌കരിക്കാത്ത മലിനജലത്തിന്റെയും വ്യാവസായിക മാലിന്യങ്ങളുടെയും ഉയര്‍ന്ന സാന്ദ്രത തടാകങ്ങളിലെ ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും നുര രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും. എന്നാല്‍ തൃശൂരില്‍ പതമഴയുണ്ടായ പ്രദേശങ്ങളില്‍ നിലവില്‍ ഫാക്ടറികളൊന്നും പ്രവര്‍ത്തിക്കുന്നില്ല.

Content Highlights: What is foam rain, and its reason?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us