
വർഷം തോറും ഇന്ത്യയിലെ വായുമലിനീകരണത്തിന്റെ തോത് കുതിച്ചു കയറുകയാണ്. ഓരോ വർഷവും രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അടക്കം നിരവധി പേരാണ് വായുമലീനികരണത്തിന്റെ ഇരകളാവുന്നത്. മലിനീകരണം തടയാനായി കേന്ദ്ര മലിനീകരണ നിയന്ത്രണ പദ്ധതിക്കായി പരിസ്ഥിതി മന്ത്രാലയം കോടിക്കണക്കിന് രൂപ അനുവദിച്ചിരുന്നു. എന്നാൽ അനുവദിച്ച തുകയുടെ ഒരു ശതമാനം മാത്രമാണ് 2024-25 സാമ്പത്തിക വർഷത്തിൽ ഉപയോഗിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലുടനീളം വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും രാജ്യത്തെ ജലത്തിന്റെ ഗുണനിലവാരവും ശബ്ദ നിലവാരവും നിരീക്ഷിക്കുന്നതിനൊപ്പം ഉചിതമായ വായു മലിനീകരണ ലഘൂകരണ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി 858 കോടി രൂപയായിരുന്നു പരിസ്ഥിതി മന്ത്രാലയം അനുവദിച്ചത്. എന്നാൽ ഇതിൽ 7.22 കോടി മാത്രമാണ് ചെലവഴിച്ചത്.
പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പാർലിമെന്റിൽ സമർപ്പിച്ചത്. 'മലിനീകരണ നിയന്ത്രണ' പദ്ധതിയുടെ തുടർച്ചയ്ക്കുള്ള അനുമതി കാത്തിരിക്കുന്നതിനാൽ ആണ് ഫണ്ടിന്റെ വിനിയോഗം നടത്താൻ സാധിക്കാത്തതെന്നാണ് മന്ത്രാലയം നൽകിയ മറുപടി.
എന്നാൽ മന്ത്രാലയത്തിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി വിലയിരുത്തിയത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ വാർഷിക വിഹിതത്തിന്റെ 27% ത്തിലധികം വരുന്ന തുക (858 കോടി രൂപ) ഉപയോഗിക്കപ്പെടാതെ കിടക്കുന്നത് ഞെട്ടല് ഉണ്ടാക്കുന്നുണ്ടെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി പറഞ്ഞു.
രാജ്യത്തെ വായുമലിനീകരണത്തിന്റെ സാഹചര്യം വളരെ ഭയാനകമാണെന്നും എല്ലാവരെയും ബാധിക്കുന്നുണ്ടെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. 'വായുവിന്റെ ഗുണനിലവാരം വഷളാകുന്നതിന്റെ ഗുരുതരമായ വെല്ലുവിളിയെ മന്ത്രാലയം അഭിസംബോധന ചെയ്യേണ്ട സമയത്ത്, ബന്ധപ്പെട്ട പദ്ധതിയുടെ തുടർച്ചയെക്കുറിച്ച് തീരുമാനിക്കാൻ മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല, അതിന്റെ ഫലമായി പദ്ധതിക്കായി അനുവദിച്ച ഫണ്ടിന്റെ 1% പോലും ഇതുവരെ വിനിയോഗിച്ചിട്ടില്ല', എന്നായിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ വിലയിരുത്തൽ.
Content Highlights: 858 crore allocated for pollution control only 7.22 crore spent environment ministry FY 2024