
മനുഷ്യര്‍ കടുത്ത ചൂടും മഴയും മഞ്ഞുമെല്ലാം അതിജീവിക്കാന്‍ കഴിവുളളവരാണെന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസിലാകും. കാലക്രമേണ നിരവധി മാറ്റങ്ങളുണ്ടായെങ്കിലും ആളുകള്‍ ഇപ്പോഴും വ്യത്യസ്ത കാലാവസ്ഥകളില്‍ തന്നെയാണ് ജീവിക്കുന്നത്. തണുത്തുറഞ്ഞ സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ജനവാസമില്ലാത്ത, ചെടികളും മരങ്ങളുമെല്ലാം ക്രമേണ കുറവായ ഒരിടമായിരിക്കും നമ്മുടെ മനസിലേക്ക് ഓടിയെത്തുക. എന്നാല്‍ റഷ്യയിലെ സൈബീരിയയിലുളള ഒരു നഗരത്തിലെ കഥ വ്യത്യസ്തമാണ്. ഭൂമിയില്‍ തന്നെ ഏറ്റവും തണുപ്പുളള നഗരമാണ് യാകുത്സ്‌ക്. അത് പക്ഷെ ജനവാസമില്ലാത്ത പ്രദേശമല്ല, മറിച്ച് ജനങ്ങള്‍ മറ്റേത് സ്ഥലത്തെയും പോലെ സ്വാഭാവികമായ ജീവിതം നയിക്കുന്നയിടമാണ്.
ട്രാവല്‍ വ്ളോഗറായ അങ്കിത കുമാര്‍ അടുത്തിടെ യാകുത്സ്‌ക് സന്ദര്‍ശിച്ച വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. യാകുത്സ്‌കിലെ ഒരു മാര്‍ക്കറ്റില്‍ നിന്നുമുളള വീഡിയോയാണ് അവര്‍ പങ്കുവെച്ചത്. പ്രദേശത്ത് കൊടും തണുപ്പായതിനാല്‍ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ ഒന്നും കേടായി പോകാറില്ലെന്നും നഗരം മുഴുവന്‍ ഒരു ഓപ്പണ്‍ ഫ്രീസറായി മാറുമെന്നും അവര്‍ പറയുന്നു.
'ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുളള നഗരമാണിത്. ശൈത്യകാലത്ത് താപനില -60 ഡിഗ്രിയിലേക്ക് താഴുകയും നഗരം മുഴുവന്‍ ഒരു 'തുറന്ന ഫ്രീസറോ ഐസ് ബോക്സോ' ആയി മാറുകയും ചെയ്യും. അവരുടെ മാര്‍ക്കറ്റുകളെല്ലാം തന്നെ തുറന്നതാണ്. കാരണം ഇവിടെയുളള ഒന്നും തന്നെ കേടായി നശിച്ച് പോകില്ല. ഈ പ്രദേശത്തുളളവര്‍ മാംസാഹാരമാണ് കൂടുതലായും കഴിക്കുന്നത്. ഇവിടുത്തെ മത്സ്യമാര്‍ക്കറ്റുകളില്‍ ദുര്‍ഗന്ധമുണ്ടാവില്ല. കുതിര മാംസം, മുയല്‍ മാംസം, റെയിന്‍ഡീര്‍ മാംസം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഭക്ഷണം. ഇവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്ന് കുതിരയുടെ കരളാണ്'- അങ്കിത പറഞ്ഞു. സസ്യാഹാരികളായ സഞ്ചാരികള്‍ യാകുത്സ്‌ക് സന്ദര്‍ശിക്കുമ്പോള്‍ റെഡി ടു ഈറ്റ് ഭക്ഷണമോ ഡീഹൈഡ്രേറ്റഡ് ഭക്ഷണ വസ്തുക്കളോ കയ്യില്‍ കരുതണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മിക്കപ്പോഴും മഞ്ഞുമൂടി കിടക്കുന്ന യാകുത്സ്‌കില്‍ 3.5 ലക്ഷം ജനങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. നഗരത്തില്‍ അല്‍റോസ എന്നൊരു കമ്പനി വജ്ര ഖനി നടത്തുന്നുണ്ട്. പ്രദേശവാസികളില്‍ ഭൂരിഭാഗം പേരും ഈ ഖനിയില്‍ ജോലി ചെയ്യുന്നവരാണ്. ശൈത്യകാലത്ത് ഇത്രയധികം തണുത്തുറഞ്ഞ യാകുത്സ്‌കില്‍ പക്ഷെ വേനല്‍ക്കാലമാകുമ്പോള്‍ ലണ്ടനിലേക്കാള്‍ ചൂടായിരിക്കും ഉണ്ടാവുക.
Content Highlights :This is the coldest city on Earth. This is a place where people live as naturally as anywhere else