മറ്റൊരു ഭൂമിയാകുമോ K2-18b? ജീവന്റെ സാന്നിധ്യത്തിന് ശക്തമായ തെളിവ്; നിര്‍ണായക കണ്ടെത്തല്‍

നമ്മുടെ സൗരയൂഥത്തിനപ്പുറത്തുള്ള ജീവന്റെ ഏറ്റവും ശക്തമായ അടയാളങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍

dot image

ഭൂമിക്ക് പുറത്ത് മറ്റെവിടെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടാകുമോ എന്ന് കണ്ടെത്താന്‍ വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ ഗവേഷണങ്ങളില്‍ നിര്‍ണായകമായ കണ്ടെത്തലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നമ്മുടെ സൗരയൂഥത്തിനപ്പുറത്തുള്ള ജീവന്റെ ഏറ്റവും ശക്തമായ അടയാളങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചത്.

ഭൂമിയില്‍ കാണപ്പെടുന്ന ജൈവ പ്രക്രിയകള്‍ വഴി മാത്രം ഉല്‍പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സൂചനകളാണ് ഒരു വിദൂര അന്യഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കണ്ടെത്തിയത്. K2-18b എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തെ കുറിച്ച് പഠനങ്ങള്‍ നടത്തുന്ന കേംബ്രിഡ്ജ് സംഘമാണ് കണ്ടെത്തലുകള്‍ക്ക് പിന്നില്‍.

ഡൈമെഥൈല്‍ സള്‍ഫൈഡ് (DMS), ഡൈമെഥൈല്‍ ഡൈസള്‍ഫൈഡ്(DMDS) എന്നീ വാതകങ്ങളാണ് കണ്ടെത്തിയത്. ഈ ഗ്രഹത്തില്‍ സൂക്ഷ്മജീവികളുണ്ടെന്നതിന്റെ സൂചനയാണ് ഈ വാതകങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ സൂചനകള്‍ മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. നിലവിലെ കണ്ടെത്തലുകള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജീവന്റെ സാന്നിധ്യമുള്ള ഒരു അന്യഗ്രഹ ലോകം സംബന്ധിച്ച ആദ്യ സൂചനകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമിയിലെ ജ്യോതിശാസ്ത്രജ്ഞനും ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ രചയിതാവുമായ നിക്കു മധുസൂദനന്‍ പ്രതികരിച്ചത്. സൗരയൂഥത്തനിനപ്പുറമുള്ള ജീവന്‍ തേടിയുള്ള അന്വേഷണങ്ങളുടെ നിര്‍ണായക ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയേക്കാള്‍ നിരവധി മടങ്ങ് വലിപ്പമുള്ള ഗ്രമാണ് K2-18b.

Content Highlights: Scientists Find Strongest Evidence Yet Of Life On An Alien Planet

dot image
To advertise here,contact us
dot image