ആയിരക്കണക്കിന് ഭീമന്‍ മുട്ടകള്‍ക്ക് 'അടയിരിക്കുന്ന' വെള്ളത്തിനടിയിലെ അഗ്നിപര്‍വ്വതം

മെര്‍മെയ്ഡ് പഴ്‌സുകള്‍ എന്നറിയപ്പെടുന്ന ഈ മുട്ടകള്‍ പസഫിക് വൈറ്റ്‌സ്‌കേറ്റ് എന്ന സമുദ്ര ജീവികളുടെയാണ്

dot image

ഭൂമി നിരവധി അത്ഭുതങ്ങളാണ് അതിന്റെ മടിത്തട്ടില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. മനുഷ്യനെ അത്ഭുതപ്പെടുത്തുകയും അവിശ്വസനീയമെന്നുപോലും തോന്നിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള വേറിട്ട കാഴ്ചകളാണ് ചിലപ്പോഴൊക്കെ ഭൂമി കരുതി വച്ചിരിക്കുന്നതും. അത്തരത്തിലൊരു അത്ഭുതവും ആശ്ചര്യവും നിറഞ്ഞ കാഴ്ചയാണ് കാനഡയിലെ വാന്‍കൂവര്‍ ദ്വീപിനടുത്തുള്ള വെള്ളത്തിനടിയിലുള്ള അഗ്നിപര്‍വ്വതത്തിന്റെ അതിമനോഹരമായ കാഴ്ച.

ആയിരകണക്കിന് ഭീമന്‍ മുട്ടകളാണ് ഈ അഗ്നിപര്‍വ്വതത്തിന്റെ അടിയിലുള്ളത്.'മെര്‍മെയ്ഡ്‌സ് പഴ്‌സുകള്‍' എന്ന് വിളിക്കപ്പെടുന്ന ഈ മുട്ടകള്‍ നിഗൂഡതകള്‍ നിറഞ്ഞ ഒരു സമുദ്ര ജീവിയായ പസഫിക് വൈറ്റ് സ്‌കേറ്റിന്റേതാണ്. സമുദ്ര ജലത്തില്‍ പൊതുവേ തണുപ്പ് ഉളളതിനാല്‍ അഗ്നി പര്‍വ്വതത്തില്‍ നിന്നുള്ള ചൂട് ഈ മുട്ടകള്‍ക്ക് ഇന്‍ക്യുബേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 2019ലാണ് ആദ്യമായി അഗ്നിപര്‍വ്വതത്തിന് മുകളിലെ മുട്ടകള്‍ കണ്ടെത്തുന്നത്.

'ബാത്തിരാജ സ്പിനോസിസിമ' എന്നറിയപ്പെടുന്ന പസഫിക് വൈറ്റ് സ്‌കേറ്റ് തണുത്ത പസഫിക് ജലാശയങ്ങളിലാണ് വസിക്കുന്നത്. ഈ ഇനത്തിലെ പെണ്‍ സ്‌കേറ്റ് വലിയ മുട്ടകളാണ് ഇടുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരാന്‍ നാല് വര്‍ഷം വരെ സമയമെടുക്കും. ഈ വര്‍ഷങ്ങളില്‍ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചൂട് മുട്ടയ്ക്കുള്ളിലെ ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

വെളളത്തിനടിയിലുളള ഈ അഗ്നിപര്‍വ്വതം കാലങ്ങളായി നിഷ്‌ക്രിയമായി കണക്കാക്കപ്പെട്ടിരുന്നു. 2019തില്‍ സമുദ്ര ജീവ ശാസ്ത്രജ്ഞന്‍ ചെറിസ് ഡു പ്രീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു അന്വേഷണത്തില്‍ ഈ അഗ്നിപര്‍വ്വതം വീണ്ടും കണ്ടെത്തുകയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ഏകദേശം 3,600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കടല്‍ത്തീര പര്‍വതം സമുദ്രോപരിതലത്തിന് ഏകദേശം 0.93 മുതല്‍ 0.99 മൈല്‍ വരെ താഴെയാണ് സ്ഥിതി ചെയ്യുന്നത്.

അഗ്‌നിപര്‍വ്വതം ചൂടുള്ളതും ധാതുക്കളാല്‍ സമ്പന്നവുമായ ജലം പുറപ്പെടുവിക്കുന്നുണ്ടെന്നും സമുദ്ര ജീവികള്‍ക്ക് ആവശ്യമുള്ള ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതായും കണക്കാക്കപ്പെടുന്നു.

2023-ല്‍ നടന്ന ഒരു ഗവേഷണത്തില്‍ ശാസ്ത്രജ്ഞർ ഒരു പ്രത്യേക കനേഡിയന്‍ സമുദ്രപ്രദേശത്ത് ഒരു പസഫിക് വൈറ്റ് സ്‌കേറ്റ് മുട്ടയിടുന്നത് കണുകയും ഈ നിഗൂഢ ജീവിവര്‍ഗത്തിന്റെ പ്രത്യുത്പാദന സ്വഭാവങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠനം നടത്തുകയും ചെയ്തിരുന്നു. ഒന്നിലധികം ജീവിവര്‍ഗങ്ങള്‍ ഈ സവിശേഷ സ്ഥലത്തെ പ്രകൃതിദത്ത നഴ്‌സറിയായി ഉപയോഗിക്കുന്നുവെന്നതിന് തെളിവുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അത്തരം അഗ്‌നിപര്‍വ്വത ആവാസ വ്യവസ്ഥകളുടെ വിശാലമായ പാരിസ്ഥിതിക പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

Content Highlights :These eggs, known as mermaid purses, belong to a marine creature called the Pacific whiteskate

dot image
To advertise here,contact us
dot image