കാക്കയ്ക്ക് കണക്കറിയാം; ജ്യാമിതീയ രൂപങ്ങള്‍ തിരിച്ചറിയാന്‍ കാക്കയ്ക്ക് കഴിയുമെന്ന് പഠനം

കാക്കകള്‍ക്ക് മനുഷ്യര്‍ക്ക് സമാനമായി ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് അവബോധമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു

dot image

നൂറ്റാണ്ടുകളായി, ജ്യാമിതീയ രൂപങ്ങളെക്കുറിച്ചുള്ള അവബോധത്തില്‍ നമുക്ക് മാത്രമേ അറിവുള്ളൂ എന്നാണ് മനുഷ്യര്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും വസ്തുക്കളുടെ ആകൃതി, ഘടന, അതിന്റെ കോണുകള്‍, ബിന്ദുക്കള്‍ സമാന്തര രേഖകള്‍ എന്നിവയൊക്കെ തിരിച്ചറിയാനുള്ള കഴിവ് മനുഷ്യന്റെ അറിവിന്റെ അടയാളമായും കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ കണക്കിലുള്ള ഈ അറിവ് മനുഷ്യന് മാത്രമല്ല കാക്കകള്‍ക്കുമുണ്ട്. കാക്കകള്‍ക്ക് ജ്യാമിതീയ രൂപങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് ജര്‍മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തിയത്. ബുദ്ധിയുടെ കാര്യത്തില്‍ പേരുകേട്ട കാക്കകള്‍, ഇപ്പോള്‍ ആകൃതികളും ജ്യാമിതീയ ക്രമവും കണ്ടെത്താനുള്ള കഴിവുകൂടി തെളിയിച്ചിരിക്കുന്നു. ഒരു കൂട്ടം ജ്യാമിതീയ രൂപങ്ങളില്‍ നിന്ന് ഒരെണ്ണം കണ്ടെത്താന്‍ അവയ്ക്ക് കഴിയും. ചതുരങ്ങള്‍ പോലെ സ്ഥിരമായ സവിശേഷതയുള്ള ആകൃതികളാണ് ഇവയ്ക്ക് കണ്ടെത്താന്‍ എളുപ്പം.

ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്ന ആദ്യത്തെ മനുഷ്യേതര ജീവിയാണ് കാക്ക. എന്നാല്‍ കുരങ്ങുകളില്‍ നടത്തിയ മുന്‍ ഗവേഷണങ്ങളില്‍, അവയ്ക്ക് ചതുര്‍ഭുജങ്ങളെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് കണ്ടെത്തിയിരുന്നു.അതുകൊണ്ടുതന്നെ ജ്യാമിതീയ അറിവുകള്‍ മനുഷ്യനു മാത്രമായിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പഠനത്തിലെ മുഖ്യ ഗവേഷകനായ ആന്‍ഡ്രിയാസ് നീഡര്‍ പറയുന്നത് ഇപ്രകാരമാണ്. 'നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതാണ് ജ്യാമിതീയ ക്രമം, മനുഷ്യര്‍ക്ക് മാത്രമേ കണ്ടെത്താന്‍ കഴിയൂ എന്ന വാദം ഇപ്പോള്‍ വ്യാജമാണ്, കാരണം കാക്കയും അക്കാര്യത്തില്‍ മിടുക്കനാണ്'.

പത്ത് വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ട് ആണ്‍ കാക്കകളെയാണ് നീഡറും സംഘവും പരീക്ഷിച്ചത്. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ രൂപങ്ങള്‍ കാണാനും മനസിലാക്കാനും കാക്കകള്‍ക്ക് പരിശീലനം നല്‍കി. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അഞ്ച് ദ്വിമാന രൂപങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു ബാഹ്യരൂപം കണ്ടെത്താന്‍ കാക്കകളെ പരിശീലിപ്പിച്ചിരുന്നു. സ്‌ക്രീനില്‍ രൂപങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ കാക്കകള്‍ രൂപങ്ങള്‍ കണ്ട കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കൊത്തുകയാണുണ്ടായത്. അതുപോലെ നാല് വശങ്ങളുള്ള ആകൃതികളില്‍നിന്ന് ഒരു ബാഹ്യരൂപം കണ്ടെത്തുന്നത് കാക്കകള്‍ക്ക് എളുപ്പമാണെന്നും കണ്ടെത്തി. ചതുര്‍ഭുജങ്ങളുടെ ശ്രേണിയില്‍നിന്ന് വ്യത്യസ്തമായത് കണ്ടെത്താന്‍ പക്ഷേ കാക്കകള്‍ക്ക് ബുദ്ധിമുട്ടായിരുന്നു.അതുപോലെ തന്നെ നാല് വശങ്ങളുള്ള 2Dആകൃതിയുള്ള റോംബസ് കണ്ടെത്താന്‍ മനുഷ്യനെ പോലെ തന്നെ കാക്കകള്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇത് കാക്കകള്‍ക്കും മനുഷ്യര്‍ക്കുമിടയിലുള്ള ജ്യാമിതീയ കഴിവുകളുടെ സമാനതകള്‍ എടുത്തുകാണിക്കുന്നതാണ്.

Content Highlights :Studies say crows have an awareness of geometric shapes similar to humans

dot image
To advertise here,contact us
dot image