'സാരിയോട് പെരുത്തിഷ്ടം'; ഇതാ ചില സാരിവിശേഷങ്ങള്‍

സാരിയെ വളരെ ഇഷ്ടപ്പെടുന്ന, പ്രശസ്തരായ ചിലരുടെ സാരി ഇഷ്ടങ്ങളിങ്ങനെ

സ്നേഹ ബെന്നി
1 min read|21 Dec 2024, 12:36 pm
dot image

ഇന്ന് ലോക സാരി ദിനമാണ്. ഇന്ത്യന്‍ വനിതകളാണ് ലോക സാരി ദിനം എന്ന ആശയം മുന്നോട്ട് വച്ചത്. സാമൂഹികമായി സാരിയുടെ മൂല്യം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യമാണ് സാരി ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഈ ദിവസം ആഘോഷിക്കപ്പെടുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. നമ്മുടെയിടയില്‍ സാരിയെ വളരെ ഇഷ്ടപ്പെടുന്ന കുറച്ച് പ്രശസ്തരായ വനിതകളെയും അവരുടെ സാരി ഇഷ്ടങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

മാല പാര്‍വതി

'കോട്ടന്‍ സാരികളാണ് ഏറ്റവും ഇഷ്ടം. നോര്‍മല്‍ വെയറിന് ലിനന്‍ സാരീസ് ഹാന്‍ഡ് ലൂം സാരീസും ധരിക്കാറുണ്ട്. എന്തെങ്കിലും പ്രോഗ്രാമുകള്‍ക്ക് കൂടുതലും ഉടുക്കാന്‍ ഇഷ്ടം കാഞ്ചീപുരമാണ്. എന്റ സാരീ കളക്ഷനില്‍ 300 എണ്ണം എങ്കിലുമുണ്ടെന്നാണ് എന്റെ വിശ്വാസം. കോട്ടണ്‍ സാരികളാണ് കൂടുതലും വാങ്ങിക്കാറ്. പ്രീഡിഗ്രി കാലം തൊട്ട് സാരിയാണ് ഉടുക്കുന്നത്. ധരിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വസ്ത്രവും സാരിയാണ്. മറ്റ് ഡ്രസുകള്‍ ഇടുന്നത് വളരെ അപൂര്‍വമാണ്. എന്തെങ്കിലും ഗൗരവമായിട്ടുള്ള പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സാരി എനിക്ക് നിര്‍ബന്ധമാണ്. സാരി പലരും ഗിഫ്റ്റായിട്ടൊക്കെ തരാറുണ്ട് അതൊക്കെ ഞാന്‍ സൂക്ഷിച്ചു വയ്ക്കാറുണ്ട്. കൂടാതെ എന്റെ അമ്മ എല്ലാ പിറന്നാളിനും ഓണത്തിനുമൊക്കെ സാരി വാങ്ങി തരാറുണ്ട്. ആ സാരികളോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ട്രെന്‍ഡ് സാരികള്‍ക്കൊപ്പം പോകാറില്ല, ഏതു സമയത്തും ഉടുക്കാന്‍ കഴിയുന്ന സാരികളാണ് എപ്പോഴും വാങ്ങിക്കാറ്. എനിക്ക് ഏറ്റവും കംഫര്‍ട്ടബിളായിട്ടുള്ള ഡ്രസ് സാരി തന്നെയാണ്. സിനിമയിലും കൂടുതലും സാരി ഉടുക്കുന്ന കഥാപാത്രങ്ങള്‍ തന്നെയാണ് കിട്ടിയിരിക്കുന്നത്. അതു കൊണ്ട് മറ്റ് ഡ്രസുകള്‍ അധികം ധരിക്കേണ്ടതായി വന്നിട്ടില്ല.

ഇന്ദു മേനോന്‍

സാരിക്ക് ഒരു മനുഷ്യനെ അടിമുടി മാറ്റാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ എഴുത്തിലേക്ക് കടന്ന ഒരാളാണ് ഞാന്‍. ഒരുപാട് മുതിര്‍ന്ന ആളുകളുമായിട്ട് ഇടപഴകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രായത്തിന്റെ കാര്യത്തില്‍ ചെറിയ ഒരാള് എന്ന നിലയില്‍ എന്നെ പലരും കണ്ടിട്ടുണ്ട്. അതിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഞാന്‍ സാരി ഉടുത്ത് തുടങ്ങിയത്. സാരി ഉടുക്കുമ്പോള്‍ പല വേദികളിലും കൂടുതല്‍ ബഹുമാനം കിട്ടുന്നതു പോലെ തോന്നും. നമ്മളെ പക്വത ഉള്ള ഒരാളെന്ന നിലയില്‍ എല്ലാരും കാണുമെന്ന തോന്നല്‍ എനിക്കുണ്ടായി. മറാത്തി, നുവാരി, ബംഗാളി, ഐയ്യര്‍ അങ്ങനെ പലതരം രീതിയില്‍ സാരികളുണ്ട് സാധാരണയായി കണ്ടു വരുന്ന നിവി സ്‌റ്റൈലില്‍ സാരി ഉടുക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. കോട്ടണ്‍ സാരികളോ സില്‍ക്ക് സാരികളോ ആണ് ഏറ്റവും കൂടുതല്‍ ഇഷ്ടം. കൂടാതെ മധ്യപ്രദേശിന്റെ ചന്ദേരി സാരി, തെലങ്കാനയുടെ മംഗളഗിരി സാരി, തമിഴ്നാടിന്റെ ചുങ്ക്ടി സാരി, മണിപ്പൂരിന്റെ മൊയ്റാംസി ഇതൊക്കെ എന്റെ ഇഷ്ടപ്പെട്ട സാരികളാണ്. എന്റെ സാരി കളക്ഷനില്‍ എനിക്ക് ഒരാള്‍ അയാളുടെ അമ്മയുടെ മരണത്തിന് ശേഷം ആ അമ്മയുടെ സാരി എനിക്ക് തന്നിരുന്നു ആ സാരി എനിക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടതാണ്.

ദീപ നിശാന്ത്

കുട്ടിക്കാലത്തെ ടീച്ചറാകാനും എയര്‍ഹോസ്റ്റസാകാനൊക്കെ ആയിരുന്നു താല്പര്യം. പിന്നെ ആ കാലത്ത് ഇഷ്ടമുള്ള നടി സുഹാസിനി ആയിരുന്നു. അതുകൊണ്ടു തന്നെ സുഹാസിനിയെ പോലെ സാരി ഉടുക്കണമെന്ന ചിന്ത കുട്ടിക്കാലം തൊട്ട് മനസില്‍ കയറിയിരുന്നു. സാരി ഉടുത്തുതുടങ്ങിയ കാലം തൊട്ട് എന്റേതായ ഒരു സ്‌റ്റൈല്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ആദ്യമൊക്കെ സാധാരണ സാരികളാണ് ഉടുത്തിരുന്നത്, ആദ്യകാലത്ത് ഡാര്‍ക്ക് കളര്‍ സാരികളോടാണ് താല്പര്യം പിന്നീട് പേസ്റ്റല്‍ കളറുകളോടായി ഇഷ്ടം. എപ്പോഴും കോട്ടന്‍ സാരികളോട് തന്നെയാണ് ഇഷ്ടം. സാരി അയണ്‍ ചെയ്യാന്‍ മടിയായതു കൊണ്ട് അലസമായി ഇടാനാണ് ഇഷ്ടം പിന്നീട് അതൊരു സ്‌റ്റൈലായി മാറി. ആദ്യമായിട്ട് സാരി ഉടുക്കുന്നത് പ്രീഡിഗ്രി സെന്റോഫിനാണ്. അന്ന് ഒരു പച്ചസാരിയാണ് ഉടുത്തിട്ടുണ്ടായിരുന്നത്. അന്ന് എനിക്കത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ചേരാത്ത ഒരു വേഷംപോലെയാണ് എനിക്ക് തോന്നിയത്. എങ്ങനെയാണ് ആളുകള്‍ സാരി ഉടുക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ബിഎഡിന് പോയപ്പോള്‍ സാരി നിര്‍ബന്ധമായിരുന്നു. ആ കാലത്താണ് സാരി ഭംഗിയായി ഉടുക്കാന്‍ പഠിച്ചത്. നമ്മള്‍ നമ്മളെ തന്നെ ആദ്യം ഇഷ്ടപ്പെടണം. എനിക്ക് തന്നെ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഭംഗിയുണ്ടെങ്കിലേ എനിക്ക് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആത്മവിശ്വാസം തോന്നാറുള്ളു. സാരി ഉടുക്കുമ്പോള്‍ എനിക്ക് ആ ആത്മവിശ്വാസം കിട്ടാറുണ്ട്. എന്റെ ഒരു സ്റ്റുഡന്റ് ജോലികിട്ടിയപ്പോള്‍ ഒരു മാമ്പഴ കളര്‍ സാരി വാങ്ങിച്ചു തന്നിരുന്നു അത് എനിക്ക് എന്നും പ്രിയപ്പെട്ടത് തന്നെയായിരുന്നു. പിന്നെ കൂടുതലും ഞാന്‍ തന്നെയാണ് എനിക്ക് സാരി സമ്മാനിക്കാറ്.

സ്മൃതി പരുത്തിക്കാട്

സാരിയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറയുകയാണെങ്കില്‍ പ്രിഡിഗ്രി കാലം മുതല്‍ സാരിയുടുത്ത് തുടങ്ങിയതാണ്. അക്കാലത്തൊക്കെ വല്ലപ്പോഴും ഉടുക്കുമായിരുന്നു. പിന്നെ ജോലി കിട്ടിയതോടെ സ്ഥിരമായി വാങ്ങി തുടങ്ങി. എനിയ്ക്ക് ഏറ്റവും ചേരുന്നത് സാരി ആണെന്ന് തോന്നിയിട്ടുണ്ട്. കാണുന്നവരും അതാണ് പറയാറ്. പൊതുവെ കോട്ടണ്‍ സാരികളോടാണ് ഇഷ്ടം. അതില്‍ത്തന്നെ പല തരം ഉണ്ടല്ലോ.കഞ്ഞിയോക്കെ മുക്കി വടി പോലെ നില്‍ക്കുന്ന സാരി ഉടുക്കാന്‍ ഇഷ്ടമേയല്ല. ജോര്‍ജറ്റ്, സില്‍ക്ക്, പട്ടു സാരികളൊക്കെ എന്റെ കളക്ഷനില്‍ ഉണ്ട്.. പൊതുവെ ലൈറ്റ് വെയിറ്റ് സാരികളോടാണ് ഇഷ്ടം കൂടുതല്‍. ഗിഫ്റ്റായിട്ടൊക്കെ ഒരുപാട് സാരികള്‍ കിട്ടാറുണ്ട്. അമ്മയുടെ 35 വര്‍ഷം പഴക്കമുള്ള സാരി തൊട്ട് ഈ മാസം വാങ്ങിയത് വരെയുണ്ട് അലമാരയില്‍. സാരികള്‍ കെടുപറ്റാതെ വളരെ സൂക്ഷിച്ചാണ് വയ്ക്കാറുള്ളത്. സാരിയ്‌ക്കൊപ്പം ബ്ലൗസിലും പല പരീക്ഷങ്ങള്‍ നടത്താറുണ്ട്.ബ്ലൗസ് കൂടി മനോഹരമാകുമ്പോഴല്ലേ സാരിയുടുക്കുന്ന ഭംഗി ഒന്നുകൂടി എടുത്തറിയൂ.

Content Highlights: saree day special

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us