അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതിന്റെ ഭാഗമായി നടത്തിയ അത്താഴ വിരുന്നില്‍ തിളങ്ങി നിതാ അംബാനി. നിതാ അംബാനി ധരിച്ച സാരിയാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. സംസ്‌കാരവും പാരമ്പര്യവും കൂട്ടിച്ചേര്‍ത്തുള്ള മനോഹരമായ സാരിയായിരുന്നു നിതാ അംബാനി ധരിച്ചത്. പ്രശസ്ത ഇന്ത്യന്‍ ഡിസൈനര്‍ കരുണ്‍ തെഹ്ലാനിയാണ് സാരി ഡിസൈന്‍ ചെയ്തത്.
കണ്‍ടെംപററി സ്റ്റൈലിലുള്ള പ്രശസ്തമായ ജാമേവര്‍ സാരിയായിരുന്നു നിത അംബാനി ധരിച്ചിരുന്നത്. 1900 മണിക്കൂറെടുത്താണ് സാരി തയ്യാറാക്കിയിരിക്കുന്നത്. പാരമ്പര്യത്തനിമയും ആധുനികതയും ഒരുപോലെ ഇഴ ചേര്‍ത്താണ് സാരി രൂപകല്പന ചെയ്തിരിക്കുന്നത്.
ക്ലാസിക് ആരി വര്‍ക്കുകളും ഫ്രഞ്ച് നോട്ട്‌സും ഉള്‍പ്പെടുന്ന മനോഹരമായ പാറ്റേണാണ് സാരിയുടേത്. ഡിസൈന്‍ പെയിന്റ് ചെയ്ത ശേഷം സൂക്ഷ്മമായി നെയ്‌തെടുക്കുകയായിരുന്നുവെന്ന് തെഹ്ലാനി പറഞ്ഞു.
പൊതു ഇടങ്ങളില്‍ ഇന്ത്യന്‍ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടാനാണ് നിതയ്ക്ക് താല്പര്യമെന്ന് തെഹ്ലാനി പറഞ്ഞു. ജാമേവാര്‍ അടക്കമുള്ള പരമ്പരാഗത തുണിത്തരങ്ങളുടെ വിപുലമായ ശേഖരം നിതയുടെ കൈവശമുണ്ട്. ട്രംപിന്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ചുളള അത്താഴ വിരുന്നില്‍ ജാമേവാറിന്റെ ഒരു മോഡേണ്‍ ലുക്കാണ് അവര്‍ തിരഞ്ഞെടുത്തതെന്നും ഇന്ത്യയുടെ പാരമ്പര്യത്തനിമ അതില്‍ പ്രകടമായിരിക്കണമെന്ന നിബന്ധന നിതയ്ക്കുണ്ടായിരുന്നുവെന്നും തെഹ്ലാനി പറഞ്ഞു. ഇന്ത്യയുടെ വസ്ത്ര വൈവിധ്യം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടിയാണ് അവര്‍ ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തതെന്ന് തരുണ്‍ തെഹ്ലാനി കൂട്ടിച്ചേര്‍ത്തു.
കോളർനെക്ക് ബ്ലൗസാണ്സാരിയ്ക്ക് നിതാ അംബാനി സ്റ്റൈൽ ചെയ്തിരിക്കുന്നത്. വജ്ര നെക്ലസും മുത്തുകള്‍ പതിച്ച കമ്മലും ബ്രേസ്ലെറ്റുമാണ് നിതയുടെ ആക്‌സസ്‌റീസ്.
Content Highlights: Nita Ambani shines in Jamevar saree