
97-ാം ഓസ്‌കർ വേദിയിൽ മലയാളി സാന്നിധ്യവും. നോമിനേഷൻ ലഭിച്ച ഇന്ത്യൻ അഭിനേത്രി അനന്യ ശാൻഭാഗ് ഓസ്‌കർ വേദിയിൽ എത്തിയത് മലയാളി താരവും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് തയ്യാറാക്കിയ വസ്ത്രം ധരിച്ചായിരുന്നു. കൈത്തറിയിലാണ് വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്.
കൈത്തറിയില്‍ തയ്യാറാക്കിയ വസ്ത്രം ധരിച്ച് ഓസ്കർ വേദിയിലെത്തുകയും അത് ലോകത്തിന് മുന്നിൽ ശ്രദ്ധേയമാവുകയും ചെയ്തിതിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കൈത്തറി ഉല്പന്നങ്ങൾ ലോകവേദികളിൽ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്‌ളാദകരമായ കാര്യമാണെന്നും ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോകവനിതാ ദിനത്തിലാണ് പിണറായി വിജയൻ പൂർണിമയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. പ്രാണ എന്ന ബ്രാൻഡിലാണ് പൂർണിമ തന്റെ ഡിസൈനുകൾ തയ്യാറാക്കുന്നത്. പൂർണിമയുടെ നേട്ടത്തിനെ അഭിനന്ദിച്ച് മല്ലിക സുകുമാരനും എത്തി. കേരളത്തിന്റെ തനിമ ലോകത്തിനു മുന്നിലെത്തിച്ചത്തിനും ഒപ്പം കുടുംബത്തിനും അഭിമാനമായ മോൾക്ക് അമ്മയുടെ ആശംസകൾ എന്നായിരുന്നു മല്ലികയുടെ വാക്കുകൾ.
പ്രിയങ്ക ചോപ്ര നിർമിച്ച 'അനുജ'യിലെ അഭിനയത്തിനായിരുന്നു അനന്യ ഷാൻഭാഗിന് ഓസ്‌കർ നോമിനേഷൻ ലഭിച്ചത്. നേരത്തെ കാൻസ് ഫിലിഫെസ്റ്റിവലിൽ പങ്കെടുക്കാനായി ദിവ്യ പ്രഭയ്ക്കുള്ള വസ്ത്രം തയ്യാറാക്കിയതും പൂർണിമയുടെ പ്രാണയായിരുന്നു.
ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ദി മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ ഗ്രാൻഡ് ഓപ്പണിംഗ് എന്നിവയിൽ പങ്കെടുക്കുന്നതിനായി ദിവ്യ പ്രഭ, നിമിഷ സജയൻ, ഗീതു മോഹൻദാസ്, ശാന്തി ബാലചന്ദ്രൻ, പാർവതി തിരുവോത്ത് എന്നിവരും പ്രാണയുടെ വസ്ത്രങ്ങളായിരുന്നു ധരിച്ചത്.
Content Highlights: Actress Ananya Shanbhag wore a handloom dress made by Poornima in Oscars, CM congratulates her