
അയ്യായിരം കോടി മുടക്കി അത്യാഡംബരത്തോടെ നടത്തിയ ഇന്ത്യ കണ്ട ഏറ്റവും വലിയ കല്യാണമായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകനായ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള സെലിബ്രിറ്റികളാണ് ഈ വിവാഹത്തിന് എത്തിയത്. ലോകം മുഴുവന്‍ ആരാധകരുള്ള കിം കര്‍ദാഷിയാനും സഹോദരി ക്ലോയി കര്‍ദാഷിയാനും വിവാഹത്തിനെത്തിയിരുന്നു. ഇരുവരുടേയും ഇന്ത്യയിലേക്കുള്ള ആദ്യ വരവായിരുന്നു ഇത്. എന്നാല്‍ അംബാനി കുടുംബത്തെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കിം കര്‍ദാഷിയാന്‍. ദ കര്‍ദാഷിയാന്‍സിലാണ് അവരുടെ തുറന്നുപറച്ചില്‍.' യഥാര്‍ഥത്തില്‍ എനിക്ക് അംബാനിമാരെ അറിയില്ല. പക്ഷെ, തീര്‍ച്ചയായും ഞങ്ങള്‍ക്ക് പൊതുസുഹൃത്തുക്കള്‍ ഉണ്ട്.' കിം പറഞ്ഞു. അംബാനി കുടുംബത്തിനായി ആഭരണങ്ങള്‍ രൂപകല്പന ചെയ്ത ലോറെയ്ന്‍ ഷ്വാട്‌സ് വഴിയാണ് ഇവര്‍ വിവാഹത്തിലെ അതിഥികളാകുന്നത്.
'ലോറെയ്ന്‍ ഷ്വാട്‌സ് ഞങ്ങളുടെ നല്ല സുഹൃത്തുക്കളിലൊരാളാണ്. അവള്‍ ഒരു ആഭരണക്കച്ചവടക്കാരിയാണ്. അംബാനി കുടുംബത്തിനായി ആഭരണങ്ങള്‍ രൂപകല്പന ചെയ്തത് അവരാണ്. അവരുടെ വിവാഹത്തിന് അവള്‍ പോകുന്നുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. നിങ്ങളെ ക്ഷണിക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ പിന്നെന്താ പോകാമെന്ന് ഞങ്ങള്‍ പറഞ്ഞു.' വീഡിയോയില്‍ കിം പറയുന്നു. ഗുജറാത്തിലെ ജാം നഗറിലേക്കുള്ള 48 മണിക്കൂര്‍ നീണ്ട യാത്രയുടെ ചില ദൃശ്യങ്ങളും അവര്‍ വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്.
വിവാഹ ക്ഷണക്കത്തിനെ കുറിച്ചും കിം വിവരിക്കുന്നുണ്ട്. '18-20 കിലോ ഭാരമുള്ളതായിരുന്നു വിവാഹ ക്ഷണക്കത്ത്. അത് തുറക്കുമ്പോള്‍ സംഗീതം പൊഴിക്കുമായിരുന്നു. അമിതാവേശം നിറയ്ക്കുന്ന അനുഭവമായിരുന്നു അത്. ക്ഷണക്കത്ത് കണ്ടതും ഇങ്ങനെയുള്ള ഒന്നിനോട് ഒരിക്കലും No പറയരുതെന്ന മാനസികാവസ്ഥയിലായി ഞങ്ങള്‍.' ക്ലിയോ പറയുന്നു. എന്നാല്‍ വിവാഹം സന്തോഷം മാത്രം നല്‍കിയ ഒന്നായിരുന്നില്ലെന്നും കര്‍ദാഷിയാന്‍ സഹോദരിമാര്‍ പറയുന്നുണ്ട്. ഷ്വാട്‌സില്‍ നിന്ന് വിവാഹത്തിന് അണിയാന്‍ വാങ്ങിയ ഡയമണ്ട് നെക്ലേസിലെ ഒരു ഡയമണ്ട് കാണാതായത് തങ്ങളെ വല്ലാതെ സംഭ്രമിപ്പിച്ചുവെന്ന് കിം ഓര്‍ക്കുന്നു.' അതൊരു വലിയ ഡയമണ്ട് നെക്‌ലേസ് ആയിരുന്നു. മാര്‍ച്ചട്ട പോലെയുള്ള ഒന്ന്. അതില്‍ മുത്തുകളും പിയറിന്റെ ആകൃതിയിലുള്ള വലിയ ഡയമണ്ടുകളും തൂങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു രൂപകല്പന.' കിം പറയുന്നു. നെക്‌ലേസില്‍ നിന്ന് ഡയമണ്ട് വീണുപോകുകയായിരുന്നു. 'അത് ചിലപ്പോള്‍ എന്റെയോ നിന്റെയോ വസ്ത്രത്തിലോ മാറിലോ ഉണ്ടായിരുന്നിരിക്കാം. അറിയില്ല.'കിം പറയുന്നു. തനിക്ക് ഇത്രമേല്‍ ദുഃഖം തോന്നിയ നിമിഷമുണ്ടായിട്ടില്ലെന്നും അവര്‍ ഓര്‍ക്കുന്നു. ഡയമണ്ട് നഷ്ടപ്പെട്ടതിന്റെ ദുഃഖത്തില്‍ ആരേയും ആലിംഗനം ചെയ്യാനും നന്നായി സംസാരിക്കാനും പറ്റിയില്ലെന്നും അവര്‍ പറയുന്നുണ്ട്.
ഡാനി ലെവിയാണ് വിവാഹത്തിന് കിമ്മിനെ സ്റ്റൈല്‍ ചെയ്തത്. വിവാഹത്തിനായി മനീഷ് മല്‍ഹോത്രയുടെ ചുവന്ന നിറത്തിലുള്ള ലെഹങ്ക സാരിയാണ് അവര്‍ തിരഞ്ഞെടുത്തത്. ക്ലോയി ബീജ് നിറത്തിലുള്ള ലെഹങ്ക സാരിയും.
Content Highlights: Kim Kardashian reveals she attended Ambani wedding on a whim despite not knowing them