ഭക്ഷണത്തിൽ വിവിധ വെറൈറ്റികൾ പരീക്ഷിക്കാൻ താൽപര്യമുള്ളവരാണ് ഇന്ത്യക്കാർ. ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ വേണ്ടി മാത്രം വിദേശത്ത് നിന്നു വരുന്നവരും ധാരാളമാണ്. ഏതാനും നാളുകൾക്ക് മുൻപാണ് കെ-പോപ് താരം ജങ്കൂക്ക് തന്റെ ഇന്ത്യൻ ഭക്ഷണത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്. ചിക്കൻ മഖനി-നാൻ ആണ് തന്റെ ഇഷ്ട ഭക്ഷണമെന്ന് താരം പറഞ്ഞിരുന്നു. അത്തരത്തിൽ ഇന്ത്യൻ ഭക്ഷണങ്ങളെ പ്രണയിച്ച വിദേശ താരങ്ങൾ ഇവരൊക്കെയാണ്,
ജോണി ഡെപ്പ്
ഹോളിവുഡിന്റെ സ്വന്തം ജാക്ക് സ്പാരോ, ജോണി ഡെപ്പ് 48 ലക്ഷം രൂപയാണ് ഇന്ത്യൻ ഭക്ഷണത്തിനായി ചെലവഴിച്ചത്. ബർമിംഗ്ഹാമിലെ ഏറ്റവും വലിയ ഇന്ത്യൻ റെസ്റ്റോറൻ്റാണ് ഈയടുത്ത് ഡെപ്പ് സന്ദർശിച്ചത്. ചിക്കൻ ടിക്ക മസാലയും കിംഗ് പ്രോൺ ഭുനയും ഷാംപെയ്നുമാണ് നടൻ കഴിച്ചത്. സുഹൃത്തുക്കളോടൊത്ത് ഭക്ഷണം കഴിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ടോം ക്രൂസ്
ഇന്ത്യയുടെ പ്രിയ ഗായിക ആശാ ഭോസ്ലെയുടെ യു കെയിലുള്ള ഇന്ത്യൻ റെസ്റ്റോറന്റിൽ ഹോളിവുഡ് നടൻ ടോം ക്രൂസ് എത്തിയിരുന്നു. എത്ര കഴിച്ചിട്ടും മതിയാകാതെ ഒന്നിൽ കൂടുതൽ തവണയാണ് ടോം ചിക്കൻ ടിക്ക എന്ന വിഭവം ഓർഡർ ചെയ്ത് കഴിച്ചത്. നടന് ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെട്ടതായും വീണ്ടും വ്യത്യസ്ത ചിക്കൻ വിഭവങ്ങൾ കഴിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വൈറലായ ചിത്രങ്ങളിൽ താരം തന്നെയാണോ ഇതെന്ന് സംശയം പ്രകടിപ്പച്ചവർക്ക് മറുപടിയായി പിന്നീട് റെസ്റ്റോറന്റ് തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
റോബർട്ട് പാറ്റിൻസൺ
സ്പൈസി ഇന്ത്യൻ ഭക്ഷണത്തിന്റെ ആരാധകനാണ് നടൻ റോബർട്ട് പാറ്റിൻസൺ. ഇന്ത്യൻ സ്റ്റൈലിലുള്ള ചിക്കൻ കബാബിനായി റോബർട്ട് എത്ര നേരം കാത്തിരിക്കാനും തയ്യാറാണ്. ന്യൂയോർക്കിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ താരമെത്തിയ ചിത്രങ്ങൾ പാപ്പരാസികൾ പങ്കുവെച്ചിരുന്നു. 'ടെനറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം മുംബൈയിലെത്തിയ സമയത്ത് ബട്ടർ ചിക്കൻ വിഭവത്തിന് പേരുകേട്ട ഒരു പ്രമുഖ റെസ്റ്റൊറന്റ് സന്ദർശിച്ചിരുന്നു. പിന്നീട് അദ്ദേഹം താമസിക്കുന്ന സ്ഥലത്തും വീണ്ടും ഇതേ ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു.
പോൾ റൂഡ്
'ആന്റ് മാൻ' താരം പോൾ റൂഡിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്ന് എത്രപേർക്കറിയാം. ലണ്ടണിലെ ഒരു ഇന്ത്യൻ ഭക്ഷണശാലയായ ഡാർജിലിങ് എക്സ്പ്രസില് അദ്ദേഹം ഇന്ത്യൻ താലിയും കൊൽക്കത്ത ദം ബിരിയാണിയും പരീക്ഷിച്ചിരുന്നു. അദ്ദേഹം ബിരിയാണി കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്ത്യയിലടക്കം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ടോം ഹോളണ്ടും സെൻഡയയും
'സ്പൈഡർ-മാൻ നോ വേ ഹോം' താരം ടോ ഹോളണ്ടും നടി സെൻഡയയും ഈയടുത്താണ് ഇന്ത്യയിൽ സന്ദർശനം നടത്തിയത്. ഇന്ത്യൻ ഭക്ഷണങ്ങൾ പരീക്ഷിച്ചു മടങ്ങിയ ഇരുവരും യുകെയിൽ തിരിച്ചെത്തിയ ഉടൻ തന്നെ ഇന്ത്യൻ ഭക്ഷണം കഴിക്കാനായി മിഷെലിൻ-സ്റ്റാർ ഇന്ത്യൻ റെസ്റ്റോറന്റിൽ എത്തിയിരുന്നു. ഇന്ത്യൻ നോൺ-വെജ് കറികളോടുള്ള ടോം ഹോളണ്ടിന്റെ ഇഷ്ടം താരം തന്നെ പറഞ്ഞിരുന്നു.