കോഫി, ചോക്ലേറ്റ്, ബിയർ.....കാലാവസ്ഥാ വ്യതിയാനം ഭീഷണിയാവുന്ന ആഹാരപദാർത്ഥങ്ങളുടെ പട്ടികയാണ്. ഇപ്പോഴിതാ ഈ പട്ടികയിൽ ഏറ്റവും പുതിയതായി ഇടംപിടിച്ചിരിക്കുന്നത് ബിസ്കറ്റും കുക്കീസുമൊക്കെ ഉൾപ്പെടുന്ന ഡെസേർട്ടുകളാണ്. കാരണം മറ്റൊന്നുമല്ല, പഞ്ചസാരയുടെ വിലവർധന!
2011 മുതൽ പഞ്ചസാര വിലയിൽ ക്രമമായ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബ്രസീലാണ് ഏറ്റവും വലിയ പഞ്ചസാര ഉല്പാദകർ. ഇന്ത്യയും തായ്ലൻഡുമാണ് പഞ്ചസാര ഉല്പാദനത്തിൽ തൊട്ടുപിന്നാലെയുള്ള രാജ്യങ്ങൾ. ഈ രണ്ട് രാജ്യങ്ങളിലെയും വരൾച്ച പഞ്ചസാര ഉല്പാദനത്തെ ദോഷകരമായി ബാധിച്ചു, ഫലമോ ലഭ്യതക്കുറവും വിലക്കയറ്റവും.
2023ലെ ആഗോളതാപന തോത് അതുവരെയുള്ളതിലെ ഏറ്റവും ഉയർന്നതായിരുന്നു. വരൾച്ച, മോശം കാലാവസ്ഥ തുടങ്ങിയവയൊക്കെ ഇതുമൂലം സംഭവിക്കുകയും പഞ്ചസാര ഉൾപ്പടെയുള്ളവയുടെ ഉല്പാദനത്തെ കൂടിയ അളവിൽ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കരിമ്പ് കൃഷിയെ കാലാവസ്ഥാ വ്യതിയാനം ദോഷകരമായി ബാധിച്ചു, പഞ്ചസാര ഉല്പാദനം കുറഞ്ഞു. അങ്ങനെ പഞ്ചസാര ഉപയോഗിച്ചുള്ള വിഭവങ്ങളായ ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, മറ്റ് ഡെസേർട്ടുകൾ എന്നിവയുടെ വില കുത്തനെ ഉയരാൻ തുടങ്ങി.
2023ൽ പഞ്ചസാരയുടെയും മധുരപലഹാരങ്ങളുടെയും വിലയിൽ 8.9 ശതമാനം വർധന ഉണ്ടായെന്നാണ് അമേരിക്കയിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷവും 5.6 ശതമാനത്തിൽ കുറയാത്ത വർധന വിലയിലുണ്ടാകുമെന്ന് യുഎസ് ഡിപാർട്ട്മെന്റെ ഓഫ് അഗ്രികൾച്ചർ വിലയിരുത്തുന്നു. കഴിഞ്ഞ നവംബറിൽ തന്നെ കാഡ്ബറി, ഓറിയോസ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ ഉല്പന്നങ്ങളുടെ വില വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കൊക്കോ കൃഷിയെ സാരമായി ബാധിച്ചുതുടങ്ങിയതോടെ നേരത്തെ തന്നെ ചോക്ലേറ്റ് വില ഉയർന്നു തുടങ്ങിയിരുന്നു. അപ്പോ മറക്കണ്ട, മധുരപലഹാരങ്ങളും മിഠായികളുമൊക്കെ ഇനി കയ്ക്കും......!