ഏഴ് മാസം മുൻപായിരുന്നു നിക്കോളാസിന്റെ ഏറ്റവും ഒടുവിലത്തെ വീഡിയോ പബ്ലിഷ് ചെയ്തത്. തീരെ ആരോഗ്യകരമല്ലാത്ത തരത്തിൽ ശരീര ഭാരം കൂടിയ നിക്കോളാസിനെ അന്ന് കമൻ്റ് സെക്ഷനിൽ പലരും കളിയാക്കി, ചിലർ ഉപദേശിച്ചു. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള തരത്തിലായിരുന്നു അന്ന് നിക്കോളാസിന്റെ രൂപം. എന്നാൽ ഈ കഴിഞ്ഞ ദിവസം നിക്കോളാസ് പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടുള്ള ആ വീഡിയോയിൽ 114 കിലോഗ്രാം ശരീര ഭാരം കുറച്ച് നിക്കോളാസിനെയാണ് കാണാൻ സാധിച്ചത്. ഇത് ഇൻ്റർനെറ്റിൽ ഏറെ ആശ്ചര്യം ജനിപ്പിച്ചിരിക്കുകയാണിപ്പോൾ.
4.15 മില്യൺ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലിൽ, ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതും അതിന്റെ റിവ്യൂ പറയുന്നതുമായ വീഡിയോകളാണ് നിക്കോകാഡോ അവകാഡോ എന്ന യു ട്യൂബ് ചാനലിൽ കൂടുതലും. 8 വർഷങ്ങൾക്ക് മുൻപാണ് നിക്കോളാസ് തന്റെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. തുടക്കകാലത്തിൽ മെലിഞ്ഞ ശരീര പ്രകൃതം ഉണ്ടായിരുന്ന നിക്കോളാസിന്റെ ശരീര ഭാരം കൂടിവന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഈ കഴിഞ്ഞ വർഷത്തോടെ ശരീര ഭാരം അമിതമാവുകയും ഇതുമായി ബന്ധപ്പെട്ട വലിയ ബുള്ളിയിങ്ങുകൾ നിക്കൊളാസ് നേരിടുകയും ചെയ്തിരുന്നു. വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിന്റെ എണ്ണം കുറഞ്ഞപ്പോൾ നിക്കോളാസ് അസുഖ ബാധിതനാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു.
ചാനലിലെ അവസാന വീഡിയോ പുറത്ത് വിട്ടത് 7 മാസങ്ങൾക്ക് മുൻപായിരുന്നു. ഇതിന് ശേഷം വീഡിയോകൾ പോസ്റ്റ് ചെയ്യാതിരുന്നതിനാൽ ഹാർട്ട് അറ്റാക്കിൽ നിക്കോളാസ് മരണപെട്ടു എന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ഉടനീളം പ്രചരിച്ചു. ഈ സമയത്താണ് 'I'm always one step ahead' എന്ന് പറഞ്ഞ തുടങ്ങുന്ന വീഡിയോ പുറത്ത് വിടുന്നത്. ജയന്റ് പാണ്ഡെയുടെ മുഖമൂടി വെച്ചാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയിൽ 'നിങ്ങൾ ഇതുവരെ കണ്ടിടത്തോളം സ്വപ്നമാണെന്നും ഇതാണ് റിയാലിറ്റി' എന്നും നിക്കോളാസ് പറയുന്നുണ്ട്. 114 കിലോ ആണ് താൻ കുറച്ചതെന്നും വെളിപ്പെടുത്തുന്നുണ്ട്. കമന്റ് സെക്ഷനിൽ ആളുകൾ അവരുടെ അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ 'It was all a dream' എന്നുമാത്രമാണ് നിക്കോളാസിന് നൽകാനുള്ള മറുപടി.