രാഷ്ട്രീയ വിവാദങ്ങളിൽപ്പെട്ട് പ്രധാനചർച്ചാ വിഷയമായിരിക്കുകയാണ് തിരുപ്പതി ലഡു. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന ചന്ദ്രബാബു നായിഡുവിൻ്റെ വെളിപ്പെടുത്തലാണ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി തെളിച്ചിരിക്കുന്നത്. ഇത്തരത്തിൽ കൊടുംപിരി കൊള്ളുമ്പോൾ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ തിരുപ്പതി ലഡുവിനെക്കുറിച്ചറിയാം. തിരുപ്പതി ലഡു വെറും ലഡുവല്ല. അങ്ങനെ വെറുതെ ഉണ്ടാക്കുന്നതുമല്ല. അറിയാം തിരുപ്പതി ലഡുവിന്റെ വിശേഷങ്ങൾ.
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ സ്ഥിതി ചെയ്യുന്ന തിരുമല ക്ഷേത്രത്തിൽ 'ലഡ്ഡു' പ്രസാദമായി നൽകുന്ന പാരമ്പര്യം 300 വർഷത്തിലേറെ പഴക്കമുള്ളതാണ്. പോട്ടു എന്ന പ്രത്യേക അടുക്കളയിലാണ് ലഡു തയ്യാറാക്കുന്നത്. 175ഗ്രാം ആണ് ലഡുവിന്റെ ഭാരം. തലമുറകളായി ഒരു പ്രത്യേക വിഭാഗക്കാരാണ് ഇത് തയാറാക്കുന്നത്. ലഡു പാചകം ചെയ്യുന്ന ആളുകൾക്കുമുണ്ട് പ്രത്യേകത. അവർ തങ്ങളുടെ തല മൊട്ടയടിക്കുകയും വഴിപാട് തയ്യാറാക്കുമ്പോൾ വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യും. വിദഗ്ധരായ 600 പാചകക്കാരാണ് ഈ ലഡു നിർമ്മാണത്തിൽ പങ്കാളികളാകുന്നത്.
പ്രീമിയം ക്വാളിറ്റിയുളള നെയ്യാണ് തിരുപ്പതി ലഡുവിന്റെ ഒരു പ്രധാനപ്പെട്ട ചേരുവ. ഇത് കൂടാതെ മറ്റ് എട്ട് ചേരുവകൾ കൂടി ചേർത്താണ് ലഡു തയാറാക്കുന്നത്. ചെറുപയർ മാവ്, പഞ്ചസാര, കശുവണ്ടി, ഏലക്കായ, ഉണക്കമുന്തിരി, അരി, പഞ്ചസാര കട്ടകൾ എന്നിവയാണ് മറ്റ് ചേരുവകൾ. ആദ്യ കാലങ്ങളിൽ അതായത് രണ്ട് നൂറ്റാണ്ടോളം വിറകടുപ്പാണ് ചേരുവകൾ തയാറാക്കാൻ ഉപയോഗിച്ചിരുന്നത്. പിന്നീട് ആധുനിക സംവിധാനങ്ങളോട് കൂടിയ അടുക്കളയിലായി പാചകം.
400 മുതൽ 500കിലോ വരെ നെയ്യ്, 750 കിലോ ഗ്രാം കശുവണ്ടി, 500 കിലോ ഉണക്കമുന്തിരി, 200 കിലോ ഏലയ്ക്ക എന്നിവയാണ് ഒരു ദിവസത്തെ ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഒരു വർഷം അഞ്ച് ലക്ഷം കിലോ നെയ്യ് ലേലത്തിലൂടെ ക്ഷേത്രം വാങ്ങാറുണ്ട്. നെയ്യുടെ വിതരണക്കാരെ തിരഞ്ഞെടുക്കുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്. വിതരണക്കാർ കൊണ്ടുവരുന്ന നെയ്യുടെ ഗുണനിലവാരവും,അത് നിൽക്കുന്ന ഫാക്ടറിയും അതിന്റെ പരിസരവും ഒക്കെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയാണ് വിതരണക്കാരെ തിരഞ്ഞെടുക്കുന്നത്.
അത്തരത്തിൽ ഓരോന്നിന്റെയും ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ചേരുവകളെല്ലാം അടുക്കളയിലേക്ക് എത്തിക്കുന്നത്. ലോകോത്തര നിലവാരമുള്ള ലാബിലാണ് ലഡു പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുന്നത്. ഓരോ ലഡുവിലും കൃത്യമായ അളവിൽ കശുവണ്ടി, പഞ്ചസാര, ഏലയ്ക്ക എന്നിവ ഉണ്ടായിരിക്കണം.
ഒരു ദിവസം 3.5 ലക്ഷം ലഡുവരെ ഇവിടെ തയാററാക്കാറുണ്ട്. ഉത്സവ സീസണുകളിലും പ്രത്യേകമായുള്ള ദിവസങ്ങളിലും ലഡുവിന്റെ എണ്ണം നാല് ലക്ഷം വരെയൊക്കെ വർദ്ധിക്കും. 2014 ൽ ജി ഐ (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ) പദവി ലഭിച്ചതോടുകൂടി ക്ഷേത്രവുമായി ബന്ധപ്പെട്ടല്ലാതെ തിരുപ്പതി ലഡു എന്ന പേരിൽ ആർക്കും ലഡു വിൽക്കാൻ സാധ്യമല്ല.
ലഡുതയാറാക്കിയ ശേഷം ആദ്യത്തെ ലഡു ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് ക്ഷേത്രത്തിന്റെ അധിപനായ വെങ്കിടേശ്വര ഭഗവാന് സമർപ്പിക്കും. ഈ ലഡു ബാക്കിയുള്ള ലഡുവുമായി കൂട്ടിയോജിപ്പിച്ചാണ് ഭക്തർക്ക് വിതരണം ചെയ്യുന്നത്. ഓരോ സന്ദർശകനും ഒരു ലഡ്ഡു സൗജന്യമായി ലഭിക്കുന്നു. അധിക ലഡ്ഡു ഓരോന്നിനും 50 രൂപ നിരക്കിൽ വാങ്ങാൻ ലഭ്യമാണ്.