ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ നിസാം ക്ലബ്ബിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക നിയമലംഘനങ്ങൾ. അനാരോഗ്യകരമായ അന്തരീക്ഷത്തിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നതെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എഫ്എസ്എസ്എഐ ലൈസൻസ് ഇല്ലാതെയാണ് ഇവിടെ ഭക്ഷണം പാചകം ചെയ്ത് വിൽപ്പന നടത്തുന്നതെന്ന് അടക്കം ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുള്ള മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ, പരിസരത്തെ കീട നിയന്ത്രണ രേഖകൾ, ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ആർഒ വെള്ളത്തിൻ്റെ വാട്ടർ അനാലിസിസ് റിപ്പോർട്ട് എന്നിവ അടക്കമുള്ള രേഖകളും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിലെ അനാരോഗ്യകരമായ സാഹചര്യവും ഉദ്യോഗസ്ഥർ കണ്ടെത്തി. എപ്പോഴുമുള്ള പാറ്റകളുടെ ശല്യം, ഗ്രൈൻഡിംഗ് ഏരിയയ്ക്ക് മുകളിലുള്ള സീലിംഗിൽ നിന്ന് വെള്ളം ഒഴുകുന്നത്, റഫ്രിജറേറ്ററിൻ്റെ തകർന്ന വാതിലുകൾ, അടഞ്ഞ ഓടകൾ, വെള്ളം കെട്ടിനിൽക്കൽ തുടങ്ങി അടുക്കളയിലെ നിരവധി ശുചിത്വ പാളിച്ചകളാണ് സംഘം കണ്ടെത്തിയത്. സെപ്തംബർ 24 ചൊവ്വാഴ്ചയായിരുന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ നിസാം ക്ലബ്ബ് പരിശോധിച്ചത്.
കൃത്യമായി ലേബൽ ചെയ്യാതെയാണ് ചില ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. സ്റ്റോർ റൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന ഗോതമ്പ് പൊടിയിലും ഉഴുന്ന് പരിപ്പിലും വണ്ടുകളുടെ സാന്നിധ്യം ഉദ്യോഗസ്ഥ സംഘം കണ്ടെത്തി. ചൈനീസ് വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സിന്തറ്റിക് ഫുഡ് കളറുകൾ ഉപയോഗിക്കുന്നതിൻ്റെ തെളിവും അടുക്കളയിൽ നിന്നും കണ്ടെത്തി. സ്റ്റോർ റൂമിൽ കാണപ്പെട്ട കോസ്‌മെറ്റിക് റോസ് വാട്ടർ പുഡ്ഡിംഗ് തയ്യാറാക്കാൻ ഉപയോഗിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. തുറന്നതും മൂടിയില്ലാത്തതുമായ ചവറ്റുകുട്ടകളും കണ്ടെത്തി. ക്ലബ്ബ് സ്ഥാപിച്ച് 140 വർഷം പൂർത്തിയാകാൻ രണ്ട് ദിവസം ശേഷിക്കെയായിരുന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
1884 സെപ്റ്റംബർ 26ന് ഹൈദരാബാദിലെ ആറാമത്തെ നിസാമായ മഹ്ബൂബ് അലി ഖാൻ്റെ കാലത്താണ് ക്ലബ്ബ് സ്ഥാപിതമായത്. 1906ലാണ് നിസം ക്ലബ്ബ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലം 30,000 രൂപയ്ക്ക് വിലകൊടുത്ത് വാങ്ങിയത്. നാലേക്കർ സ്ഥലത്താണ് ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച ടെന്നീസ് താരമായ സാനിയ മിർസ നിസാം ക്ലബ്ബിലെ കോർട്ടിലാണ് ടെന്നീസിൻ്റെ ബാലപാഠം അഭ്യസിച്ചതെന്ന് ക്ലബ്ബ് അഭിമാനത്തോടെ പറയാറുള്ളതാണ്.