ഇന്ത്യൻ ഭക്ഷണങ്ങള്‍ക്കും സംസ്കാരത്തിനും ഏറെ ആരാധകരാണ് ലോകമെമ്പാടുമുള്ളത്. വൈവിധ്യമാർന്ന ഭക്ഷണവും സംസ്‍കാരവും തേടിയെത്തുന്നവർക്ക് ഇന്ത്യ മികച്ച ഇടമാണെന്നതിലും സംശയമില്ല. എന്നാൽ അത്തരത്തിൽ എത്തിയ ഒരു വിദേശ സഞ്ചാരിയായ ഇൻഫ്ലുവൻസർ നേരിട്ട ദുരനുഭവത്തിൻ്റെ വീഡിയോ പുറത്തുവരികയാണ്. നിരവധി ആളുകൾ ഇന്ത്യൻ സംസ്‍കാരത്തെ പ്രകീർത്തിക്കുമ്പോൾ പ്രശസ്ത ബ്രിട്ടീഷ് ഇൻഫ്ലുവൻസറായ സാം പെപ്പറിൻ്റെ ഇന്ത്യയിലെ അനുഭവം അത്ര സുഖകരമായിരുന്നില്ല. 'ഭാംഗ്' കഴിച്ചതിന് ശേഷം സാം പെപ്പറിന് അതിതീവ്രമായ ദഹനപ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. ഒടുവിൽ രക്തം ഛർദ്ദിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. താൻ ഇന്ത്യൻ സ്ട്രീറ്റ് മിൽക്കായ ഭാംഗ് കുടിച്ചതിന് പിന്നാലെയാണ് ഹോസ്പിറ്റലിൽ ആയതെന്നാണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്ത വീഡിയോയില്‍ സാം പെപ്പർ പറയുന്നത്.
വീഡിയോയിൽ, പെപ്പർ ആശുപത്രിയില്‍ കിടക്കുന്നതായി കാണാം. കടുത്ത വേദനയിൽ കിടക്കുന്നതും സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനിടയിൽ ആശുപത്രിയിലെ നഴ്‌സുമാർ തൻ്റെ ഐവി ഡ്രിപ്പ് വാൽവ് അഴിച്ചുവെച്ചതിനാൽ രക്തം പുറത്തേക്ക് ഒഴുകിയതായും അദ്ദേഹം പറയുന്നുണ്ട്. വിദേശികളെ കാണുമ്പോൾ ഇന്ത്യയിൽ പലരും വിചിത്രമായി പെരുമാറുന്നതിനെ പറ്റിയും പെപ്പർ വീഡിയോയിൽ പറയുന്നു.
“ഇന്ത്യയിൽ, എല്ലാവരും നിങ്ങളെ തുറിച്ചുനോക്കാൻ ശ്രമിക്കുന്നു, കാരണം അവർ മുമ്പ് ഒരു വിദേശിയെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ എൻ്റെ ഹോട്ടൽ മുറിയിലേക്ക് ആളുകൾ സെൽഫികൾ ചോദിച്ചെത്തുന്നുണ്ട് എൻ്റെ കിടക്കയിൽ മരിക്കുന്നത് കാണാനായി ജോലികൾ ചെയ്യുന്നതായി നടിച്ച് അവർ വരുന്നു.“ എന്ന് പെപ്പർ വീഡിയോയിൽ പറഞ്ഞു. വീഡിയോയുടെ അവസാനം, പെപ്പർ ചികിത്സയ്ക്കായി ബാങ്കോക്കിലേക്ക് പോവുകയാണെന്നും അറിയിക്കുന്നുണ്ട്. വീഡിയോ കണ്ടതിന് ശേഷം നിരവധിപ്പേരാണ് പ്രതികരിച്ചത്. സ്ട്രീറ്റ് ഫുഡ് ഉണ്ടാക്കുന്നതിലും കഴിക്കുന്നതിലും ഏറെ ശ്രദ്ധ വേണ്ടതുണ്ടെന്നും ആളുകൾ കമൻ്റ് ചെയ്തിട്ടുണ്ട്. പെപ്പറിന്‍റെ അശ്രദ്ധ വരുത്തിവച്ച കുഴപ്പമാണോ ഇതെന്ന് പലരും ചോദിക്കുന്നുണ്ട്. പുതിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ലഘു ഭക്ഷണങ്ങളിൽ നിന്ന് ആരംഭിക്കണമെന്നും ആവശ്യമായ മരുന്നുകള്‍ കൈയ്യിൽ കരുതുന്നത് ഗുണം ചെയ്യുമെന്നും ആളുകള്‍ പ്രതികരിക്കുന്നുണ്ട്.