മുട്ടകൊണ്ടുള്ള കാപ്പിയോ… കേള്‍ക്കുമ്പോള്‍ത്തന്നെ നെറ്റി ചുളിയുന്നുണ്ട് അല്ലേ. പേര് കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നുമെങ്കിലും ഈ മുട്ടകാപ്പി (വിയറ്റ്‌നാമീസ് എഗ് കോഫി) ഇന്ന് ലോകമെമ്പാടും വളരെ പ്രശസ്തമാണ്. 1940-കളില്‍ ഹനോയിയില്‍ നിന്നാണ് ഈ പാനീയം ഉത്ഭവിച്ചത്. അക്കാലത്ത് വിയറ്റ്‌നാമില്‍ പാലിന് ക്ഷാമം നേരിട്ടപ്പോള്‍ കോഫി മിക്‌സറായ ഗിയാങ് എന്ന മനുഷ്യനാണ് ആദ്യമായി മുട്ട കോഫി ഉണ്ടാക്കുന്നത്. അന്ന് പാലിന് പകരം മുട്ടയുടെ മഞ്ഞക്കരു ഉപയോഗിക്കുകയായിരുന്നുവത്രേ. കണ്ടന്‍സിഡ് മില്‍ക്കും പഞ്ചസാരയും മുട്ടയുടെ മഞ്ഞക്കരുവും അല്‍പ്പം വാനില എസന്‍സും ചേര്‍ത്ത് അടിച്ച് യോജിപ്പിച്ചെടുക്കുക. സാധാരണ തയ്യാറാക്കുന്നതുപോലെ കാപ്പി ഉണ്ടാക്കുക. ഒരു ഗ്ലാസിന്റെ പകുതി ഭാഗത്ത് തയാറാക്കിയ കാപ്പി ഒഴിച്ച് മുകളില്‍ മുട്ട മിശ്രിതം ഒഴിക്കുക. ഇതിന് മുകളില്‍ അല്‍പ്പം കൊക്കോ പൗഡര്‍ തൂവിയാല്‍ മുട്ടക്കാപ്പി സെര്‍വ് ചെയ്യാം.
ഒട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്ന് ഉത്ഭവിച്ച ടര്‍ക്കിഷ് കാപ്പിക്ക് തുര്‍ക്കിയുടെ സാംസ്‌കാരിക പൈതൃകവുമായി വളരെയധികം ബന്ധമുണ്ട്. കാപ്പിക്കുരു നന്നായി വറുത്ത് നേര്‍മയായി പൊടിച്ചാണ് ഇത് തയാറാക്കുന്നത്. ടര്‍ക്കിഷ് വിഭവങ്ങളായ ടര്‍ക്കിഷ് ഡിലൈറ്റ് അല്ലെങ്കില്‍ ബക്ലാവയുടെ കൂടെയാണ് ഈ കോഫി വിളമ്പുന്നത്. നന്നായി പൊടിച്ച കാപ്പിയും വെള്ളവും പഞ്ചസാരയും ചെമ്പുകൊണ്ട് നിര്‍മ്മിച്ച പാത്രത്തിലെടുത്ത് തിളയ്ക്കാതെ സാവധാനംചൂടാക്കിയാണ് ഈ കാപ്പി തയാറാക്കുന്നത്.
കറുവാപ്പട്ട, പൈലോണ്‍സില്ലോ,ഓറഞ്ച് തൊലി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത മെക്‌സിക്കന്‍ കോഫി ഡ്രിങ്കാണ് കഫേ ഡി ഒല്ല. ഇത് സാധാരണയായി ഒല്ല എന്ന് വിളിക്കപ്പെടുന്ന ഒരു മണ്‍പാത്രത്തിലാണ് തയ്യാറാക്കുന്നത്. അതുകൊണ്ടാണതിനെ കഫേ ഡി ഒല്ല എന്ന പേരില്‍ വിളിക്കുന്നത്. ഇതിനെ പാത്രത്തില്‍നിന്നുള്ള കോഫി എന്നും വിളിക്കാറുണ്ട്. പാത്രത്തില്‍ വെളളം ചൂടാക്കി അതിലേക്ക് കറുവാപ്പട്ട, പൈലോണ്‍സില്ലോ എന്നിവയിട്ട് അഞ്ച് മിനിറ്റ് തിളപ്പിക്കുക. അടുപ്പില്‍നിന്ന് മാറ്റി ഇതിലേക്ക് കോഫി ചേര്‍ത്തിളക്കുക. അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ഫ്‌ളേവറിനായി ഓറഞ്ച് തൊലിയോ ഗ്രാമ്പുവോ ഒക്കെ ചേര്‍ക്കാവുന്നതാണ്.
ഐസ്‌ക്രീമിനോടും കാപ്പിയോടും ഇഷ്ടമുള്ള ആളാണ് നിങ്ങളെങ്കില്‍ അഫോഗറ്റോ നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു ട്രീറ്റായിരിക്കും. ഇറ്റലിയിലെ റസ്റ്റൊറന്റുകളും കഫേകളും അഫോഗാറ്റോയെ ഒരു മധുര പലഹാരമായി തരംതിരിച്ചിട്ടുണ്ടെങ്കിലും ഇറ്റലിക്ക് പുറത്തുള്ള ചിലയിടങ്ങളില്‍ ഇതിനെ പാനീയമായി തരംതിരിക്കുന്നു. അഫോഗറ്റോയുടെ ഉത്ഭവം അജ്ഞാതമാണെങ്കിലും1950 കളിലാണ് ഇത് ഇറ്റലിയില്‍ പ്രചാരംനേടിയത്. ഒരു സെര്‍വിങ് ബൗളിലേക്കോ ഗ്ലാസിലേക്കോ കുറച്ച് ഐസ്‌ക്രീം ഇടുക. അതിലേക്ക് കാരമല്‍ സോസ്, ചോക്ലേറ്റ് സോസ്, കൊക്കോപൊടി, ഹേസല്‍നട്ട്‌സ്, പിസ ഇങ്ങനെ ഏതെങ്കിലും ടോപ്പിംഗ്‌സ് ഇട്ട ശേഷം നല്ല ചൂടുള്ള കോഫി മുകളിലൊഴിച്ചാല്‍ അഫഗറ്റോ കോഫി റെഡി.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍, കഫേ ഫ്രാപ്പെ എന്നു പേരുള്ള പലതരം ശീതള കാപ്പി പാനീയങ്ങള്‍ ഉണ്ടായിട്ടുണ്ട് ചിലത് സ്ലാഷുകള്‍ക്ക് സമാനമാണ്. മറ്റുള്ളവ ഐസ്ഡ് കോഫി പോലെയാണ്. 1950-കളില്‍ തെസ്സലോനിക്കിയില്‍ നടന്ന ഒരു അന്താരാഷ്ട്ര വ്യാപാര മേളയില്‍ ആകസ്മികമായി കണ്ടുപിടിച്ച കാപ്പിയാണ് ഗ്രീക്ക് ഫ്രാപ്പെ. നെസ്ലെ കമ്പനിയിലെ ജീവനക്കാരനായ ദിമിത്രിസ് വക്കോണ്ടിയോസാണ് ടിഐഎഫില്‍ സ്വാദിഷ്ടമായ കാപ്പി പാനീയം കണ്ടുപിടിച്ചത്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. കോഫി, പഞ്ചസാര, കുറച്ച് ഐസ് ക്യൂബുകള്‍ എന്നിവ ഷേക്കറില്‍ മിക്‌സ് ചെയ്‌തെടുക്കുകയാണിവിടെ ചെയ്യുന്നത്.
കഫേ ക്യൂബാനോ, അല്ലെങ്കില്‍ ക്യൂബന്‍ എസ്‌പ്രെസോ, ക്യൂബയില്‍ നിന്നുള്ള സമൃദ്ധവും മധുരമുള്ളതുമായ ഒരു കാപ്പിയാണ്. ക്യൂബന്‍ എസ്‌പ്രെസോ, കൊളാഡ, ക്യൂബന്‍ കോഫി, കഫെസിറ്റോ, ക്യൂബന്‍ പുള്‍, ക്യൂബന്‍ ഷൊട്ട് എന്നെല്ലാം ഈ കാപ്പി അറിയപ്പെടാറുണ്ട്. കോഫിയും പഞ്ചസാരയും മാത്രമാണ് ഇത് തയ്യാറാക്കാന്‍ ആവശ്യമായുള്ളത്. ഒരു സ്റ്റൗ ടോപ്പ് എക്‌സ്പ്രസോ മേക്കറിലോ ഇലക്ട്രിക് എക്‌സ്പ്രസോ മെഷീനിലോ ആണ് ക്യൂബന്‍ എക്‌സ്പ്രസോ തയാറാക്കുന്നത്.
ലോകമെമ്പാടുമുള്ള പലര്‍ക്കും പ്രിയങ്കരമായ ക്ലാസിക് ഐറിഷ് കോഫി 1940 കളില്‍ അയര്‍ലണ്ടില്‍ സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു. ഇതില്‍ ഐറിഷ് വിസ്‌കി, ചൂടുള്ള കോഫി, ബ്രൗണ്‍ ഷുഗര്‍ എന്നിവ അടങ്ങിയിരിക്കുന്നു, കോഫി വിളമ്പുന്നതിന് മുന്‍പ് വിപ്പിംഗ് ക്രിം മുകളില്‍ വച്ച് അലങ്കരിക്കുകയും ചെയ്യും.
1943 ലെ ശൈത്യകാലത്ത് അയര്‍ലണ്ടിലെ ലിമെറിക്കിനടുത്തുള്ള ഫോയിന്‍സ് പോര്‍ട്ടിലെ ഷെഫായിരുന്ന ജോ ഷെറിഡനാണ് ഈ കാപ്പിയുടെ സൃഷ്ടാവ്. 1940-കളുടെ തുടക്കത്തില്‍ അയര്‍ലണ്ടിന്റെ കൗണ്ടി ലിമെറിക്കിലെ ഫോയിന്‍സ്, യൂറോപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സിനും കാനഡയ്ക്കും ഇടയിലുള്ള വിമാന യാത്രയുടെ പ്രധാന സ്റ്റോപ്പ്-ഓഫ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു. ഒരു രാത്രിയില്‍ ന്യൂയോര്‍ക്കിലേക്ക് പോകേണ്ടിയിരുന്ന ഒരു യാത്രാവിമാനത്തിന് കൊടുങ്കാറ്റ് ഉണ്ടായതിനാല്‍ ഫോയ്നിലേക്ക് മടങ്ങേണ്ടി വന്നു. ആ വിമാനത്തില്‍ അന്നത്തെ പല പ്രമുഖ സെലിബ്രിറ്റികളും ഉള്‍പ്പെടെ ക്ഷീണിതരായ പല സഞ്ചാരികളുമുണ്ടായിരുന്നു. അവിടുത്തെ ഹെഡ് ഷെഫ് ജോ ഷെറിഡന്‍, ക്ഷീണവുമുള്ള യാത്രക്കാരെ ഉന്‍മേഷവാന്‍മാരാക്കുന്നതിനായി ബ്രൗണ്‍ ഷുഗര്‍, വിസ്‌കി, ക്രീം എന്നിവ കലര്‍ത്തിയ കോഫി തയ്യാറാക്കുകയായിരുന്നു. അങ്ങനെയാണ് ഐറിഷ് കോഫി ഉണ്ടായത്.