ഒരു ദിവസത്തിലെ അവസാനത്തെ കാപ്പി എപ്പോൾ കുടിക്കണം?

കാപ്പി കുടിക്കാൻ കാരണങ്ങൾ‌ കണ്ടെത്തുന്നവരാണ് നമ്മൾ. സം​ഗതി നമ്മളെ ഉഷാറാക്കിയെടുക്കുമെങ്കിലും എപ്പോഴും കുടിക്കാൻ പറ്റിയ പാനീയമല്ല കാപ്പി.

dot image

ഉണർന്നെണീറ്റാൽ ചൂടോടെ ഒരു കാപ്പി, ആഹാ ആ ദിവസം അങ്ങ് ഉഷാറാകും! ഇങ്ങനെ പറയാത്ത കോഫി ലൗവേഴ്സ് ഉണ്ടാവില്ല. ജോലിത്തിരക്കുകൾക്കിടെ ഇത്തിരി ആശ്വാസത്തിന്, ഉച്ചമയക്കത്തിന് ശേഷമുള്ള ആലസ്യത്തെ പമ്പകടത്താൻ, കൂട്ടുകാർക്കൊപ്പം സൊറ പറഞ്ഞിരിക്കാൻ, പ്രിയപ്പെട്ടവന്റെ പ്രിയപ്പെട്ടവളുടെ കൂടെയുള്ള ഇത്തിരിനേരം ആസ്വദിക്കാൻ‌….. അങ്ങനെ കാപ്പി കുടിക്കാൻ കാരണങ്ങൾ‌ കണ്ടെത്തുന്നവരാണ് നമ്മൾ. സം​ഗതി നമ്മളെ ഉഷാറാക്കിയെടുക്കുമെങ്കിലും എപ്പോഴും കുടിക്കാൻ പറ്റിയ പാനീയമല്ല കാപ്പി.

കാപ്പിയിൽ കഫീൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാമറിയാം. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അഡീനോസൈൻ എന്ന ന്യൂറോട്രാൻസ്മിറ്ററെ ബ്ലോക്ക് ചെയ്ത് ഏകാ​ഗ്രതയും ശ്രദ്ധയും നൽകാൻ സഹായിക്കുന്നതാണ് ഈ കഫീൻ. അതുകൊണ്ടാണ് രാവിലത്തെ ഉറക്കച്ചടവ് മാറ്റി ഉന്മേഷം നൽകാൻ കാപ്പി നല്ലതാണെന്ന് പറയുന്നത്. ഏകദേശം മൂന്ന് മുതൽ നാല് മണിക്കൂർ വരെ ആയുസുണ്ട് ഒരു കാപ്പിയ്ക്ക്. അത്രയും നേരം അത് ശരീരത്തെ ഊർജസ്വലമാക്കി വെക്കുന്നു.

സമയം നോക്കാതെ ധാരാളം കാപ്പി ദിവസവും കുടിക്കുന്നവരുണ്ട്. എന്നാൽ, ഇത് അത്ര നല്ലതല്ല. ഉറക്കത്തെയും ആരോ​ഗ്യത്തെയും ബാധിക്കാതെ കാപ്പി കുടിക്കണമെങ്കിൽ ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുൻപായിരിക്കണം അവസാനത്തെ കാപ്പി കുടിക്കേണ്ടത്. ഉദ്ദാ​ഹരണത്തിന് രാത്രി 11 മണിക്കാണ് ഉറങ്ങുന്നതെങ്കിൽ അവസാനത്തെ ​ഗ്ലാസ് കാപ്പി വൈകിട്ട് അഞ്ച് മണിക്കായിരിക്കണം കുടിക്കേണ്ടത്. അങ്ങനെയാകുമ്പോൾ ഉറങ്ങുന്ന സമയമാകുമ്പോഴേക്ക് കാപ്പിയുടെ ഉന്മേഷം കുറഞ്ഞ് നല്ല ഉറക്കം കിട്ടും.

‌ഓരോരുത്തരുടെയും ശരീരപ്രകൃതം അനുസരിച്ച് വ്യത്യസ്തമായാകും കാപ്പി ഊർജം നൽകുക. ചിലരുടെ ശരീരത്തിൽ കഫീൻ വലിയ രീതിയിലുള്ള മാറ്റം വരുത്താറില്ല. ചിലരെ പകൽ ഉറക്കത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലും കാപ്പി തടസമാകാറില്ല. കഫീന്‍ ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവ് കൂട്ടുമെന്ന പ്രത്യേകതയുണ്ട്. സ്‌ട്രെസ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പുറത്തുവിടും. ഉറങ്ങുമ്പോള്‍ അര്‍ദ്ധരാത്രിയില്‍ ഏറ്റവും താഴ്ന്ന നിലയിലായിരിക്കും ശരീരത്തിൽ ഈ ഹോർമോണിന്റെ അളവ്. ഉറക്കത്തെയും ഉണര്‍ച്ചയെയും നിയന്ത്രിക്കുന്ന സര്‍ക്കാഡിയന്‍ റിഥം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. രാവിലെ കഫീന്‍ അടങ്ങിയ കാപ്പി കുടിയ്ക്കുന്നത് ചിലരില്‍ ഉത്കണ്ഠയും അസ്വസ്ഥകളും സൃഷ്ടിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോര്‍ട്ടിസോളിന്റെ അളവ് നിരന്തരമായി കൂടുന്നത് ശരീരഭാരം, പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കും കാരണമായിത്തീരും. അതുകൊണ്ടുതന്നെ കാപ്പി കുടിക്കുന്നതും ഉറക്കവും തമ്മിലുള്ള വ്യത്യാസം നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അധികമായാൽ അമൃതും വിഷം എന്നത് മറക്കരുത്!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us