12 കേക്ക് സാമ്പിളുകളിൽ കാൻസറിന് കാരണമാകുന്ന നിരവധി ചേരുവകൾ കണ്ടെത്തിയതിനെത്തുടർന്ന് മുന്നറിയിപ്പുമായി കർണാടക സർക്കാർ. ജനപ്രിയ ഉത്പന്നമായ കേക്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ആരോഗ്യപരമായ മുന്നറിയിപ്പാണ് കർണാടക സർക്കാർ നൽകിയിരിക്കുന്നത്. നേരത്തെ കോട്ടൺ മിഠായിയിലും ഗോബി മഞ്ചൂറിയനിലും റോഡാമൈൻ-ബി ഉൾപ്പെടെയുള്ള കൃത്രിമ ഭക്ഷ്യ നിറങ്ങൾ ഉപയോഗിക്കുന്നത് കർണാടക സർക്കാർ നിരോധിച്ചിരുന്നു.
ബെംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളിൽ അർബുദമുണ്ടാക്കാൻ സാധ്യതയുള്ള നിരവധി പദാർത്ഥങ്ങൾ കണ്ടെത്തിയതായാണ് കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാർ പരിശോധിച്ച 235 കേക്ക് സാമ്പിളുകളിൽ 223 എണ്ണം സുരക്ഷിതമാണെന്നാണ് കണ്ടെത്തിയതെന്നാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ നൽകുന്ന വിവരം. പരിശോധിച്ച സാമ്പിളുകളിൽ 12 എണ്ണത്തിൽ അപകടകരമായ കൃത്രിമ കളറിംഗ് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കടുത്ത കളറുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ചുവന്ന വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങൾ പലപ്പോഴും കാര്യമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുന്നുവെന്ന് കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്സിഎഫ്, പോൺസോ 4ആർ, ടാർട്രാസൈൻ, കാർമോയ്സിൻ തുടങ്ങി കേക്കുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബേക്കറികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്രിമ നിറങ്ങളുടെ ഉയർന്ന ഉപയോഗം കാൻസർ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.