കുട്ടികള്‍ക്കായി 'ന്യൂജെൻ സ്വാദിൽ' ഒരുക്കാം ബേക്ക്ഡ് ഓട്ട്മീലും എനര്‍ജി ഡ്രിങ്ക്‌സും

കുട്ടികള്‍ക്ക് തയ്യാറാക്കി നല്‍കാവുന്ന ആരോഗ്യപ്രദമായ വിഭവങ്ങള്‍

dot image

കുട്ടികള്‍ക്ക് എന്ത് തയ്യാറാക്കി കൊടുക്കുമ്പോഴും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെങ്കിലും എന്നതിലുപരി പോഷക സമൃദ്ധമായ ഭക്ഷണം തന്നെ വേണം അവർക്ക് നൽകാൻ. അവര്‍ കഴിക്കാന്‍ പാകത്തില്‍ രുചികരമായതുമായിരിക്കണം ഈ ഭക്ഷണങ്ങ. ബ്രേക്ക്ഫാസ്റ്റായോ സ്‌കൂള്‍ വിട്ട് വരുമ്പോഴോ കുസൃതിക്കുരുന്നുകള്‍ക്ക് സ്വാദോടെ തയ്യാറാക്കി നല്‍കാനാവുന്ന ചില വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ പരിചയപ്പെടാം.

ഫ്രൂട്ടി ബേക്ക്ഡ് ഓട്ട്മീൽ

ആവശ്യമുള്ള സാധനങ്ങള്‍

  • ഓട്ട്സ് - 3 കപ്പ്
  • തവിട്ട് നിറത്തിലുള്ള പഞ്ചസാര (ബ്രൗൺ ഷുഗർ) - 1 കപ്പ്
  • ഉപ്പ് - 1 ടീസ്പൂൂണ്‍
  • കറുവാപ്പട്ടപ്പൊടി - 1/2 ടീസ്പൂണ്‍
  • മുട്ട അടിച്ചത് - 2 എണ്ണം വലുത്
  • പാല് - 1 കപ്പ്
  • ബട്ടര്‍ ഉരുക്കിയത് - 1/2 കപ്പ്
  • ആപ്പിള്‍ ചെറിയ കഷണങ്ങളായി അരിഞ്ഞത് - 3/4 കപ്പ്
  • കറുത്തമുന്തിരി - 1/4 കപ്പ്

തയാറാക്കുന്ന വിധം
ഓവന്‍ 350 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. എല്ലാ ചേരുവകളും ഒരുമിച്ച് ഒരു ബൗളിലെടുത്ത് ഇളക്കി യോജിപ്പിക്കുക. ഒരു ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി തയാറാക്കിവച്ച കൂട്ട് അതിലേക്കൊഴിച്ച് 35- 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ആവശ്യംപോലെ മുറിച്ച് വിളമ്പാം.

സ്ട്രോബറി യോഗര്‍ട്ട് എനര്‍ജി ഡ്രിങ്ക്

ആവശ്യമുള്ള സാധനങ്ങള്‍

  • സ്ട്രോബറി - 10 എണ്ണം
  • ഏത്തപ്പഴം - 1 എണ്ണം
  • ഐസ് - കുറച്ച്
  • പുളിയില്ലാത്ത കട്ടത്തെര് - 2 കപ്പ്

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും മിക്സിയുടെ ജാറിലിട്ട് അടിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.

ബനാന പാന്‍കേക്ക് വിത്ത് ക്യാരമല്‍ സിറപ്പ്

ആവശ്യമുള്ള സാധനങ്ങള്‍

  • ഗോതമ്പുപൊടി - 3 കപ്പ്
  • ബേക്കിംഗ് പൗഡര്‍ - 3 ടീസ്പൂണ്‍
  • പാല്‍ - 3 കപ്പ്
  • പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
  • ബട്ടര്‍ ഉരുക്കിയത് - 4 ടേബിള്‍ സ്പൂണ്‍
  • വാനില എസന്‍സ് - 2 ടീസ്പൂണ്‍
  • ഉപ്പ് - 1/2 ടീസ്പൂണ്‍
  • ഏത്തപ്പഴം - 4 എണ്ണം(രണ്ടെണ്ണം ഉടച്ചുവയ്ക്കുക, ബാക്കി വട്ടത്തില്‍ ചെറുതായി അരിഞ്ഞ് വയ്ക്കുക)
  • ക്യാരമല്‍ സോസ് - 1 1/2 കപ്പ്
  • ബട്ടര്‍ - 1/2 കപ്പ്
  • കുക്കിംഗ് ക്രീം - 1 1/2 കപ്പ്

തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ബേക്കിംഗ് പൗഡറും ഗോതമ്പുപൊടിയും അരിച്ചിടുക. അതിലേക്ക്
പഞ്ചസാരയും ബട്ടറും വാനില എസന്‍സും ചേര്‍ത്തിളക്കുക. ഇനി പാലും ഏത്തപ്പഴം ഉടച്ചതും ഒന്നിച്ചടിച്ച് അതും ചേര്‍ത്ത് കലക്കി വയ്ക്കാം.
ഒരു നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അല്‍പ്പം ബട്ടര്‍ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് കാല്‍ കപ്പ് മാവ് കോരിയൊഴിച്ച് തീകുറച്ചുവച്ച് രണ്ട് മിനിറ്റ് ചൂടാക്കി വേവിക്കുക. ഇങ്ങനെ മാവ് തീരുന്നതുവരെ കോരിയൊഴിച്ച് പാന്‍കേക്ക് ചുട്ടെടുക്കാം. കാരമല്‍സോസും ക്രീമും മുകളിലൊഴിച്ച് വിളമ്പാം.

ചോക്ലേറ്റ് കാരമല്‍ പുഡ്ഡിംഗ്

ആവശ്യമുള്ള സാധനങ്ങള്‍

  • ബട്ടര്‍-100 ഗ്രാം
  • പഞ്ചസാര-അഞ്ച് ടേബിള്‍ സ്പൂണ്‍
  • കൊക്കോ പൗഡര്‍- അഞ്ച് ടേബിള്‍ സ്പൂണ്‍
  • വെള്ളം- കാല്‍ കപ്പ്
  • തേങ്ങ ചിരകിയത്- ഒരു കപ്പ്
  • അണ്ടിപ്പരിപ്പ് ചെറുതാക്കിയത്- അര കപ്പ്
  • മാരി ബിസ്‌കറ്റ് പൊടിച്ചത്- 200 ഗ്രാം
  • വാനില എസന്‍സ്- അര ടീസ്പൂണ്‍
  • കണ്ടന്‍സിഡ് മില്‍ക്ക് -400 ഗ്രാം
  • പാല്‍- മൂന്ന് കപ്പ്
  • ചൈനാഗ്രാസ് -പത്ത് ഗ്രാം
  • വെള്ളം- ഒന്നര കപ്പ്
  • പഞ്ചസാര- ആറ് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
ബട്ടറും പഞ്ചസാരയും കൊക്കോപൗഡറും ഒരു ഡബിള്‍ ബോയിലറില്‍വെച്ച് ചൂടാക്കി കട്ടിയുള്ള കസ്റ്റാഡ് തയാറാക്കുക. അടുപ്പില്‍നിന്നും വാങ്ങിയ ശേഷം തേങ്ങ ചിരകിയത്, കശുവണ്ടി , വാനില എസന്‍സ്, ബിസ്‌ക്കറ്റ് പൊടിച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതൊരു പുഡ്ഡിംഗ് ഡിഷിലേക്ക് പകര്‍ത്തി നിരത്തുക. ചൈനാഗ്രാസ് ഒന്നര കപ്പ് വെള്ളത്തില്‍ പത്ത് മിനിറ്റ് കുതിര്‍ക്കുക. കണ്ടന്‍സിഡ് മില്‍ക്കും പാലും ഒന്നിച്ച് തിളപ്പിക്കുക. പഞ്ചസാര ചേര്‍ക്കുക. കുതിര്‍ത്ത ചൈനാഗ്രാസ് കൈകൊണ്ട് നന്നായി ഞെരടുക. അടുപ്പില്‍വച്ച് ഉരുക്കുക. ചൂടാക്കിയിട്ടിരിക്കുന്ന കണ്ടന്‍സിഡ് മില്‍ക്ക് കൂട്ടിലേക്ക് ചൈനാഗ്രാസ് ചേര്‍ക്കുക. രണ്ട് പ്രാവശ്യം അരിക്കുക. ചൂട് മാറുന്നതുവരെ ഇളക്കുക. പുഡ്ഡിംഗ് ഡിഷില്‍ ബിസ്‌ക്കറ്റ് ലയറിന്റെ മുകളിലേക്ക്് ഒഴിക്കുക. ഫ്രിഡ്ജില്‍ സെറ്റാകാന്‍ വയ്ക്കുക.

dot image
To advertise here,contact us
dot image