ഭക്ഷണത്തിനായി ഇനി ദീർഘ നേരം കാത്തിരിക്കേണ്ടെന്ന് അറിയിച്ച് സ്വിഗ്ഗി. സ്വിഗ്ഗിയുടെ പുതിയ ബോൾട്ട് സർവീസ് ഉപഭോക്താകൾക്കായി വെറും പത്ത് മിനിറ്റിൽ ഭക്ഷണം എത്തിക്കാനൊരുങ്ങുകയാണ്. സ്വിഗ്ഗിയുടെ ഈ പുതിയ ഫീച്ചർ അനുസരിച്ച്, ഉപഭോക്താവിൻ്റെ ലൊക്കേഷനിൽ നിന്ന് 2 കിലോമീറ്റർ ചുറ്റളവിലുള്ള ജനപ്രിയ റെസ്റ്റോറൻ്റുകളിൽ നിന്നോ സ്വിഗ്ഗി ബോൾട്ട് ക്വിക്ക് സർവീസ് റെസ്റ്റോറൻ്റുകളിൽ നിന്നോ ആവും ഓർഡറുകൾ സ്വീകരിക്കുക. ബർഗറുകൾ, ചൂടുള്ള പാനീയങ്ങൾ, ശീതള പാനീയങ്ങൾ, ബ്രേക്ക്ഫാസറ്റ് ഇനങ്ങൾ, ബിരിയാണി എന്നിവ പോലെ ഏറ്റവും കുറഞ്ഞ തയ്യാറെടുപ്പ് സമയം ആവശ്യമുള്ള ജനപ്രിയ വിഭവങ്ങളുടെ ഒരു നിരയാണ് ഈ സർവീസ് വാഗ്ദാനം ചെയ്യുന്നത്. ഐസ് ക്രീം, മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ തുടങ്ങിയ റെഡി-ടു-പാക്ക് വിഭവങ്ങളും ഇതിൽ ഉൾപ്പെടും.
പത്ത് വർഷം മുമ്പ്, ഒരു ഓർഡറിന്റെ ശരാശരി കാത്തിരിപ്പ് സമയം 30 മിനിറ്റായി കുറച്ചുകൊണ്ട് സ്വിഗ്ഗി ഭക്ഷ്യ വിതരണത്തിൽ വിപ്ലവം സൃഷ്ടിച്ചിരുന്നുവെന്നും, ഇപ്പോൾ തങ്ങൾ ആ കാത്തിരിപ്പ് വീണ്ടും കുറയ്ക്കുകയാണെന്നും സ്വിഗ്ഗി അറിയിച്ചു. ജനപ്രിയ വിഭവങ്ങളെ വിശ്വസനീയമായ റെസ്‌റ്റോറൻ്റുകളുമായി സഹകരിച്ച് വെറും 10 മിനിറ്റിനുള്ളിൽ മികച്ച ഭക്ഷണം എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും സ്വിഗ്ഗിയുടെ ഫുഡ് മാർക്കറ്റ്‌പ്ലെസിൻ്റെ സിഇഒയായ രോഹിത് കപൂർ അറിയിച്ചു. എന്നാൽ പരിമിതമായ റെസ്റ്റൊറെൻ്റുകളിൽ നിന്ന് പരിമിതമായ ഇനങ്ങൾ മാത്രമേ നിലവിൽ ബോൾട്ടിൽ നിന്ന് ലഭിക്കുകയുള്ളു.
2022-ൽ സ്വിഗ്ഗിയുടെ പ്രധാന എതിരാളിയായ സൊമാറ്റോ 10 മിനിറ്റിനുള്ളിൽ ഡെലിവറി നടത്താനായുള്ള പ്രോഗ്രാമിനായി ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. പകരം താരതമ്യേന കുറഞ്ഞ സമയത്തിൽ ഡെലിവറി നടത്തുന്ന സൊമാറ്റോ എവരിഡേ പുറത്തിറക്കുകയുണ്ടായി. ക്വിക്ക് കൊമേഴസ് പ്ലാറ്റ്‌ഫോമായ സെപ്പ്റ്റോയും സെപ്പ്റ്റോ കഫേ എന്ന പേരിൽ 10 മിനിറ്റിൽ ഭക്ഷണം ഡെലിവർ ചെയ്യുന്നുണ്ട്. എന്നാൽ ഇത് സ്വിഗ്ഗിയെ പോലെ റെസ്റ്റോറൻ്റുകളിൽ നിന്നല്ല ഭക്ഷണം എത്തിക്കുന്നത് പകരം അതിൻ്റെ ഡാർക്ക് സ്റ്റോറുകളിൽ നിന്നോ മൈക്രോ വെയർഹൗസുകളിൽ നിന്നോ ആണ്. നിലവിൽ സ്വിഗ്ഗിയുടെ ബോൾട്ട് സേവനം ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ഡൽഹി, പൂനെ തുടങ്ങിയ ഇടങ്ങളിലാണ് ലഭ്യമാവുന്നത്. കേരളത്തിൽ നിലവിൽ ഈ സേവനം ലഭ്യമല്ല. എന്നാൽ എത്രയും പെട്ടെന്ന് തന്നെ ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമന്നാണ് പ്രതീക്ഷിക്കുന്നുവെന്നാണ് സ്വിഗ്ഗി അറിയിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലും വൈകാതെ ഈ സേവനം എത്തുമെന്ന് പ്രതീക്ഷിക്കാം.
Content Highlights- The New Swiggy Bolt will deliver food in 10 minutes