പലപ്പോഴും ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്ന് പിന്നെ ഭക്ഷണം ഉണ്ടാക്കാൻ ആർക്കും ഒരു താത്പര്യവും ഉണ്ടാകാറില്ല. ചിലപ്പോഴൊക്കെ ഒരു നേരം അല്ലേ കഴിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന് തോന്നും. ചിലരാണെങ്കിൽ രാവിലെ ഉണ്ടാക്കിയ ബ്രേക്ക്ഫാസ്റ്റ് ആയിരിക്കും രാത്രിയും കഴിക്കുക. പ്രഭാതഭക്ഷണം രാത്രി കഴിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
പ്രധാന ഭക്ഷണം വളരെ പ്രധാനമാണ്. ഒരു ദിവസത്തെ ആരോഗ്യം മുഴുവൻ ബ്രേക്ക്ഫാസ്റ്റിനെ അനുസരിച്ച് ഇരിക്കും. എന്നാൽ ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ് രാത്രി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എന്നാൽ പ്രഭാതഭക്ഷണായി ഉപയോഗിക്കുന്നതെല്ലാം അത്താഴത്തിന് കഴിക്കുന്നത് ആരോഗ്യപ്രദമല്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രോട്ടീൻ നിറഞ്ഞതും ലഘുവായതുമായ ആരോഗ്യകരമായ പ്രഭാതഭക്ഷണം മാത്രമേ അത്താഴത്തിന് ഉപയോഗിക്കാവൂ. പൊറോട്ടയും പൂരിയും അടക്കമുള്ള ഹെവിയായ പ്രഭാതഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കണം.
അത്താഴത്തിന് ലഘുവായ പ്രഭാതഭക്ഷണം കഴിക്കുന്നത് പല കാരണങ്ങൾ കൊണ്ട് നല്ലതാണ്. ലഘുവായി തയ്യാറാക്കപ്പെടുന്ന പ്രഭാതഭക്ഷണത്തിലെ ചേരുവകൾ പലപ്പോഴും വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്നതും ഏറ്റവും പ്രധാനമായി കലോറി കുറഞ്ഞതുമാണ്. അതുകൊണ്ട് അത്താഴമായി ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ അത്താഴത്തിന് ലഘു ഭക്ഷണവും പ്രഭാതത്തിൽ ഹെവി ഫുഡ് കഴിക്കണമെന്നും പറയുന്നു. കാർബോഹൈഡ്രേറ്റ് കൂടുതൽ ഉള്ളതും പഞ്ചസാര കൂടുതൽ ഉള്ളതുമായ പ്രഭാത ഭക്ഷണങ്ങൾ ഒഴിവാക്കണം.
ഉപ്പുമാവ്, ദോശ, പാൽ, പഴങ്ങൾ, പഴങ്ങളും അണ്ടിപ്പരിപ്പും അടങ്ങിയ തൈര്, പച്ചക്കറികൾ, പുഴുങ്ങിയ മുട്ട അല്ലെങ്കിൽ ഓംലെറ്റ് എന്നിവ പ്രഭാത-അത്താഴത്തിനുള്ള നല്ല ഓപ്ഷനുകളായി ഡയറ്റീഷ്യൻമാർ അംഗീകരിച്ചിട്ടുണ്ട്. പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങളുള്ളവർ പഴങ്ങൾ അടക്കമുള്ളവ ആരോഗ്യവിദഗ്ധരുടെ ഉപദേശ പ്രകാരം വേണം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. അത്താഴത്തിന് പ്രഭാതഭക്ഷണം കഴിക്കുന്നത് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാനും തിരക്കേറിയ ജോലി സമയങ്ങളിൽ പോലും ജങ്ക് ഫുഡ് അല്ലെങ്കിൽ പുറത്തുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനുമുള്ള എളുപ്പമാർഗ്ഗമാണ്. ഇതോടൊപ്പം സമയ ക്രമീകരണവും പ്രധാനമാണ്. പഠനങ്ങൾ അനുസരിച്ച് അത്താഴം വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയുള്ള സമയത്തിന് ഇടയിൽ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉചിതം. ഒപ്പം ദഹന പ്രക്രിയക്കും നേരത്തെ അത്തരം കഴിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.