കൊറിയൻ സ്വാദറിയാം, ഇതാ 'കിംചി' റെസിപ്പി; രുചികരം, ആരോ​ഗ്യപ്രദം

നമ്മുടെ അച്ചാറ് പോലെയൊരു സൈഡ് ഡിഷ് ആണ് കൊറിയക്കാരുടെ ഈ കിംചി. അവരുടെ ദൈനംദിന ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത വിഭവമാണിത്. പച്ചക്കറികൾ പുളിപ്പിച്ചുണ്ടാക്കുന്ന ഈ വിഭവത്തിന് ആരോ​ഗ്യ​ഗുണങ്ങളും നിരവധിയാണ്.

dot image

കൊറിയൻ സം​ഗീതവും സീരിസുകളും ജനകീയമായതിനൊപ്പം മലയാളികൾക്കിടയിലേക്ക് കൂട്ടുകൂടി എത്തിയ മറ്റൊന്നുകൂടിയുണ്ട്, കൊറിയൻ ഭക്ഷണം. ടിടിയോക്ക്-ബോക്കി, ഹോട്ടിയോക്ക്, ഒഡെങ്, പാജിയോൺ, നെൻഗ്മിയോൺ, ബിബിംബപ്പ്,ബൾഗോഗി തുടങ്ങി നിരവധി ഭക്ഷണവിഭവങ്ങളാണ് കാഴ്ച്ചയായി മലയാളികൾക്കു മുമ്പിലേക്കെത്തിയത്. കണ്ടും കേട്ടുമറിഞ്ഞ് ഇവയിലേറ്റവും പ്രചാരം നേടിയത് എന്ത് എന്നതിനുത്തരം ഒന്നേയുള്ളു, കിംചി!

ഒരിക്കലെങ്കിലും കിംചി രുചിച്ചുനോക്കണമെന്ന് പറയുന്ന കെ-ഡ്രാമ പ്രേമികൾ നിരവധിയാണ്. നമ്മുടെ അച്ചാറ് പോലെയൊരു സൈഡ് ഡിഷ് ആണ് കൊറിയക്കാരുടെ ഈ കിംചി. അവരുടെ ദൈനംദിന ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത വിഭവമാണിത്. പച്ചക്കറികൾ പുളിപ്പിച്ചുണ്ടാക്കുന്ന ഈ വിഭവത്തിന് ആരോ​ഗ്യ​ഗുണങ്ങളും നിരവധിയാണ്. കാബേജ്, റാഡിഷ് അല്ലെങ്കിൽ കുക്കുമ്പർ ഉപയോ​ഗിച്ചാണ് പ്രധാനമായും കിംചി ഉണ്ടാക്കുന്നത്. കിംചിയിൽ ഏറ്റവും പ്രചാരമുള്ളത് ബേച്ചു കിംചി ആണ്, ഇത് തയ്യാറാക്കുന്നത് നാപ്പ കാബേജ് ഉപയോഗിച്ചാണ്. അതിനു ശേഷം ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് കക്ദുഗി കിംചി ആണ്, ഇതിനായി റാഡിഷ് ആണ് ഉപയോ​ഗിക്കുന്നത്. കുക്കുമ്പർ ഉപയോഗിച്ച് തയ്യാറാക്കുന്ന കിംചിക്ക് ഓയ് കിംചി എന്നാണ് പേര്. ഇവ മൂന്നും ചേർത്തും കിംചി തയ്യാറാക്കാറുണ്ട്.

കിംചി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

1.ഇടത്തരം നാപ്പ കാബേജ് റാഡിഷ് കുക്കുമ്പർ - 2 കിലോ​ഗ്രാം
2. ഉപ്പ് (കോഷർ ഉപ്പ് കൂടുതൽ അനുയോജ്യം)- കാൽ കപ്പ്
3. ഇടത്തരം സ്കില്ലിയൻസ് - 4 എണ്ണം
4. വെള്ളം- ആവശ്യത്തിന്

5. വെളുത്തുള്ളി ചതച്ചത്- 1 ടേബിൾസ്പൂൺ
6. ഇഞ്ചി ചതച്ചത്‍- 1 ടീസ്പൂൺ
7. ഗ്രാമ്പൂ- 5, 6 എണ്ണം

8. പഞ്ചസാര- 1 ടീസ്പൂൺ

9. ഗോച്ചുഗാരു ( കൊറിയൻ ചുവന്ന കുരുമുളക് തരുതരുപ്പായി പൊടിച്ചത്)- 1 മുതൽ 5 ടേബിൾസ്പൂൺ
10. ഫിഷ് സോസ്- 2 ടേബിൾസ്പൂൺ (അല്ലെങ്കിൽ 3 ടേബിൾസ്പൂൺ വെള്ളം)

11. റൈസ് തിക്ക്നർ- രണ്ട് ടേബിൾസ്പൂൺ (തയ്യാറാക്കുന്ന വിധം താഴെ കൊടുത്തിട്ടുണ്ട്)

കിംചി തയ്യാറാക്കുന്ന വിധം

*കാബേജ് നീളത്തിൽ നെടുകെ നാലായി മുറിക്കുക. തണ്ട് കളഞ്ഞശേഷം ഓരോ ഭാ​ഗവും 2 ഇഞ്ച് വീതിയുള്ള കഷ്ണങ്ങളായി മുറിക്കുക. ഒരു വലിയ പാത്രത്തിലേക്ക് ഈ കാബേജ് വയ്ക്കുക. ശേഷം അതിലേക്ക് ഉപ്പ് ചേർക്കണം. കൈകൾ ഉപയോഗിച്ച്, കാബേജിലേക്ക് ഉപ്പ് തിരുമ്മിപ്പിടിപ്പിക്കുകയാണ് വേണ്ടത്. അപ്പോൾ കാബേജ് അൽപ്പം മൃദുവാകാൻ തുടങ്ങും. രണ്ടോ മൂന്നോ മണിക്കൂർ ഇത് അതേപടി സൂക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കാൻ മറക്കരുത്. രണ്ടോ മൂന്നോ മണിക്കൂറുകൾക്ക് ശേഷം ഈ കാബേജ് വെള്ളമുപയോ​ഗിച്ച് കഴുകിയെടുക്കുക. ശേഷം വെള്ളം പൂർണമായും നീക്കം ചെയ്യുക. ഇതിനായി ഒരുണങ്ങിയ ടവ്വലിൽ കാബേജ് നിരത്തിവെക്കാവുന്നതാണ്.

*ഗ്രീൻ ഒനിയൻസ് അഥവാ സ്കില്ലിയൻസ് വലിയ കഷ്ണങ്ങളാക്കുക. ഇതും കാബേജിനൊപ്പം ചേർക്കുക.

*മസാല പേസ്റ്റ് തയ്യാറാക്കുക: ഗോച്ചുഗാരു, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, ഫിഷ് സോസ്, പഞ്ചസാര എന്നിവ ചേർത്താണ് മസാലയാക്കേണ്ടത്. എരിവിനാവശ്യമായ അളവിലാണ് ഗോച്ചുഗാരു ചേർക്കേണ്ടത്. ഈ ഘട്ടത്തിലാണ് റൈസ് തിക്ക്നർ ഇതോടൊപ്പം ചേർക്കേണ്ടത് (ഓപ്ഷണൽ). കിംചിക്ക് കൊഴുപ്പും ഫ്ലേവറും വർധിപ്പിക്കുന്നതാണിത്.

(ഒരു ടേബിൾസ്പൂൺ അരിപ്പൊടിയിലേക്ക് അരക്കപ്പ് വെള്ളമൊഴിച്ച് സോസ്പാനിൽ ചൂടാക്കുക. മീഡിയം തീയിൽ വച്ചാണ് ഇത് ഇളക്കിയെടുക്കേണ്ടത്. കട്ടിപ്പേസ്റ്റ് ആകുന്നതു വരെ ഇളക്കിക്കൊടുക്കുക. ശേഷം വാങ്ങിവച്ച് ചൂടാറിക്കഴിഞ്ഞാണ് മസാലപേസ്റ്റിലേക്ക് ചേർക്കേണ്ടത്)

*ചേരുവകൾ നല്ലതുപോലെ ലയിപ്പിച്ച ശേഷം മസാലപേസ്റ്റ് തയ്യാറാക്കിവച്ചിരിക്കുന്ന കാബേജ്- സ്കില്ലിയനിലേക്ക് തേച്ചുപിടിപ്പിക്കുക.

*ഇനിയാണ് ഫെർമെന്റേഷൻ നടക്കേണ്ടത്. ഇതിനായി കിംചി എയർടൈറ്റായ പാത്രങ്ങളിലേക്ക് മാറ്റുക. പാത്രത്തിന്റെ അടപ്പിനു താഴെയായി വലായുസഞ്ചാരത്തിനുള്ള ഇടം ഒഴിവാക്കിയിട്ടുവേണം കിംചി നിറയ്ക്കേണ്ടത്. റൂം ടെപറേച്ചറിൽ വച്ചാണ് കിംചി ഫെർമെന്റേഷന് സജ്ജമാക്കേണ്ടത്. 1 മുതൽ 5 ദിവസം വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ, മുറിയിലെ താപനിലയിൽ പാത്രം സൂക്ഷിക്കാം. ദിവസവും ഇത് പരിശോധിക്കണം. ദിവസവും ഒരുനേരം പാത്രം തുറന്ന് വൃത്തിയുള്ള സ്പൂൺ ഉപയോഗിച്ച് പച്ചക്കറികളിൽ അമർത്തി ഇതിൽനിന്നൂറിവരുന്ന വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വിധമാണെന്ന് ഉറപ്പ് വരുത്തുക. ഫെർമെന്റേഷൻ നടന്ന് കുമിളകൾ പൊങ്ങിവരുന്നത് കാണാനാവും. ആവശ്യത്തിന് പുളിപ്പായെന്ന് തോന്നിയാൽ ചെറിയ പാത്രങ്ങളിലാക്കി ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കാം.



*ആവശ്യാനുസരണം എടുത്ത് ഉപയോ​ഗിക്കാവുന്നതാണ്. അപ്പോൾ വെളുത്ത എള്ള് വിതറി കിംചി അലങ്കരിച്ച് വിളമ്പാവുന്നതാണ്. അങ്ങനെ കിംചി സാലഡ്, കിംചി ഫ്രൈഡ് റൈസ്, കിംചി ന്യൂഡിൽസ് തുടങ്ങി വിവിധ വിഭവങ്ങൾ തയ്യാറാക്കുകയും ചെയ്യാം.

Content Highlights: Korean Food Kimchi, how to make korean popular dish kimchi

dot image
To advertise here,contact us
dot image