നല്ല ഭക്ഷണവും ഭക്ഷണ രീതികളും പിന്തുടരുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ആ പ്രധാനപ്പെട്ട വിഷയത്തിൽ ഇന്ത്യയെ കണ്ട് പഠിക്കാൻ പറയുകയാണ് 2024-ലെ ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട്. ഭൂമിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് മേൽ മനുഷ്യൻ്റെ പ്രവർത്തനത്തിൻ്റെ സ്വാധീനത്തെ പറ്റിയുള്ള പഠനമാണ് ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട്. ഭക്ഷണ ശീലങ്ങളിൽ ഇന്ത്യയെ മാതൃകയാക്കണമെന്നും സുസ്ഥിരതയുള്ള ഭക്ഷണ ശീലങ്ങൾ എല്ലാ രാജ്യങ്ങളും പിന്തുടരണമെന്നും റിപ്പോർട്ട് പറയുന്നു.
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ടിൽ ജി20 രാജ്യങ്ങളിലെ ഏറ്റവും സുസ്ഥിരമായ ഭക്ഷ്യ ഉപഭോഗ രീതിയായി എടുത്ത കാട്ടുന്നത് ഇന്ത്യയുടെ ഭക്ഷ്യ രീതിയാണ്. ഇത് മാതൃകയായി സ്വീകരിച്ചാൽ 2050-ഓടെ ഭൂമിയും പ്രകൃതിയും നേരിടുന്ന പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ടിലെ സൂചന. ഇന്തോനേഷ്യയും ചൈനയുമാണ് റാങ്കിംഗിൽ ഇന്ത്യയ്ക്ക് തൊട്ടു താഴെയുള്ളത്. അർജൻ്റീന, ഓസ്‌ട്രേലിയ, യുഎസ്എ എന്നിവയാണ് ഈ പട്ടികയിൽ ഏറ്റവും മോശം ഭക്ഷണ രീതി പിന്തുടരുന്നവർ. കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള മില്ലറ്റുകളാണ് ഇന്ത്യയിലെ പ്രധാന ഭക്ഷണങ്ങളിൽ ഒന്ന്. ഇതേ മില്ലറ്റുകളുടെ ഉപഭോഗവും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങളെയും റിപ്പോർട്ട് അഭിനന്ദിക്കുന്നുണ്ട്.
പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങൾ മാത്രമല്ല ഭക്ഷ്യ രീതികൊണ്ടുണ്ടാകുന്ന ശാരീരികമായ പ്രശ്നങ്ങളേയും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. ലോകമെമ്പാടും അമിതവണ്ണം ഒരു പകർച്ചവ്യാധിയായി പടർന്ന് പിടിച്ചെന്നും മോശം ഭക്ഷണ രീതിയാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിലുണ്ട്. കൊഴുപ്പിന്റെയും പഞ്ചസാരയുടെയും, അമിത ഉപഭോഗത്തിലെ ഭയാനകമായ വർധനവാണ് റിപ്പോർട്ടിൽ ഉന്നയിക്കപ്പെട്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ആഗോള തലത്തിൽ ഏകദേശം 890 ദശലക്ഷം ആളുകളാണ് അമിതവണ്ണവുമായി ജീവിക്കുന്നത്. അതിനാൽ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ ഭക്ഷണ ക്രമങ്ങൾ പിന്തുടരാനും റിപ്പോർട്ട് ആവശ്യപ്പെടുന്നു. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ ഒരു മിശ്രിതമാണ് ഇന്ത്യയുടെ ഭക്ഷണ ശൈലിയിൽ കാണാൻ സാധിക്കുക. ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ, പയറും ഗോതമ്പും അടിസ്ഥാനമാക്കിയുള്ള റൊട്ടിയും പറാത്തയുമെല്ലാം മാംസ വിഭവങ്ങൾക്കൊപ്പം ഭക്ഷണത്തിൻ്റെ ഭാഗമാകുന്നു. അതേസമയം ദക്ഷിണേന്ത്യയിൽ ചോറാണ് പ്രധാന ഭക്ഷണം. ഇതോടൊപ്പം അരി അടിസ്ഥാനമാക്കിയുള്ള പുളിപ്പിച്ച ഭക്ഷണങ്ങളായ ഇഡ്ഡലിയും ദോശയും ഉപയോഗിക്കുമ്പോൾ ദാൽ അടിസ്ഥാനമാക്കിയുള്ള സാമ്പാറും ചട്ണിയും കൂട്ടുകറികളാകുന്നു. കൂടാതെ, പടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ വിവിധതരം മത്സ്യങ്ങളാണ് പ്രധാന ഭക്ഷണം.