രുചിക്കൂട്ടിന് മധുരവും എരിവും ഉപ്പും; സ്വാദേറും കുക്കീസ് വീട്ടില്‍ തയ്യാറാക്കാം

വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന പലതരം കുക്കീസുകളിതാ

dot image

ബിസ്‌കറ്റും കുക്കീസും ഒന്നാണോ എന്ന് ചോദിച്ചാല്‍ അല്ലേ അല്ല എന്ന് പറയേണ്ടി വരും. കുക്കീസ് ബിസ്‌കറ്റ് പോലെ തന്നെയിരിക്കുന്നു എന്നുമാത്രം. ധാന്യപൊടി, പഞ്ചസാര, ബട്ടര്‍ എന്നിവയൊക്കെ കുക്കീസ് തയാറാക്കാനുള്ള അടിസ്ഥാന ഘടകങ്ങളാണ്.Koekie എന്ന ഡച്ച് വാക്കില്‍നിന്നാണ് കുക്കീസ് എന്ന പദം ഉണ്ടായത്. കുക്കീസ് എന്ന വിഭവം അവതരിപ്പിക്കുന്നത് പേര്‍ഷ്യക്കാരാണ്. നമ്മുടെ ബേക്കറികളിലും മറ്റും ചില്ലുഭരണിയിലിരിക്കുന്ന എരിവും മധുരവും ഉപ്പും ഒക്കെ നിറഞ്ഞ കുക്കീസ് രുചിക്കാത്തവരുണ്ടാവില്ല.

ചോക്ലേറ്റ് കുക്കീസ്

ആവശ്യമുള്ള സാധനങ്ങള്‍

  • ബട്ടര്‍-അര കപ്പ്
  • മൈദ-ഒരു കപ്പ്
  • പഞ്ചസാര- അര കപ്പ്
  • വാനില- അര കപ്പ്
  • ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് -100 ഗ്രാം
  • പാല്‍- മൂന്ന് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

180 ഡിഗ്രി സെന്റിഗ്രേഡില്‍ ഓവന്‍ ചൂടാക്കിയിടുക. ഒരു ബൗളില്‍ ബട്ടര്‍ എടുത്ത് നന്നായി അടിച്ചു മയംവരുത്തുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക. ഇതിലേക്ക് വാനില എസന്‍സും മൈദയും ചോക്ലേറ്റും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് പാലും ചേര്‍ക്കാം. കൂട്ട് മുറുകി വരുമ്പോള്‍ ഓരോ ഉരുളകളായി എടുത്ത് പരത്തി ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി അതില്‍ നിരത്തി വയ്ക്കാം. ഇത് ഓവനില്‍ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം...

കോക്കനട്ട് കുക്കീസ്

ആവശ്യമുള്ള സാധനങ്ങള്‍

  • മൈദ- ഒരു കപ്പ്
  • പഞ്ചസാര- അര കപ്പ്
  • ഉപ്പ്- ഒരു ടീസ്പൂണ്‍
  • ബേക്കിംഗ് പൗഡര്‍-അര ടീസ്പൂണ്‍
  • സോഡാപ്പൊടി-അര ടീസ്പൂണ്‍
  • ബട്ടര്‍- കാല്‍കപ്പ്
  • മുട്ട-രണ്ടെണ്ണം
  • വാനില എസന്‍സ്- ഒരു ടീസ്പൂണ്‍
  • തേങ്ങ ചുരണ്ടിയത്-രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈയിംഗ് പാനില്‍ തേങ്ങ ചിരകിയത് ഇട്ട് ഒന്ന് ഡ്രൈ ആകുന്നതുവരെ ഇളക്കി എടുത്ത് മാറ്റി വയ്ക്കുക. മൈദ,ബേക്കിംഗ് പൗഡര്‍, സോഡാപ്പൊടി ഇവ ഒരുമിച്ച് യോജിപ്പിച്ച് മൂന്ന് പ്രാവശ്യം അരിപ്പയില്‍ അരിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഉപ്പ്, ബട്ടര്‍, മുട്ട ഇവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് തേങ്ങയും ചേര്‍ത്തിളക്കാം. ഓവന്‍ 150 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയിട്ട ശേഷം ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി തയ്യാറാക്കിയ കൂട്ട് കുറേശെ ഒഴിച്ച് അര മണിക്കൂര്‍ ബേക്ക് ചെയ്തെടുക്കാം.

ബട്ടര്‍ കുക്കീസ്

ആവശ്യമുള്ള സാധനങ്ങൾ

  • മൈദ- 100ഗ്രാം
  • പഞ്ചസാര-100ഗ്രാം(പൊടിച്ചത്)
  • നിലക്കടല-100 ഗ്രാം(ചെറിയ കഷണങ്ങളാക്കിയത്)
  • ബട്ടര്‍-50 ഗ്രാം
  • മുട്ട-രണ്ടെണ്ണം
  • സോഡാപ്പൊടി- ഒരു നുള്ള്
  • ഉപ്പ്- ഒരു നു്ള്ള്
  • വാനില എസന്‍സ്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
മൈദയും സോഡാപ്പൊടിയും ഒരുമിച്ച് യോജിപ്പിച്ച ശേഷം ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക് പഞ്ചസാരയും ബട്ടറും കൂടി ചേര്‍ത്ത് യോജിപ്പിക്കാം. ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മൈദ കൂട്ട് കുറേശെ ചേര്‍ത്തിളക്കുക.ഇതിലേക്ക് കടലയും വാനില എസന്‍സും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ വച്ച ശേഷം ചെറിയ ഉരുളകളാക്കി ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി അതില്‍ നിരത്തുക. 180 ഡിഗ്രി സെന്റി ഗ്രേഡില്‍ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

മസാല കുക്കീസ്

ആവശ്യമുളള സാധനങ്ങള്‍

  • മൈദ-ഒന്നര കപ്പ്
  • ബട്ടര്‍-അര കപ്പ്
  • ഇഞ്ചി പേസ്റ്റ്- കാല്‍ ടീസ്പൂണ്‍
  • മല്ലിയില- കുറച്ച്
  • പച്ചമുളക്-ഒരെണ്ണം
  • കറിവേപ്പില- ഒരു തണ്ട്
  • ബേക്കിംഗ് പൗഡര്‍-ഒരു ടീസ്പൂണ്‍
  • ഉപ്പ്- ഒരു നുള്ള്
  • പഞ്ചസാര- ഒരു ടീസ്പൂണ്‍
  • തൈര്-ഒന്നര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഇഞ്ചിപേസ്റ്റ്, മല്ലിയില,പച്ചമുളക്,കറിവേപ്പില ഇവ ഒന്നിച്ച് അരച്ച് വയ്ക്കുക. പഞ്ചസാര,മൈദ, ഉപ്പ്,ബേക്കിംഗ് പൗഡര്‍ ഇവ ഒരുമിച്ച് യോജിപ്പിച്ച് വയ്ക്കുക.ഇതിലേക്ക് അരച്ചുവച്ച ചേരുവകള്‍ ചേര്‍ത്ത് കുഴയ്ക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ തെര് ചേര്‍ത്ത് ചപ്പാത്തിമാവിന്റെ പരുവത്തില്‍ യോജിപ്പിക്കുക. ആവശ്യമുണ്ടെങ്കില്‍ മിച്ചം വന്ന അര ടീസ്പൂണ്‍ തൈരുകൂടി ചേര്‍ക്കാം. ഈ മാവ് ഒരു നനഞ്ഞ തുണികൊണ്ട് മൂടി അര മണിക്കൂര്‍ വയ്ക്കാം. ശേഷം കുറേശെ എടുത്ത് പരത്തി ഒരു ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി അതില്‍ നിരത്തി വയ്ക്കാം. ഓവന്‍ 35 ഡിഗ്രി സെന്റിഗ്രേഡില്‍ പത്ത് മിനിറ്റ് ചൂടാക്കിയിട്ട ശേഷം ബേക്കിംഗ്‌ട്രേ അതില്‍വച്ച് 20 മിനിറ്റ് (ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ)ബേക്ക് ചെയ്തെടുക്കാം.

Content Highlights :Sweet, spicy and salty cookies can be prepared at home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us