ബ്രിട്ടീഷ് രാജകുടുംബത്തിൻ്റെ ഭക്ഷണം അത്ര റോയലല്ല. രാജകുടുംബമല്ലെ ഭക്ഷണവും രാജകീയമായിരിക്കും എന്ന് കരുതുന്നവർ ചാൾസ് രാജാവിൻ്റെയും കാമില രാജ്ഞിയുടെയുമെല്ലാം കഴിക്കുന്നത് എന്തൊക്കെയെന്നറിയുമ്പോൾ അതിശയിക്കുമെന്ന് തീർച്ച. രാജകുടുംബത്തിന്റെ ഭക്ഷണശീലങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിലും ലളിതമാണ്. കാമില രാഞ്ജിയുടെ പ്രഭാത ഭക്ഷണം ഒരു പാത്രം 'കഞ്ഞി'യാണത്രേ. രാജ്ഞിയുടെ മകന്‍ ടോം പാര്‍ക്കര്‍ ബൗള്‍സ് തന്റെ പുസ്തകത്തിലൂടെയാണ് രാജകുടുംബത്തിലെ ഭക്ഷണശീലങ്ങളെക്കുറിച്ച് എഴുതിയത്.
ഏഴ് പുഴുങ്ങിയ മുട്ടയാണ് ചാള്‍സ് രാജാവിന്റെ പ്രഭാത ഭക്ഷണമെന്ന ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. രാജാവിൻ്റെ ഓഫീസ് നേരത്തെ ഇത് നിഷേധിച്ചിരുന്നു. എന്നാൽ അതെല്ലാം ഗോസിപ്പുകൾ മാത്രമായിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. തേനും ഡ്രൈഫ്രൂട്ട്‌സുമാണ് രാജാവിന്റെ പ്രഭാത ഭക്ഷണം എന്നാണ് റിപ്പോർട്ട്. ഉച്ച ഭക്ഷണം മിക്കവാറും ഒഴിവാക്കുന്ന ശീലക്കാരനായിരുന്നു ചാള്‍സ് രാജാവ്. ഉച്ചഭക്ഷണം ആഡംബരമാണെന്നായിരുന്നു രാജാവിന്റെ പക്ഷം. എന്നാല്‍ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിന് ശേഷം ആരോഗ്യം നിലനിര്‍ത്താന്‍ അദ്ദേഹം അവക്കാഡോ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം തണുപ്പ് കാലത്ത് ഉരുളക്കിഴങ്ങ് ഉള്‍പ്പെടുത്തിയ ഭക്ഷണവും വേനല്‍കാലത്ത് ചീര പോലെയുള്ള സീസണൽ വിഭവങ്ങളും കൂടെ ചിക്കന്റെ ഗ്രേവിയുമാണ് കമീലയുടെ ഇഷ്ട രുചികള്‍. കൂടാതെ സ്‌മോക്ക്ഡ് സാല്‍മണും രാഞ്ജിയുടെ മെനുവിലുണ്ട്.
ഉച്ച കഴിഞ്ഞൊരു ചായ രാജകുടുംബത്തില്‍ നിര്‍ബന്ധമാണ്. മുന്‍പ് എലിസബത് രാജ്ഞിക്ക് ഈ ചായകുടി ശീലം ഉണ്ടായിരുന്നു. ഇപ്പോള്‍ ചാള്‍സ് രാജാവും ഈ ശീലം തുടരുന്നുണ്ട്. കാമില രാജ്ഞിക്കൊപ്പം എന്നും വൈകുന്നേരങ്ങളില്‍ ചായ ആസ്വദിക്കുകയും സാന്‍വിച്ചുകളും ബേക്ക് ചെയ്ത പലഹാരങ്ങളും ആസ്വദിച്ചാണ് ചാൾസ് രാജാവും ഈ ശീലം തുടരുന്നത്.
പ്രിന്‍സ് വില്യംസിന്റെ ഭാര്യയായ കേറ്റ് മിഡില്‍ടണിന് രാത്രി ഭക്ഷണത്തോടൊപ്പം നല്ല എരിവുള്ള മീന്‍ കറിയാണ് പ്രിയം. ഏറ്റവും അതിശയകരം അവര്‍ കുടുംബത്തിന് വേണ്ടി സ്വയം പാചകം ചെയ്യുന്നു എന്നതാണ്. വില്യം രാജകുമാരനും പത്നി കേറ്റ് മിഡിൽടണും കഴിക്കാന്‍ ഏറെ ഇഷ്ടം ഫിഷ് വിഭവങ്ങളും ചിപ്‌സുമൊക്കെയാണ്. വെയിൽസ് രാജകുമാരിയാകട്ടെ വില്യമിനും മക്കള്‍ക്കുമായി സുഗന്ധവ്യഞ്ജനങ്ങളുടെ അളവൊക്കെ കുറച്ചാണ് വിഭവങ്ങള്‍ തയാറാക്കുന്നത്.
ജോര്‍ജ് രാജകുമാരന്‍ തന്റെ മാതാപിതാക്കളെപോലെ പരമ്പരാഗതമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരാന്‍ ഇഷ്ടമുള്ളയാളാണ്. അതായത് സ്പഗട്ടി, പിസ്സ തുടങ്ങിയ ഇറ്റാലിയന്‍ വിഭവങ്ങള്‍.കുടുംബത്തിലെ അത്താഴ പാര്‍ട്ടികള്‍ക്കായി പ്രിന്‍സ് ഹാരിയുടെ ഭാര്യയായ മേഗന്‍ മെർക്കിളിനാകട്ടെ സ്‌പെഷ്യല്‍ വിഭവം വറുത്തരച്ച ചിക്കന്‍ കറിയാണ്. അത് അതിഥികള്‍ക്ക് പ്രിയപ്പെട്ടതാണെന്നാണ് മേഗന്റെ പക്ഷം.
രാജകുടുംബത്തിലെ എല്ലാവരുംതന്നെ മധുര പലഹാരങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. എലിസബത്ത് രാജ്ഞിക്ക് ചോക്ലേറ്റ് ബിസ്‌കറ്റ് കേക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. കുട്ടിക്കാലത്ത് വില്യം, ഹാരി രാജകുമാരന്മാര്‍ക്കും ഈ ബിസ്‌കറ്റ് കേക്ക് പ്രിയപ്പെട്ടതായിരുന്നു. കേറ്റിനാകട്ടെ സ്റ്റിക്കി ടോഫി പുഡ്ഡിംഗിനോടാണ് പ്രിയം.
Content Highlights: Know the food of the British royal family