'ഭക്ഷണത്തിനുള്ള അവകാശമെന്നാൽ മികച്ച ജീവിതത്തിനും ഭാവിയ്ക്കുമുള്ള അവകാശമാണ്'; ഇന്ന് ലോകഭക്ഷ്യ ദിനം

മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങൾ ഒരുനേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്നുവെന്ന വൈരുദ്ധ്യങ്ങളെയും ഈ ദിവസം നമ്മൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്

ഷെറിങ് പവിത്രൻ
2 min read|16 Oct 2024, 10:30 am
dot image

ഭക്ഷണം എന്നത് നമ്മളെ സംബന്ധിച്ച് ഒരു രുചിപ്രപഞ്ചത്തിൻ്റെ നിറക്കൂട്ടാണ്. ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോഴോ സംസാരിക്കുമ്പോഴോ നമ്മുടെ ഉളളിലൂടെ പലതരത്തിലുള്ള ചിത്രങ്ങളാണ് കടന്നുപോവുക. ഭക്ഷണമെന്നാൽ അതിന് സ്നേഹം, സൗഹൃദം, കരുതൽ എന്നിങ്ങനെ നാനാർത്ഥങ്ങൾ നിരവധിയാണ്. അതിനാൽ തന്നെ ആളുകളെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. പല ഒത്തുചേരലുകളിലും കൂട്ടായ്മയുടെ ഇണമുറിയാ കണ്ണിയായി ചേർന്നു നിൽക്കുന്നതും ഭക്ഷണമാണെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല.ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുകയാണ്. ഭക്ഷണത്തിനുള്ള അവകാശമെന്നാൽ മികച്ച ജീവിതത്തിനും മികച്ച ഭാവിയ്ക്കുമുള്ള അവകാശമെണെന്ന് 2024ലെ ഭക്ഷ്യദിനം അടയാളപ്പെടുത്തുന്നത്.

ഓരോ ഭക്ഷ്യദിനവും നമ്മെ ഓര്‍മിപ്പിക്കുന്നത് ഭക്ഷണമെന്ന സമൃദ്ധിയെ മാത്രമല്ല. ഭക്ഷ്യക്ഷാമത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടെയുമെല്ലാം മനുഷ്യാവസ്ഥകളെയും ലോക ഭക്ഷ്യ ദിനം ഓർമ്മിപ്പിക്കുന്നത്. ഒരുനേരത്തെ അന്നം പോലും ലഭിക്കാതെ ലോകമെമ്പാടും പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന മനുഷ്യരെ ഓര്‍ക്കുക എന്നതും ഈ ദിവസത്തിൽ പ്രധാനമാണ്. നാം ഓരോരുത്തരും ഭക്ഷണത്തെ അറിഞ്ഞ് ആസ്വദിക്കുമ്പോള്‍ അതൊരു സ്വപ്നം മാത്രമായി പോകുന്ന നിരവധിപേര്‍ നമുക്ക് ചുറ്റിലുമുണ്ട്. പലരാജ്യങ്ങളിലും പട്ടിണി ഒരു പ്രശ്‌നമാണ്. അന്നന്നു വേണ്ട ഭക്ഷണം കഴിക്കാനില്ലാത്തവരുടെയും പട്ടിണി കിടക്കുന്നവരുടെയും കൂടി ലോകമാണ് ഇത്. ലക്ഷക്കണക്കിന് ആളുകള്‍ വിശപ്പിനോട് പോരാടി രാത്രികളില്‍ ഉറങ്ങാറുണ്ട്. അതിനാൽ തന്നെയാണ്. ഭക്ഷണത്തിനുള്ള അവകാശമെന്നാൽ മികച്ച ജീവിതത്തിനും മികച്ച ഭാവിയ്ക്കുമുള്ള അവകാശമെണെന്ന് 2024ലെ ഭക്ഷ്യദിനത്തിൻ്റെ മുദ്രാവാക്യം പ്രസക്തമാകുന്നത്. ലോകത്തെ എല്ലാ കുട്ടികൾക്കും ആവശ്യത്തിന് പോഷകമുള്ള ഭക്ഷണം ലഭിക്കണമെന്ന ലക്ഷ്യം മുൻനിർത്തി ലോകരാജ്യങ്ങൾ മുന്നോട്ടുവരേണ്ടതിൻ്റെ ആവശ്യകത കൂടി ഈ ദിനം അടയാളപ്പെടുത്തുന്നുണ്ട്.

ആരോഗ്യകരമായ ഭക്ഷണക്രമങ്ങളെക്കുറിച്ചും അത് എങ്ങനെയാണ് ശരീരത്തിന് പ്രയോജനപ്പെടുത്തേണ്ടതെന്നതിനെക്കുറിച്ചും അവബോധം വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷ്യദിനം പ്രയോജനപ്പെടുത്തണം. ഈ അടുത്ത കാലത്തായി ആരോഗ്യകരമായും അനാരോഗ്യകരവുമായുള്ള ഭക്ഷണത്തെക്കുറിച്ചും ആളുകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ ബോധവത്കരണം അനിവാര്യമാണ്. 1979ലാണ് ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 150 രാജ്യങ്ങള്‍ ഇത് അംഗീകരിക്കുകയും വിശപ്പ്, പോഷകാഹാരക്കുറവ്, ദാരിദ്രമില്ലാത്ത ലോകത്തിനായുള്ള സുസ്ഥിര പരിഹാരങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഈ ദിനം ആചരിക്കാനും തീരുമാനിക്കുകയുമായിരുന്നു. നമ്മൾ മലയാളികൾ ഭക്ഷണവൈവിധ്യത്തിൻ്റെ രുചിഭേദങ്ങളെല്ലാം ഈ ദിവസം ഓർത്തെടുക്കാൻ കഴിയുന്നത് നമ്മുടെ സമൂഹം നേടിയ പുരോഗതിയുടെ കൂടി അടയാളമായി കാണാം. എന്നാൽ മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങൾ ഒരുനേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്നുവെന്ന വൈരുദ്ധ്യങ്ങളെയും ഈ ദിവസം നമ്മൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

Content Highlights :How to celebrate World Food Day this year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us