ദാരിദ്ര്യവും അസമത്വവും പരിഹരിക്കാൻ തടസ്സമായി കാലാവസ്ഥാ വ്യതിയാനവും യുദ്ധവും; ലോക ബാങ്ക് റിപ്പോർട്ട്

2030ഓടെ കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമാണെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു

dot image

യുദ്ധം, കടം, കാലാവസ്ഥാ പ്രതിസന്ധി, മഹാമാരി തുടങ്ങിയവ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൻ്റെ പുരോഗതിയിൽ തടസ്സമായെന്ന് ലോകബാങ്കിൻ്റെ മുന്നറിയിപ്പ്. ദാരിദ്ര്യരേഖയുടെ നിർവ്വചനമായി ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട 2.15 ഡോളറിന് താഴെ പ്രതിദിനവരുമാനം ലഭിക്കുന്ന 700 മില്യൺ ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ മൂന്നുപതിറ്റാണ്ടോളമെടുക്കുമെന്ന് നിലവിലത്തെ ട്രെൻഡുകൾ സൂചിപ്പിക്കുന്നതായും ലോകബാങ്ക് വ്യക്തമാക്കി. 2030ഓടെ കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമാണെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു. ദാരിദ്ര്യം, സമൃദ്ധി, പ്ലാനറ്റ് റിപ്പോർട്ടിലാണ് ലോകബാങ്ക് ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്.

ആഗോള ദാരിദ്ര്യനിരക്ക് 1990-ൽ 38 ശതമാനം ആയിരുന്നത് 2024-ൽ 8.5 ശതമാനം ആയി കുറഞ്ഞിരുന്നു. ചൈനയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പുരോഗതിയുടെ നിരക്ക് 2019 മുതൽ നിലച്ചെങ്കിലും ആഗോള ദാരിദ്ര്യനിരക്ക് 2030ൽ 7.3 ശതമാനമായി കുറയുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവെയ്ക്കുന്നുണ്ട്. ചരിത്രപരമായി താഴ്ന്ന സാമ്പത്തിക വളർച്ചയും ഉയർന്ന തോതിലുള്ള പിന്നാക്കവസ്ഥയും ഉള്ള രാജ്യങ്ങളിലാണ് കടുത്ത ദാരിദ്ര്യം നിലനിൽക്കുന്നത്. ഈ രാജ്യങ്ങളിൽ പലതും സബ്-സഹാറൻ ആഫ്രിക്കയിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഇടത്തരം-ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ ദാരിദ്ര്യപരിധിയായി കണക്കാക്കപ്പെടുന്ന 6.85 ഡോളർ പ്രതിദിന വരുമാനമെന്ന കൂടുതൽ അഭിലഷണീയമായ ലക്ഷ്യം കൈവരിക്കുന്നതിന് ഒരു നൂറ്റാണ്ടിലേറെ സമയമെടുക്കുമെന്നും റിപ്പോർട്ട് പറയുന്നു. പ്രതിവർഷം 4,466 ഡോളറിനും 13,845 ഡോളറിനും ഇടയിൽ വരുമാനമുള്ളവർ എന്നതാണ് ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ നിർവ്വചിക്കാൻ ലോകബാങ്ക് ഉപയോഗിക്കുന്ന പരിധി. ലോക ജനസംഖ്യയുടെ പകുതിയോളം വരുന്ന ഏതാണ്ട് 3.5 ബില്യൺ ആളുകളുടെ പ്രതിദിന വരുമാനം 6.85 ഡോളറിൽ താഴെയാണ് ജീവിക്കുന്നതെന്നാണ് ലോകബാങ്കിൻ്റെ കണക്ക്. ജനസംഖ്യാ വർദ്ധനവ് കൊണ്ട് അർത്ഥമാക്കുന്നത് ഈ വിഭാഗത്തിൽ വരുന്ന ദരിദ്രരുടെ എണ്ണത്തിൽ 1990 ന് ശേഷം കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നുമാണെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു.

അസമത്വം കുറയ്ക്കുക എന്ന മറ്റൊരു വികസന ലക്ഷ്യത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ലോക ബാങ്കിൻ്റെ റിപ്പോർട്ട് പറയുന്നു. സമ്പന്നരും ദരിദ്രരും തമ്മിൽ വലിയ അന്തരമുള്ള രാജ്യങ്ങളുടെ എണ്ണം കഴിഞ്ഞ പത്ത് വർഷം കൊണ്ട് 66 ൽ നിന്ന് 49 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഉയർന്ന അസമത്വ തോതുള്ള ആളുകളുടെ എണ്ണം 22 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്. ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾ താഴെയുള്ള 95 ശതമാനം ആളുകളേക്കാൾ കൂടുതൽ സമ്പത്ത് കൈവശം വെയ്ക്കുന്നുവെന്നാണ് ലോക ബാങ്ക് റിപ്പോർട്ടിനോട് പ്രതികരിച്ചു കൊണ്ട് ഓക്‌സ്ഫാമിലെ അസമത്വ നയത്തിൻ്റെ തലവൻ മാക്സ് ലോസൺ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആഗോളതലത്തിൽ അഞ്ചിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് കഠിനമായ കാലാവസ്ഥാ ആഘാതം അനുഭവിക്കാൻ സാധ്യതയുണ്ടെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിൽ നിന്നും അവർ കരകയറാൻ പാടുപെടുമെന്നും ലോക ബാങ്ക് വ്യക്തമാക്കുന്നു. ആഫ്രിക്കയിലെ കാലാവസ്ഥ വ്യതിയാനം ഈ മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങളെ കഠിനമായി ബാധിച്ചേക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Content Highlights: wars, debt, climate crisis and Covid have halted anti-poverty fight World Bank

dot image
To advertise here,contact us
dot image