പുതിയ കാലത്ത് നമ്മുടെയെല്ലാം ഭക്ഷണത്തിനൊപ്പമുള്ള അവിഭാജ്യ ഘടകമാണ് ടൊമാറ്റോ സോസുകൾ. പല പല ഫ്ലേവറുകളിൽ വരുന്ന ഇത്തരം സോസുകൾ കഴിക്കാത്തവരായി ആരുമുണ്ടാകില്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്നത് പോലെ ചപ്പാത്തി തൊട്ട് പിസ്സ വരെ കഴിക്കാൻ നമുക്കിപ്പോൾ സോസ് വേണം. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ സോസ് മൂലം നമുക്ക് പണിയും കിട്ടിയേക്കാം. എങ്ങനെയെന്നല്ലേ, നല്ല അസൽ വ്യാജന്മാർ മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഇത്തരത്തിൽ ഭക്ഷ്യ അധികൃതർ പിടിച്ചെടുത്തത് 800 കിലോഗ്രാം വ്യാജ സോസാണ്. ചുവപ്പ് നിറക്കൂട്ടും ആരോറൂട്ട് പൗഡറുമായിരുന്നു ഈ വ്യാജനിലെ പ്രധാന 'ചേരുവകൾ'.
നിർമാണ ചെലവ് കുറയ്ക്കാനും ലാഭം വർധിപ്പിക്കാനുമാണ് ഇത്തരത്തിലുളള പരുപാടിയെന്നാണ് റിപ്പോർട്ടുകൾ. സിന്തറ്റിക്ക് നിറങ്ങളും ആരോറൂട്ട് പൗഡറും ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം രീതികൾ അത്യന്തം അപകടകരമാണ്. സോസ് മാസങ്ങളോളം കേടുകൂടാതിരിക്കാനാണ് ആരോറൂട്ട് പൗഡർ ചേർക്കുന്നത്. ഇവ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണെങ്കിലും മറ്റൊരു ഭീഷണിയായി നിലനിൽക്കുന്നത് സോസിനായി ഉപയോഗിക്കുന്ന തക്കാളികൾ മുക്കിവെക്കുന്ന, ഫോർമാലിൻ എന്ന കെമിക്കലാണ്.
ഇത്തരത്തിൽ വ്യാജന്മാരായ സോസുകളെ കണ്ടുപിടിക്കാൻ ഒരു രീതിയുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ സോസ് ഒഴിച്ചുനോക്കുമ്പോൾ, അവ പെട്ടെന്ന് അലിഞ്ഞ് ചുവന്ന നിറം മാത്രം ആകുകയാണെങ്കിൽ, ഒരു സംശയവും വേണ്ട, അത് വ്യാജനാണ്. ഇവയ്ക്ക് പുറമെ അയോഡിൻ ടെസ്റ്റും കളർ ടെസ്റ്റുമാണ് മറ്റ് മാർഗങ്ങൾ. സോസിൽ അയോഡിൻ മിക്സ് ചെയ്ത്, അവ നീല നിറമാകുകയായെങ്കിൽ അത് ആരോറൂട്ട് പൗഡർ ഉപയോഗിച്ച് നിർമിച്ചതെന്ന് അർഥം. ഇത് കൂടാതെ നല്ല ക്വാളിറ്റി ടൊമാറ്റോ സോസുകളിൽ ഒരിക്കലും ഡാർക്ക് സ്പോട്ടുകൾ ഉണ്ടാകില്ല. അങ്ങനെയുണ്ടെങ്കിൽ അതും വ്യാജമാണ്.
Content Highlights: 800 kg Fake sauce busted in UP