നിങ്ങള്‍ മഷ്‌റൂം ചെട്ടിനാട് മസാലയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്താണീ കൂണും മസാലയും ഒക്കെ ചേര്‍ന്ന വിഭവം. തമിഴ്‌നാട്ടിലെ ചെട്ടിനാട് മേഖലയില്‍ നിന്നുള്ള ഒരു മസാല വിഭവമാണ് ഇത്. ഒരുപാട് ചേരുവകള്‍ ഒക്കെ ചേര്‍ന്നുളള മസാലയാണ് ഇതിന്റെ പ്രത്യേകത. എരിവുള്ള മസാല നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് മാത്രമല്ല ചേരുന്നത് മറിച്ച് വെജിറ്റേറിയന്‍ ഭക്ഷണം തയാറാക്കാനും ചേരുമെന്നതിന് ഉദ്ദാഹരണമാണ് ഈ മഷ്‌റൂം മസാല.
ആവശ്യമുള്ള സാധനങ്ങള്‍
1 ഉണക്കമുളക് - 5 എണ്ണം
ഉണക്കമല്ലി - 1 ടീസ്പൂണ്‍
കുരുമുളക് - 1 ടീസ്പൂണ്‍
ജീരകം - 1 ടീസ്പൂണ്‍
പെരും ജീരകം - 1/2 ടീസ്പൂണ്‍
കശകശ - 1 ടീസ്പൂണ്‍
പൊട്ടുകടല - 1 ടീസ്പൂണ്‍
ഏലയ്ക്ക - 2 എണ്ണം
ഗ്രാമ്പു - 3 എണ്ണം
കറുവാപ്പട്ട - 1 കഷണം
ജാതിപത്രി - 1
തക്കോലം - 1
ജാതിക്കാപ്പൊടി - 1/4 ടീസ്പൂണ്‍
2 തേങ്ങ ചിരകിയത് - 2 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി - 15 എണ്ണം
ഇഞ്ചി - 2 കഷണം
വെളുത്തുള്ളി - 5 എണ്ണം
കറിവേപ്പില - കുറച്ച്
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
ബട്ടന്‍ മഷ്റൂം - 1 പായ്ക്കറ്റ്
തക്കാളി - 1 എണ്ണം
പച്ചമുളക് - 2 എണ്ണം(രണ്ടായി കീറിയത്)
കറുവാ ഇല - 1 എണ്ണം
മല്ലിയില - 1/4 കപ്പ്
ഉപ്പ് - പാകത്തിന്
റിഫൈന്‍ഡ് ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍
വെള്ളം - 1 കപ്പ്
തയ്യാറാക്കുന്ന വിധം
കൂണ്‍ കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ് കനം കുറച്ച് അരിയുക. ഒന്നാമത്തെ ചേരുവകള്‍ ഒരുമിച്ച് വറുത്തെടുക്കുക. ഇതിലേക്ക് തേങ്ങയും ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറത്തില്‍ വറുക്കുക. ചൂട് മാറിയ ശേഷം മിക്സിയില്‍ പൊടിക്കുക. ഇതിലേക്ക് ചുവന്നുള്ളി , ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് വീണ്ടും അരയ്ക്കുക. (ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം)
ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി കറുവാ ഇല, പച്ചമുളക്, കറിവേപ്പില, ഇവ വഴറ്റുക. ഇതിലേക്ക് അരച്ച മസാല ചേര്‍ത്ത് വഴറ്റുക. മഷ്റൂമും തക്കാളിയും ഒരു കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് മൂടിവച്ച് അല്‍പ്പസമയം വേവിക്കുക. മല്ലിയില വിതറി അല്‍പ്പസമയം അടച്ചുവച്ച ശേഷം വിളമ്പാം.
Content Highlights :Mushroom Chettinad Masala is a spicy dish from the Chettinad region of Tamil Nadu