ഈ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് മണ്ടത്തരമാണ്!

കൂടുതൽ കാലം ഉപയോ​ഗിക്കാനും വേ​ഗം ചീത്തയാവാതിരിക്കാനും ഇങ്ങനെ ചെയ്യുന്നത് നല്ലൊരു മാർ​ഗമാണെങ്കിലും എല്ലാ വസ്തുക്കളും അതിന് അനുയോജ്യമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

dot image

പഴങ്ങൾ, പച്ചക്കറികൾ, ആഹാരസാധനങ്ങൾ തുടങ്ങിയവയെല്ലാം കേടാകാതിരിക്കാൻ റെഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ. കൂടുതൽ കാലം ഉപയോ​ഗിക്കാനും വേ​ഗം ചീത്തയാവാതിരിക്കാനും ഇങ്ങനെ ചെയ്യുന്നത് നല്ലൊരു മാർ​ഗമാണെങ്കിലും എല്ലാ വസ്തുക്കളും അതിന് അനുയോജ്യമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. നമ്മൾ ഇങ്ങനെ സൂക്ഷിക്കുന്ന പല സാധനങ്ങളുടെയും ​ഗുണനിലവാരം കുറയാനും മറ്റും ഇതു കാരണമാകുമത്രേ. ഫ്രിഡ്ജിൽ സൂക്ഷിക്കരുതാത്ത ചില സാധനങ്ങളെക്കുറിച്ചറിയാം.

തക്കാളി

തക്കാളി

തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്നാണ് പറയുന്നത്. അങ്ങനെ സൂക്ഷിക്കുന്നതിലൂടെ അവയുടെ രുചിയിലും ഘടനയിലുമൊക്കെ വ്യത്യാസം വരും. തണുത്ത അന്തരീക്ഷം തക്കാളി പഴുക്കാൻ സഹായിക്കുന്ന എൻസൈമുകളുടെ പ്രവർത്തനം വേ​ഗത്തിലാക്കുകയും അവയുടെ ഘടനയിൽ വ്യത്യാസം വരുത്തുകയും ചെയ്യും. ഇതിലൂടെ തക്കാളിയുടെ സ്വാഭാവിക രുചിയും നഷ്ടപ്പെടും. അതുകൊണ്ടു തന്നെ തക്കാളി റൂം ടെംപറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പഴുത്ത തക്കാളിയാണെങ്കിൽ സൂര്യപ്രകാശം നേരിട്ടേൽക്കാതെ വേണം സൂക്ഷിക്കേണ്ടത്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

തണുത്ത അന്തരീക്ഷം ഉരുളക്കിഴങ്ങിലെ അന്നജത്തെ പഞ്ചസാരയായി മാറ്റുന്നു. ഇതുമൂലം അവ പാകം ചെയ്യുമ്പോൾ കൂടുതൽ മധുരവും സ്വാഭാവികമല്ലാത്ത ഘടനയുമാണ് ലഭിക്കുക. കിഴങ്ങിന്റെ ഉൾവശം കറുക്കുന്നതിനും കാരണമാകും. ചൂടില്ലാത്ത, ഇരുണ്ട , വായുസഞ്ചാരമുള്ള സ്ഥലത്താണ് ഉരുളക്കിഴങ്ങ് സ്റ്റോർ ചെയ്യേണ്ടത്. അവ ഉള്ളി, സവാള എന്നിവയ്ക്ക് സമീപം വെക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഉരുളക്കിഴങ്ങും ഉള്ളിയും സവാളയും വേ​ഗം ചീത്തയാവും.

ഉള്ളി\സവാള

സവാള

ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഇവ ജലാംശം വലിച്ചെടുക്കുകയും കൂടുതൽ മൃദുവായി സ്വാഭാവിക ഘടന നഷ്ടമാകുകയും ചെയ്യും. രുചിയിലും വ്യത്യാസം വരും. ചൂടില്ലാത്ത, ഇരുണ്ട , വായുസഞ്ചാരമുള്ള സ്ഥലത്താണ് ഉള്ളിയും സവാളയും സൂക്ഷിക്കേണ്ടത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയിൽ വേരു കിളിർക്കാൻ കാരണമാകും. വെളുത്തുള്ളി അല്ലികൾ അയഞ്ഞ അവസ്ഥയിലേക്കെത്തുകയും ചെയ്യും. ഇവ ഉപയോ​ഗിച്ച് പാകം ചെയ്യുമ്പോൾ കയ്പ് ഉണ്ടാകും. അധികം ചൂടോ തണുപ്പോ ഇല്ലാത്ത ജലാംശം ഇല്ലാത്ത സ്ഥലത്താണ് വെളുത്തുള്ളി സൂക്ഷിക്കേണ്ടത്. വായു കടക്കുന്ന തരത്തിലുള്ള ബാ​ഗിലോ ബാസ്കറ്റിലോ ഇവ സൂക്ഷിക്കാം. വെളുത്തുള്ളി തൊലി പൊളിച്ച് അല്ലികളായി സൂക്ഷിച്ചുവെക്കുന്നവരാണെങ്കിൽ അവ വളരെ വേ​ഗം ഉപയോ​ഗിച്ച് തീർക്കുന്നതാണ് നല്ലത്.

തേൻ

തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയുടെ ഘടനയെ വ്യത്യാസപ്പെടുത്തും. ഇങ്ങനെയുള്ള തേൻ ഉപയോ​ഗിക്കുന്നതുകൊണ്ട് കുഴപ്പമില്ലെങ്കിലും ആസ്വാദ്യത കുറവായിരിക്കും. ​ഗ്ലാസ് ജാറിലടച്ച് അധികം തണുപ്പോ ചൂടോ ഇല്ലാത്ത ജലാംശമില്ലാത്ത ഇടത്താവണം ഈ കുപ്പി സൂക്ഷിക്കേണ്ടത്.

dot image
To advertise here,contact us
dot image