നാവിലിട്ടാല്‍ അലിയുന്ന ഹല്‍വ രുചികള്‍

വ്യത്യസ്ത തരത്തിലുളള മൂന്ന് തരം ഹല്‍വകള്‍ തയ്യാറാക്കാം

dot image

ഹല്‍വ എന്ന് കേള്‍ക്കുമ്പോഴേ എല്ലാവര്‍ക്കും ഒരു പ്രത്യേകതയാണ്. പല നിറത്തിലും രുചിയിലും ലഭിക്കുന്ന ഹല്‍വ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. ബേക്കറികളിലെ ചില്ലലമാരയിലിരിക്കുന്ന ഹല്‍വയെ വെറുതെയാണെങ്കിലും ഒന്നുനോക്കാന്‍ തോന്നാറുണ്ടല്ലേ.

ഹല്‍വ വീട്ടില്‍തന്നെ തയ്യാറാക്കി സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കുട്ടികള്‍ക്ക് കൊടുത്തുനോക്കൂ.

വെള്ള ഹല്‍വ


ആവശ്യമുള്ള സാധനങ്ങള്‍
മൈദ-ഒന്നര കിലോ
വറുത്ത അരിപ്പൊടി-ഒന്നര കപ്പ്
ഡാല്‍ഡ-750 ഗ്രാം
നെയ്യ്-250 ഗ്രാം
പഞ്ചസാര- ഒരു കിലോ
കശുവണ്ടിപ്പരിപ്പ്- ഒരു കപ്പ്
ചെറുനാരങ്ങ- മൂന്നെണ്ണം
ജാതിക്കാപ്പൊടി-അര ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത്-അര ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം

മൈദയില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴച്ച് മൂന്ന് ഉരുളകളാക്കി വലിയ പാത്രത്തില്‍ മാവ് മുങ്ങി നില്‍ക്കെ വെള്ളം ഒഴിച്ച് മൂന്ന് മണിക്കൂര്‍ വയ്ക്കുക. മറ്റൊരു പാത്രത്തില്‍ വെള്ളമെടുത്ത് ഓരോ ഉരുളകളും അതിലിട്ട് കൈകൊണ്ട് ഞെക്കി പിഴിഞ്ഞ് അതിന്റെ നൂറ് പശയില്‍ നിന്ന് മാറ്റുക. നൂറിന് നല്ല വെള്ള നിറമായിരിക്കും. ഈ നൂറ് വെള്ളം തെളിയൂറും വരെ വയ്ക്കുക. തെളിയൂറ്റിയ ശേഷം നൂറ് എടുത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് നീട്ടി കലര്‍ത്തി അടുപ്പത്ത് വയ്ക്കുക. അര കപ്പ് ബട്ടര്‍ ചേര്‍ത്ത് പിുഡ്ഡിംഗ് പരുവമാകുമ്പോള്‍ അരിപ്പൊടി വെള്ളത്തില്‍ കലര്‍ത്തി ചേര്‍ക്കുക. ഡാല്‍ഡ കുറേശെ ചേര്‍ത്ത് അടിക്കു പിടിക്കാതെ ഇളക്കുക. ഏകദേശം മുറുകുമ്പോള്‍ ചെറുനാരങ്ങാനീരും ഏലയ്ക്കയും ജാതിക്കാപൊടിച്ചതും കശുവണ്ടി അരിഞ്ഞതും കൂടിയിട്ട് ഇളക്കുക. പിന്നീട് നെയ്യും ചേര്‍ത്ത് ഉരുട്ടിയാല്‍ ഉരുളുന്ന പരുവമാകുമ്പോള്‍ വാങ്ങി പാത്രത്തില്‍ കോരിയൊഴിച്ച് തണുക്കുമ്പോള്‍ മുറിച്ച് വിളമ്പാം.

കറുത്ത ഹല്‍വ

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി-ഒരു കിലോ
ശര്‍ക്കര-ഒരുകിലോ (പാനിയാക്കിയത്)
ബട്ടര്‍-രണ്ട് കപ്പ്
ഏലയ്ക്കാ പൊടിച്ചത്-അര ടീസ്പൂണ്‍
ജാതിക്കാപ്പൊടി- അര ടീസ്പൂണ്‍
ചുക്ക് പൊടി- അര ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്- ഒരു കപ്പ്
നെയ്യ്-കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

തരിയില്ലാതെ അരിപ്പൊടി അരിച്ചെടുക്കുക. വെള്ളത്തില്‍ ശര്‍ക്കര പാനി ചേര്‍ത്ത് അരിമാവ് കലക്കി അടുപ്പില്‍ വയ്ക്കുക. ബട്ടര്‍ ചേര്‍ത്ത് ഇടയ്ക്ക് ഇളക്കുക. ഏകദേശം ഹല്‍വയുടെ പാകമായി വരുമ്പോള്‍ നെയ്യില്‍ കശുവണ്ടി വറുത്ത് പൊടികളും ചേര്‍ത്ത് ഇളക്കുക.ശേഷം വാങ്ങി പാത്രത്തില്‍ കോരി വയ്ക്കുക. തണുത്ത ശേഷം ഉപയോഗിക്കാം…

ചക്ക ഹല്‍വ


ആവശ്യമുള്ള സാധനങ്ങള്‍
ചക്കച്ചുള കുരു കളഞ്ഞത്-30 എണ്ണം
തേങ്ങാപാല്‍-ഒരു കപ്പ്
ശര്‍ക്കര-രണ്ട് കപ്പ്
വെള്ളം-അര കപ്പ്
നെയ്യ് -ഒരു കപ്പ്
കശുവണ്ടിപ്പരിപ്പ്-അര കപ്പ്
ഏലയ്ക്കാപ്പൊടി-ഒരു ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം

ചക്കച്ചുള അരിഞ്ഞ് അപ്പച്ചെമ്പില്‍ ആവി കയറ്റി എടുക്കുക. ചൂടാറിയ ശേഷം അരച്ചെടുക്കുക. അടി കട്ടിയുള്ള ഉരുളിയില്‍ ആവി കയറ്റി അരച്ചെടുത്ത ചക്കപ്പഴം ഇടുക. ഇതിലേക്ക് പാല്‍ , ശര്‍ക്കര,അര കപ്പ് വെള്ളം ,നെയ്യ് എന്നിവ ചേര്‍ക്കുക. ഇളക്കി യോജിപ്പിച്ച ശേഷം ചൂടാക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ച് ബാക്കിയുള്ള നെയ്യും കൂടി ചേര്‍ക്കുക. ഒരു മണിക്കൂര്‍ നല്ലതുപോലെ ഇളക്കി സാവധാനം തിളപ്പിക്കുക. കശുവണ്ടിയും ഏലയ്ക്കയും ചേര്‍ത്ത് അര മണിക്കൂര്‍ കൂടി വേവിക്കുക. കൂട്ട് കട്ടിയാകുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങി വയ്ക്കുക. എണ്ണ പുരട്ടിയ പാത്രത്തിലേക്ക് പകര്‍ത്തിയ ശേഷം മുകള്‍ ഭാഗം കത്തികൊണ്ട് മിനുസപ്പെടുത്തുക. ചൂടാറിയ ശേഷം ചതുര കഷണങ്ങളായി മുറിച്ച് വിളമ്പാം.

Content Highlights : Halva flavors that melt on your tongue. Three different types of halwa can be prepared

dot image
To advertise here,contact us
dot image