മധുരം പങ്കുവച്ച് ദീപാവലി ആഘോഷിക്കാം; ഇതാ ചില സ്വാദേറും രുചിക്കൂട്ടുകള്‍

മധുരപലഹാരങ്ങളില്ലാതെ ഒരു ദീപാവലിയും കടന്നുപോവില്ല. ഈ ദീപാവലിക്ക് മധുരം നിര്‍ബന്ധമായും തയ്യാറാക്കി നോക്കണം

dot image

ദീപാവലിയായാല്‍ സ്വീറ്റ്‌ബോക്‌സും കൊണ്ട് സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ വരാറുണ്ടല്ലേ. ദീപാവലിയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് മധുരം പങ്കുവച്ച് ആഘോഷിക്കുക എന്നത്. കടകളില്‍ നിന്ന് മധുരപലഹാരങ്ങള്‍ വാങ്ങാതെ ഇത്തവണ ചില സ്പെഷ്യല്‍ മധുര പലഹാരങ്ങള്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കി വിളമ്പൂ....


സൂചി ഹല്‍വ

ആവശ്യമുള്ള സാധനങ്ങള്‍
റവ- ഒരു കപ്പ്
നെയ്യ്- അര കപ്പ്
പാല്‍- മുക്കാല്‍ കപ്പ്
പഞ്ചസാര- അര കപ്പ്
കശുവണ്ടിപ്പരിപ്പ് - പത്തെണ്ണം

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി അതിലേക്ക് റവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക. പാല്‍ തിളപ്പിച്ച് റവ കൂട്ടിലേക്ക് ഒഴിച്ച് ഇളക്കുക.ശേഷം പഞ്ചസാര ചേര്‍ക്കാം. റവകൂട്ട് കട്ടിയാകുന്നതുവരെ (ഹല്‍വയുടെ പരുവത്തില്‍) ഇളക്കണം. കശുവണ്ടി നെയ്യില്‍ വറുത്തുകോരി ഹല്‍വയുടെ മുകളില്‍ വിതറി വിളമ്പാം.

കേസര്‍ പേട

ആവശ്യമുള്ള സാധനങ്ങള്‍
പാല്‍- ഒരു ലിറ്റര്‍
പാല്‍പ്പൊടി- നാല് കപ്പ്
പഞ്ചസാര-100 ഗ്രാം
ബട്ടര്‍- നാല് ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍
പിസ്ത- അര ടേബിള്‍ സ്പൂണ്‍(ചെറിയ കഷണങ്ങളാക്കിയത്)

തയ്യാറാക്കുന്ന വിധം

പാന്‍ അടുപ്പില്‍വച്ച് ചൂടാക്കി ബട്ടര്‍ ഉരുക്കുക. അതിലേക്ക് പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ പാല്‍പ്പൊടി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. തീകുറച്ച ശേഷം പഞ്ചസാര ചേര്‍ത്ത് അലിയുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലയ്ക്കാ പൊടിയും പിസ്തയും ചേര്‍ത്ത് ഇളക്കി അടുപ്പില്‍നിന്ന് ഇറക്കി വയ്ക്കാം. ചൂട് മാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് വിളമ്പാം.

ഗുല്‍ഖാണ്ഡ് പേട

ആവശ്യമുള്ള സാധനങ്ങള്‍
കോയ(khoya)-അര കിലോ
പഞ്ചസാര പൊടിച്ചത്-രണ്ട് കപ്പ്
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
ചതച്ച ഏലയ്ക്ക -ഒരു ടീസ്പൂണ്‍
പിസ്ത- ഒരു ടീസ്പൂണ്‍
ഗുല്‍ഖണ്ഡ്(റോസ് എസന്‍സ് മിശ്രിതം)-രണ്ട് ടേബിള്‍ സ്പൂണ്‍
ബദാം- പത്തെണ്ണം(ചെറിയ കഷണങ്ങളാക്കിയത്)

തയ്യാറാക്കുന്ന വിധം
പാന്‍ തീ കുറച്ച് അടുപ്പില്‍ വയ്ക്കുക. ചൂടാകുമ്പോള്‍ ഗുല്‍ഖണ്ഡ് ചേര്‍ക്കുക. ഒന്ന് സോഫ്റ്റായി വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റി പാത്രത്തിലൊഴിച്ച് ചൂടാറാന്‍ വയ്ക്കാം. ഒരു പാത്രത്തില്‍ കോയ അരിഞ്ഞ് ചേര്‍ത്ത് അതില്‍ പഞ്ചസാരപ്പൊടിയും ചേര്‍ത്തിളക്കുക. ഒരു പാന്‍ അടുപ്പില്‍വച്ച് ചൂുടാക്കി കോയ കൂട്ട് ചേര്‍ത്ത് ഏതാനും മിനിറ്റ് ചൂടാക്കുക. ഇത് കട്ടിയായി വരുമ്പോള്‍ അടുപ്പില്‍നിന്ന് മാറ്റാം. ശേഷം ഏലയ്ക്കാപ്പൊടി ചേര്‍ത്ത് യോജിപ്പിച്ചെടുക്കാം. ചൂടാറി കഴിയുമ്പോള്‍ ഇതില്‍നിന്ന് അല്‍പ്പമെടുത്ത് കയ്യില്‍വച്ച് പരത്തി നടുവില്‍ ഗുല്‍ഖണ്ഡ് അല്‍പ്പം വച്ച് റോള്‍ ആക്കിയോ ഉരുട്ടിയോ എടുക്കാം. ചതച്ച ഏലയ്ക്കയും ബദാമും വച്ച് അലങ്കരിച്ച് വിളമ്പാം.


സ്വീറ്റ് കട്ലറ്റ്

ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ് പൊടി-ഒരു കപ്പ്
മൈദ-രണ്ട് ടേബിള്‍ സ്പൂണ്‍
ശര്‍ക്കര- 50 ഗ്രാം(ചീകിയത്)
ഏത്തപ്പഴം- മൂന്നെണ്ണം(പുഴുങ്ങി ഉടച്ചെടുത്തത്)
എണ്ണ-ആറ് ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടി, മൈദ, ശര്‍ക്കര , ഏത്തപ്പഴം ഇവ വെള്ളം ചേര്‍ക്കാതെ കൈകൊണ്ട് മൃദുവാകുന്നതുവരെ കുഴച്ചെടുക്കുക. ഇത് കുറേശെ വീതമെടുത്ത് കട്ലറ്റിന്റെ ഷേപ്പില്‍ പരത്തുക. ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി പരത്തിവച്ചത്് ഓരോന്നുവീതം വറുത്തുകോരി എടുക്കാം.

ചോക്കലേറ്റ് ബര്‍ഫി

ആവശ്യമുള്ള സാധനങ്ങള്‍

കോയ- രണ്ടര കപ്പ്
പഞ്ചസാര- മുക്കാല്‍ കപ്പ്
ഏലയ്ക്ക പൊടി- അര ടീസ്പൂണ്‍
വാനില എസന്‍സ്-ഒരു ടീസ്പൂണ്‍
കൊക്കോ പൗഡര്‍-ഒരു ടീസ്പൂണ്‍
അണ്ടിപരിപ്പ്- പത്തെണ്ണം(ചെറുതായി നുറുക്കിയത്)
വെളിച്ചെണ്ണ- അല്‍പ്പം

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പില്‍വച്ച് ചെറിയ തീയില്‍ ചൂടാക്കി കോയ ചേര്‍ത്ത് ചൂടാക്കുക. അതിലേക്ക് പഞ്ചസാര,ഏലയ്ക്കാ പൊടി, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് തീകൂട്ടിവച്ച് ഇളക്കുക. ഹല്‍വയുടെ പാകത്തില്‍ കട്ടിയായി തുടങ്ങുമ്പോള്‍ അടുപ്പില്‍നിന്ന് ഇറക്കി തണുക്കാന്‍ വയ്ക്കാം. തണുത്ത ശേഷം രണ്ടായി പകുത്ത് ഒരു പകുതി ചെറിയ ചതുര കഷണങ്ങളായി മുറിക്കുക. കൈയില്‍ അല്‍പ്പം വെളിച്ചെണ്ണ തടവിയ ശേഷം മാറ്റിവച്ച പകുതിയില്‍ കൊക്കോ പൗഡര്‍ ചേര്‍ത്ത് കുഴച്ചു വയ്ക്കുക. ഇതും ചതുരകഷണങ്ങളായി മുറിക്കുക. ഒരു ഫോയില്‍ പേപ്പറിന് മുകളില്‍ ആദ്യം തയ്യാറാക്കിയ ഒരു കഷണം വച്ച് അതിനു മുകളില്‍ കൊക്കോ പൗഡര്‍ ചേര്‍ത്ത മറ്റൊരു കഷണവും വച്ച് മുകളില്‍ അണ്ടിപ്പരിപ്പ് വിതറാം.ഫോയില്‍ പേപ്പര്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

Content Highlights : No Diwali is complete without sweets. Let's celebrate Diwali by sharing sweets

dot image
To advertise here,contact us
dot image