വാഴയിലയില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക രുചിയാണല്ലേ?. നല്ല നാടന്‍ മത്തി വാഴയിലയില്‍ പൊള്ളിച്ച് കഴിച്ച് നോക്കിയിട്ടുണ്ടോ? എന്തൊരു രുചിയാണ്.ഇത് ഒരിക്കലെങ്കിലും കഴിച്ചില്ല എങ്കില്‍ നഷ്ടം തന്നെയാണ്.
ആവശ്യമുളള സാധനങ്ങള്‍
വലിയ മത്തി വൃത്തിയാക്കിയത് -ആറെണ്ണം
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -250 ഗ്രാം
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് -ഒന്നര ടീസ്പൂണ്‍
മുളക് പൊടി- 2 ടീസ്പൂണ്‍
കുരുമുളക് പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് -മൂന്നെണ്ണം
ഉപ്പ് -ആവശ്യത്തിന്
വാഴയില-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മത്തി വൃത്തിയാക്കി വരഞ്ഞെടുക്കുക. മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവയും കുറച്ചു വെള്ളവും ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി വരഞ്ഞുവച്ച മത്തിയില്‍ നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക. അതിനു ശേഷം മീന്‍ അല്‍പം എണ്ണയില്‍ ഇരുവശവും ഒന്ന് ചെറുതായി മൊരിയുന്നതുവരെമാത്രം വറുക്കുക.
ശേഷം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. അതിലേക്കു ചുവന്നുള്ളി അരിഞ്ഞത് ചേര്‍ക്കുക. ഉള്ളി വഴന്നു കഴിയുമ്പോള്‍ അതിലേക്കു ഒരു സ്പൂണ്‍ മുളകുപൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക.ഒരു ചെറിയ കഷണം കുടംപുളി മൂന്നു സ്പൂണ്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് അതും ചേര്‍ക്കുക. ചൂടായി കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
വാഴയില വാട്ടി എടുത്ത് അതില്‍ കുറച്ച് മസാല വെച്ച് അതിന്റെ മുകളില്‍ മീന്‍ വെച്ച് അതിന്റെ മുകളില്‍ ഒരു സ്പൂണ്‍ മസാല കൂടി വെച്ച് ഇല നന്നായി മടക്കി വാഴനാരു കൊണ്ട് കെട്ടുക. ഒരു പാനില്‍ എണ്ണ പുരട്ടി തയാറാക്കിയ മീന്‍ അതില്‍ വെച്ച് ഇരു വശവും നന്നായി വേവുന്നത് വരെ ചുട്ടെടുക്കുക.
Content Highlights :Let's see how to prepare the dish of local sardines poached in banana leaves