എല്ലാ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും അത് ഉപയോഗിക്കാന്‍ ഒരു നിശ്ചിത സമയമുണ്ട്. അതായത് അതിന്റെ (എക്‌സ്പയറിഡേറ്റ്). നമ്മള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ കവറിന് പുറത്ത് അത് നിര്‍മ്മിച്ച തീയതിയും എന്ന് വരെ ഉപയോഗിക്കാമെന്നും രേഖപ്പെടുത്തിയിട്ടുണ്ടാവാം. ആ ദിവസത്തിന് ശേഷം ആ ഉല്‍പ്പന്നം കഴിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി പായ്ക്ക് ചെയ്യാത്ത ഭക്ഷണമാണെങ്കില്‍ അതിന്റെ ഉപയോഗക്രമം എങ്ങനെയാണ് ?
പലപ്പോഴും നമ്മുടെ ചുറ്റിലും ഉള്ളവര്‍ ഗോതമ്പ് പൊടി, ചെറുപയര്‍, ശുദ്ധീകരിച്ച മാവ് എന്നിവയുടെയൊക്കെ പാക്കറ്റുകള്‍ അവയുടെ കാലഹരണ തീയതിക്ക് ശേഷവും ഉപയോഗിക്കാറുണ്ട്. ഇത് ഒരു സമയം വരെ അപകടകരമല്ല. എന്നാല്‍ പാല്‍, ഇറച്ചി, മുട്ട, പനീര്‍ പോലെയുള്ളവയില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാല്‍ ബാക്ടീരിയ പെരുകുകയും അത് ഭഷ്യജന്യ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയുണ്ടാവാന്‍ സാധ്യതയുണ്ട്.ഛര്‍ദ്ദി, വയറുവേദന, വയറിളക്കം, ശരീരവേദന, പനി എന്നിവയൊക്കയാണ് രോഗലക്ഷണങ്ങള്‍. കാലഹരണപ്പെട്ട ഭക്ഷണപദാര്‍ഥങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന അപകടകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്.
പായ്ക്ക് ചെയ്ത ഭക്ഷണപദാര്‍ഥങ്ങളില്‍ പലപ്പോഴും അത് ഉപയോഗിക്കാവുന്നതിന്റെ തീയതിയും മറ്റും ഉണ്ടാവും. എന്നാല്‍ പായ്ക്ക് ചെയ്യാതെ നാം വാങ്ങി ഉപയോഗിക്കുന്ന ഭക്ഷണങ്ങള്‍ എപ്പോള്‍ വരെ ഉപയോഗിക്കാം എന്ന കാര്യത്തില്‍ പലപ്പോഴും ആളുകള്‍ക്ക് സംശയമുണ്ടാവാറുണ്ട്. ഇത്തരത്തിലുളള ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങുമ്പോള്‍ത്തന്നെ അവ സൂക്ഷ്മമായി ഒന്ന് നിരീക്ഷിച്ചോളൂ.അവയില്‍ പൂപ്പലോ, കേടോ, കീടങ്ങളോ ഉണ്ടോ എന്ന് നോക്കാം. അതുപോലെ ചിലതിന്റെയൊക്കെ ഗന്ധം നോക്കിയും അത് കേടായോ എന്ന് അറിയാന്‍ സാധിക്കും. അത്തരത്തില്‍ കേടായതിന്റെതായ ഗന്ധമുണ്ടെങ്കില്‍ അവ ഒഴിവാക്കാവുന്നതാണ്.
മുമ്പ് പറഞ്ഞതുപോലെ ഗോതമ്പ് പൊടി, ചെറുപയര്‍, ശുദ്ധീകരിച്ച മാവ് എന്നിവയുടെയൊക്കെ പാക്കറ്റുകള്‍ അവയുടെ കാലഹരണ തീയതിക്ക് ശേഷവും ഉപയോഗിക്കുന്നവരുണ്ട്. അതുപോലെ റഫ്രിജറേറ്ററില്‍ വച്ച് ഉപയോഗിക്കുന്നവയും കൂടുതല്‍ കാലം കേടുകൂടാതെ ഉപയോഗിക്കാം എന്ന് ഭൂരിഭാഗം ആളുകളും കരുതാറുണ്ട്. കാലഹരണപ്പെട്ട ഭക്ഷണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ രുചിയും പോഷകഗുണവും നഷ്ടപ്പെടുകയും അത് ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യും എന്ന് മറക്കരുത്.
Content Highlights: Dangers of consuming food after the expiry date