പൂര്‍ണമായും വെജിറ്റേറിയന്‍ വിഭവമായ ഒരു ഇറച്ചി ഉണ്ടാക്കിയാലോ? അതാണ് പയര്‍ ഇറച്ചി. പേരില്‍ ഇറച്ചിയുണ്ട്, കണ്ടാലും ഇറച്ചിയുടെ ലുക്ക് ആണ്, രുചിയും അടിപൊളിയാണ്!
പയര്‍ വര്‍ഗ്ഗങ്ങള്‍ അരച്ച് ഉണക്കി തയ്യാറാക്കുന്ന ഒന്നാണിത്. ഇതുപയോഗിച്ച് ഇറച്ചി കറി വെക്കുന്നതുപോലെ രുചികരമായ പല വിഭവങ്ങളും തയ്യാറാക്കാന്‍ സാധിക്കും. വളരെ ആരോഗ്യപ്രദവും പോഷകസമ്പുഷ്ടവുമായ പയര്‍ ഇറച്ചി, പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടാത്ത കൊച്ചുകുട്ടികള്‍ക്കുവരെ ഇഷ്ടപ്പെടും.
ആവശ്യമുളള സാധങ്ങള്‍
ചെറുപയര്‍- 1/2 കപ്പ്
കടല -1/2 കപ്പ്
ഗ്രീന്‍പീസ് - 1/2 കപ്പ്
മുതിര - 1/2 കപ്പ്
തൊലിയോട് കൂടിയ ഉഴുന്ന് - 1/2 കപ്പ്
പച്ചമുളക് - 5 എണ്ണം
ഇഞ്ചി -ഒരു കഷണം
പുതിനയില - അര പിടി
ചെറിയ ജീരകം - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പയര്‍ വര്‍ഗ്ഗങ്ങളും ഉഴുന്നും എട്ട് മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് കുതിരാന്‍ വയ്ക്കുക. ശേഷം ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, പുതിനയില, ചെറിയ ജീരകം, കുരുമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വെള്ളം ഒട്ടും ചേര്‍ക്കാതെ മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ ഈ അരച്ചുവച്ച മിശ്രിതം ഇട്ട് ചെറിയ തീയില്‍ ഇത് കട്ടിയായി വരുന്നതുവരെ പാകം ചെയ്യണം. ഇനി മുറത്തിലോ ഒരു പരന്ന പാത്രത്തിലോ ഫോയില്‍ പേപ്പര്‍ വച്ച് അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും വിതറി അതിനുമുകളില്‍ ചൂടാറിയ കൂട്ട് ചെറിയ ഉരുളകളായി ഉരുട്ടി നിരത്തി വയ്ക്കുക. വീണ്ടും അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും ഇതിന് മുകളില്‍ വിതറി മൂന്ന് ദിവസം വെയിലത്ത് വച്ച് നന്നായി ഉണക്കി വായൂകടക്കാത്ത കുപ്പിയിലാക്കി അടച്ച് സൂക്ഷിക്കാം. ആവശ്യാനുസരണം എടുത്ത് ഇറച്ചി റോസ്റ്റ് തയ്യാറാക്കുന്നതുപോലെ ഉണ്ടാക്കാം.
Content Courtesy: Puleekar/Instagram page
Content Highlights : No other food you have eaten is so nutritious. How to prepare a completely vegetarian lentil meat