ബേക്കറി പലഹാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ. കൂടുതലിഷ്ടം മധുരമായാലും എരിവായാലും പലഹാരം വാങ്ങാൻ ബേക്കറിയിലേക്ക് ഓടുന്നവരാണ് മലയാളികളിൽ ഏറിയ പങ്കും, കുട്ടികളുടെ ഇഷ്ടവിഭവങ്ങൾക്കായി പ്രത്യേകിച്ച്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു മിടുക്കിക്കുഞ്ഞുണ്ട്, മിവാനിയ മിഥുൻ. തന്റെ ഇഷ്ടപലഹാരത്തിന് മിവാനിയ ഇട്ട പേരാണ് വൈറലായത്, മൊട്ട ഒളിഞ്ഞിരിക്കണ സാധനം!
സംഗതി നമ്മുടെ മുട്ട പഫ്സ് ആണ്. അതിനെ മലയാളത്തിലാക്കിയ മിടുക്കിയാണ് മിവാനിയ. എന്തായാലും മിവാനിയയെപ്പോലെ ഒരുപാട് കുസൃതിക്കുട്ടികൾക്കും നിരവധി മുതിർന്നവർക്കും ഇഷ്ടപ്പെട്ട പലഹാരമാണ് മുട്ട പഫ്സ്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരവുമാണിത്.
ആദ്യം പഫ്‌സ് ഷീറ്റ് തയ്യാറാക്കാം. അതിനാവശ്യമായ ചേരുവകൾ നോക്കാം
മൈദ- ഒന്നര കപ്പ്
ഉപ്പ്- ആവശ്യത്തിന്
ബട്ടർ / നെയ്യ്- 2 ടേബിൾ സ്‌പൂൺ
മുട്ട- 2
വെള്ളം- ആവശ്യത്തിന്
പഫ്സിന് ഫില്ലിംഗ് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
സണ്‍ഫ്ലവര്‍ ഓയില്‍- 1 ടേബിൾ സ്‌പൂൺ
സവാള- 3 എണ്ണം
വെളുത്തുള്ളി- 3 അല്ലി
ഇഞ്ചി- ഒരു കഷ്ണം
കറിവേപ്പില- ആവശ്യത്തിന്
മുളക് പൊടി- 1/ 2 ടീസ്‌പൂൺ
മഞ്ഞൾ പൊടി- / 4 ടീസ്പൂൺ
കുരുമുളക് പൊടി- 1/2 ടീസ്പൂൺ
മുട്ട പുഴുങ്ങിയത്- 2 എണ്ണം
തയ്യാറാക്കുന്നതെങ്ങനെ
ഉപ്പ്, ബട്ടർ,ഒരു മുട്ട, വെള്ളം എന്നിവ ചേർത്ത് മൈദ മാവ് തയ്യാറാക്കുക. അത് 15 മിനിറ്റ് മാറ്റി വയ്ക്കുക.
ഈ സമയം കൊണ്ട് മസാല തയ്യാറാക്കാം.
ആദ്യം പാനിൽ എണ്ണ ചൂടാകാൻ വെക്കുക. എണ്ണ ചൂടായ ശേഷം സവാള വഴറ്റിയെടുക്കുക.
അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക. മുളക്പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി എന്നിവയും ചേർത്ത് വഴറ്റുക.
പഫ്‌സ് ഷീറ്റ് തയ്യാറാക്കാനായി മാവ് ചെറിയ ഉരുളകളാക്കിയ ശേഷം പുരിയുടെ വലിപ്പത്തിൽ പരത്തിയെടുക്കുക.
ഓരോന്നിലും ബട്ടർ തേച്ച്, ഒന്നിനു മുകളിൽ ഒന്നായി വയ്ക്കുക. ശേഷം എല്ലാം കൂടി കട്ടികുറച്ച് പരത്തുക.
അതിനെ ചെറിയ സ്‌ക്വയർ ആയി മുറിക്കുക. അരികുകൾ മുറിച്ചു കളയുക.
സ്ക്വയര്‍ ഷീറ്റുകളിൽ മസാലയും മുട്ടയുടെ പകുതിയും വെക്കുക. ഫില്ലിങ് വച്ചു കൊടുത്തശേഷം കോണുകൾ മധ്യഭാഗത്തേക്കു മടക്കുക. അലൂമിനിയം ഫോയിൽ ഇട്ട ബേക്കിങ് ട്രേയിലേക്ക് ഇത് മാറ്റാം. ഈ സമയം കൊണ്ട് ബട്ടര്‍ ഉരുകി ഷീറ്റുകൾ വളരെ സോഫ്റ്റായെങ്കിൽ 10 മിനിറ്റ് ഫ്രിഡ്ജിൽ വെക്കാവുന്നതാണ്.
ഇനി ഓരോന്നിനു മുകളിലും മുട്ട അടിച്ചത് ബ്രഷ് ചെയ്ത് കൊടുക്കാം. ഇത് പ്രീഹീറ്റ് ചെയ്ത ഓവനിൽ 190℃ ചൂടിൽ 30 മിനിറ്റു നേരം ബേക്ക് ചെയ്തെടുക്കാം. രുചികരമായ മുട്ട പഫ്സ് തയ്യാർ.
ചില കാര്യങ്ങൾ ശ്രദ്ധിക്കണം
എല്ലാ ലെയറുകളും ലഭിക്കുന്നതിനായി പരത്തിയ പഫ് പേസ്ട്രിയുടെ അരികുകൾ മുറിച്ചു കളയാന്‍ മറക്കരുത്. ഇത് സ്‌കിപ്പ് ചെയ്‌താൽ പഫ്‌സിലെ ലെയറുകൾ കാണാനാവില്ല.
പഫ് പേസ്ട്രി ഷീറ്റ് മുറിച്ചു കഴിഞ്ഞു വീണ്ടും പരത്തരുത്.
മുകളിലും താഴെയുമുള്ള ഫിലമെന്റുകൾ ഓൺ ആവുന്ന മോഡിൽ ബേക്ക് ചെയ്യുക.
Content HIghlights: How to make egg puffs