കറുമുറെ കറുമുറെ കൊണ്ടാട്ടം, ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നാലെണ്ണം

ഊണിനൊപ്പം അച്ചാറുപോലെതന്നെ വിളമ്പാം കൊണ്ടാട്ടവും. പച്ചക്കറികള്‍ കൈയ്യില്‍കിട്ടുന്നതനുസരിച്ച് ഈ നാല് കൊണ്ടാട്ടങ്ങള്‍ തയ്യാറാക്കി സൂക്ഷിച്ചോളൂ...

dot image

മിക്കവീടുകളിലും അടുക്കളടയില്‍ ടിന്നിലടച്ചും കുപ്പിയിലടച്ചും ഒക്കെ സൂക്ഷിച്ചിരിക്കുന്ന പലതരം കൊണ്ടാട്ടം ഉണ്ടാവും. അച്ചാറ് പോലെതന്നെ ചിലര്‍ക്ക് ഊണിന് കൊണ്ടാട്ടം നിര്‍ബ്ബന്ധമാണ്. പച്ചക്കറികളും മുളകും ഒക്കെ ലഭ്യമായ കാലയളവില്‍ ശേഖരിച്ച് ഉണക്കിയാണ് കൊണ്ടാട്ടം ഉണ്ടാക്കുന്നത്. കറുമുറെ കഴിയ്ക്കാനുള്ള ചില കൊണ്ടാട്ടങ്ങള്‍ പരിചയപ്പെടാം.

പാവയ്ക്ക കൊണ്ടാട്ടം

ആവശ്യമുള്ള സാധനങ്ങള്‍

പാവയ്ക്ക -രണ്ടെണ്ണം
മഞ്ഞള്‍പ്പൊടി - പാകത്തിന്
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

പാവയ്ക്ക വൃത്തിയായി കഴുകിയശേഷം അധികം കനമില്ലാതെ വട്ടത്തില്‍ അരിഞ്ഞെടുക്കുക. ഈ കഷ്ണങ്ങളില്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ആവിയില്‍ വാട്ടിയെടുക്കുക. ഇത് ഒരു പരന്ന പാത്രത്തിലോ പായയിലോ മറ്റൊ നിരത്തി നല്ല വെയിലില്‍ ഉണക്കിയെടുക്കുക. പാവയ്ക്ക കഷണങ്ങള്‍ നന്നായി ഉണങ്ങിയ ശേഷം ടിന്നില്‍ അടച്ചുസൂക്ഷിക്കാം. ആവശ്യാനുസരണം എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

അരി കൊണ്ടാട്ടം

ആവശ്യമുള്ള സാധനങ്ങള്‍

അരി-മൂന്ന് കപ്പ്
ജീരകം-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
എള്ള്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരി രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. വെളളം ഊറ്റി കളഞ്ഞ് ജീരകം, മുളക് പൊടി എന്നിവ ചേര്‍ത്ത് അരച്ചു കുറച്ചു വെളളവും ചേര്‍ത്ത് അടുപ്പില്‍ വെച്ച് കുറക്കിയെടുക്കുക. തണുത്ത ശേഷം എള്ള്, ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കി ഇടിയപ്പത്തിന്റെ അച്ചില്‍ മുറുക്കിന്റെ ചില്ലിട്ട് പിഴിഞ്ഞ് എടുത്ത് വെയിലത്ത് ഉണക്കി വായൂ കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചു വയ്ക്കാം. ആവശ്യാനുസരണം എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

Also Read:

മുളക് കൊണ്ടാട്ടം

ആവശ്യമുള്ള സാധനങ്ങള്‍

കാന്താരി മുളക്-രണ്ട് കപ്പ്
ഉപ്പ്-പാകത്തിന്
പുളിയുള്ള തൈര്-പാകത്തിന്

തയാറാക്കുന്ന വിധം

വെള്ളത്തില്‍ ഉപ്പും കാന്താരി മുളകും ചേര്‍ത്ത് ഒന്ന് തിളപ്പിച്ച് പുളിയുള്ള തൈരില്‍ 2 ദിവസം ഇട്ടു വയ്ക്കുക. ശേഷം നല്ല വെയിലത്ത് കുറച്ചുദിവസം ഉണക്കുക. ആവശ്യാനുസരണം വറുത്ത് ചോറിന്റെയോ കഞ്ഞിയുടെയോ ഒക്കെ കൂടെ കഴിക്കാം.


ചക്ക പാട കൊണ്ടാട്ടം

ആവശ്യമുള്ള സാധനങ്ങള്‍
ചക്ക പാട -ഒരു കപ്പ് തൊലികളഞ്ഞ് കനം കുറച്ച് അരിഞ്ഞത്
മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍
കായപ്പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചക്ക പാടയില്‍ മുളകുപൊടി, കായപ്പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അല്‍പ്പം വെള്ളം കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. കുറച്ചു ദിവസം വെയിലത്തുവച്ച് ഉണക്കുക. ടിന്നിലിട്ട് അടച്ച് വയ്ക്കാം. ആവശ്യത്തിന് എണ്ണയില്‍ വറുത്തുകോരാം.


Content Highlights : Kondattam can be served like pickle with the meal. Prepare these four kondatam according to the availability of vegetables and keep

dot image
To advertise here,contact us
dot image