2024-25 ഖാരിഫ് സീസണിൽ നെല്ലുൽപ്പാദനം ഏകദേശം 120 ദശലക്ഷം ടൺ (എംടി) എന്ന റെക്കോർഡ് നോട്ടത്തിൽ എത്തുമെന്ന് അനുമാനം. കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതാണ് ഇത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിൻ്റെ ആദ്യ അഡ്വാൻസ്ഡ് എസ്റ്റിമേറ്റിൻ്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.
പ്രധാന ഖാരിഫ് വിളയായ നെല്ലിൻ്റെ ഉത്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.8 ശതമാനം കൂടുതലാണെന്നാണ് കണക്ക്. തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ ശരാശരിയേക്കാൾ കൂടുതലായി ലഭിച്ച മഴയാണ് നെൽ ഉത്പാദനത്തെ സ്വാധീനിച്ചത്. എന്നാൽ ഖാരിഫ് പയറുവർഗങ്ങളുടെ ഉൽപ്പാദനം ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ ഏഴ് മെട്രിക് ടൺ ആയി കുറയുമെന്നാണ് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
ഖാരിഫ് ഭക്ഷ്യധാന്യങ്ങളുടെ ആകെ ഉൽപ്പാദനം റെക്കോർഡ് 164.7 മെട്രിക് ടണ്ണാകുമെന്നാണ് പ്രവചനം. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 8.9 മെട്രിക് ടൺ കൂടുതലും ഖാരിഫ് ഭക്ഷ്യധാന്യ ഉൽപ്പാദനം ശരാശരിയേക്കാൾ 12.4 മെട്രിക് ടൺ കൂടുതലുമാണ്. അരി, മണിചോളം, ചോളം എന്നിവയുടെ ഉൽപ്പാദനം വർധിച്ചതാണ് റെക്കോർഡ് ഉൽപ്പാദനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് പയർ, തിന തുടങ്ങിയ വിളകൾ കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പയറുവർഗങ്ങളുടെ ഉൽപ്പാദനം കുറയാനുള്ള പ്രധാന കാരണം കൃഷിയുടെ വിസ്തൃതി കുറഞ്ഞതും പയർ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ അമിത മഴയുമാണ്.
ഭക്ഷ്യധാന്യങ്ങളല്ലാത്തവയിൽ എണ്ണക്കുരു ഉൽപ്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.5 ശതമാനം കൂടുതലായിരിക്കുമെന്നാണ് കണക്കുകൾ. മറുവശത്ത്, കരിമ്പ്, പരുത്തി, ചണം തുടങ്ങിയ വിളകളിൽ കുറവുണ്ടാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഡിജിറ്റൽ ക്രോപ്പ് സർവേയിൽ (ഡിസിഎസ്) നിന്നുള്ള വിവരങ്ങൾ കണക്കെടുപ്പിനായി ഇത്തവണ കൃഷി മന്ത്രാലയം ആദ്യമായി ഉപയോഗപ്പെടുത്തി. ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ്റെ കീഴിൽ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് വിള വിസ്തൃതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ഡിസിഎസ് നടത്തുന്നത്. മാനുവലായി നടത്തുന്ന ഗിർദാവാരി സമ്പ്രദായം മാറ്റിസ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് സിഡിഎസ് നടപ്പിലാക്കുന്നത്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ 100 ശതമാനം പ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് ഖാരിഫ് 2024ൻ്റെ ഡിസിഎസ് അടിസ്ഥാനമാക്കിയുള്ള വിള വിസ്തൃതി കണക്കാക്കിയത്. ഇത് അരിയുടെ വിസ്തൃതി കണക്കാക്കുന്നതിൽ ഗണ്യമായ മാറ്റം ഉണ്ടാക്കിയെന്നാണ് കൃഷി മന്ത്രാലയം അവകാശപ്പെടുന്നത്.
Content Highlights: Rice production in the 2024-25 Kharif season was estimated to hit a record high. Rice production boosted by above normal rainfall on average during southwest monsoon season