പാചകത്തിൽ സ്വാദ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാണ് ഇടികല്ല് എന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് എന്നിങ്ങനെ പാചകത്തിന് ആവശ്യമായത് ഒന്ന് ചെറുതായി ചതച്ചെടുക്കാൻ നമ്മൾ ഉപയോഗിക്കുന്നതാണ് ഇടികല്ല്. എന്നാൽ ഈ ഇടികല്ല് ഉപയോഗിക്കുന്നതിന് മുൻപ് അവ മെരുക്കിയെടുക്കുന്നതിനെ / താളിച്ചെടുക്കുന്നതിനെ പറ്റി അറിയാമോ? അവ നന്നായി മെരുക്കിയെടുത്തില്ലെങ്കിൽ എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിയാമോ? എപ്പോഴും കല്ല് ഉപയോഗിക്കുന്നതിന് മുൻപ് അവ മെരുക്കിയെടുക്കണം. ഇവ മസാലകളും പൊടികളും ചതച്ചെടുക്കാൻ ഏറെ ഉപകാരപ്രദമാണ്.
ആദ്യം കല്ല് നല്ല വൃത്തിയിൽ കഴുകിയെടുക്കണം. ശേഷം ഉണങ്ങിയ അരി കല്ലിൽ ഇട്ട് നല്ല പൊടിയായി പൊടിച്ച് എടുക്കണം. ഇത് കല്ലിനുള്ളിലെ മറ്റ് പെടിപടലങ്ങൾ നീക്കാൻ സഹായിക്കും. അതിന് ശേഷം കുതിർത്ത് വെച്ച അരി അതിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കണം. ഇത് കല്ല് കൂടുതൽ മിനുസപ്പെടുത്താൻ സഹായിക്കും. ഇതിന് എല്ലാം ശേഷം കല്ല് നന്നായി കഴുകി എണ്ണ പുരട്ടി 24 മണിക്കൂർ ഉണങ്ങാൻ വെക്കണം. പിന്നീട് പാചക ആവശ്യങ്ങൾക്ക് കല്ല് ഉപയോഗിക്കാവുന്നതാണ്.
ഭക്ഷണത്തിന് ഉപയോഗിക്കുന്ന ഏത് എണ്ണ വേണമെങ്കിലും ഉപയോഗിക്കാം. ഇങ്ങനെ എണ്ണ പുരട്ടുന്നതിലൂടെ മലിനീകരണം തടസ്സപ്പെടുത്തുകയും അരക്കുന്ന പദാർത്ഥത്തിന്‍റെ രുചി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം കല്ലിൽ അഴുക്ക് അടിഞ്ഞുകൂടുന്നത് തടയുകയും സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു. മാത്രമല്ല കല്ലിൻ്റെ ശുചിത്വം ദീർഘനാൾ നിലനിർത്താനും ഇവ സഹായിക്കും.
ഓരോ ഉപയോഗത്തിനു ശേഷവും ഇടി കല്ല് നന്നായി വൃത്തിയാക്കണം. നന്നായി കഴുകിയ ശേഷം ചൂടുവെള്ളത്തിൽ കഴുകുന്നതും ഉചിതമാണ്. നാല്, അഞ്ച് പ്രാവശ്യം ഉപയോഗിച്ച ശേഷം വീണ്ടും കല്ലിനെ മെരുക്കിയെടുക്കണം. ഏങ്കിലേ അവ വൃത്തിയാവുകയും ഉപയോഗത്തിന് അനുസരിച്ചും മിനുസപ്പെടുകയും ചെയ്യുകയുള്ളൂ.
മനുഷ്യർക്ക് തീയും മൂർച്ചയുള്ള കല്ലുകളും ഉണ്ടാകുന്നതിന് മുൻപ് തന്നെ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ആദ്യത്തെ ഉപകരണമായിരുന്നു ഇടികല്ല്. ഭക്ഷണം ഉണ്ടാക്കുന്നതിനൊപ്പം ഔഷധങ്ങള്‍ തയ്യാറാക്കുന്നതിനും പ്രധാനമായി ഇവ ഉപയോഗിച്ചിരുന്നു. പുരാവസ്തു ഗവേഷകർ 35,000 വർഷങ്ങൾക്ക് മുമ്പുള്ള ഇടികല്ലുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. ഗ്രീക്കുകാർ, റോമാക്കാർ, ആസ്ടെക്കുകൾ, തദ്ദേശീയരായ അമേരിക്കൻ സിയോക്സ്, ഇന്തോ-യൂറോപ്യൻ സെൽറ്റുകൾ, ഈജിപ്തുകാർ എല്ലാം പണ്ട് മുതൽ തന്നെ ഇടികല്ല് ഉപയോഗിച്ചിരുന്നു. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള വൈദ്യശാസ്ത്ര ഗ്രന്ഥമായ ഈജിപ്ഷ്യൻ എബേഴ്സ് പാപ്പിറസിൽ ഇടികല്ലിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. 14-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ഫ്രെസ്കോ പെയിൻ്റിംഗുകളിലും ചിത്രീകരണങ്ങളിലും ഇടികല്ലുകൾ പ്രതൃക്ഷപ്പെട്ടിട്ടുണ്ട്.
Content Highlights: The mortar and pestle still exists in a vast range of shapes, sizes, and forms. Mortar means "bowl for pounding" and pestle is defined as a "club-shaped instrument used for pounding and breaking materials"