തൊട്ടുകൂട്ടാനായി അച്ചാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ഊണിന് മറ്റൊന്നും വേണ്ട അല്ലേ ?. നമ്മുടെ സദ്യകളിലേയും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അച്ചാറുകള്‍. പ്രത്യേകിച്ച് നാരങ്ങാ അച്ചാര്‍. ചുവന്ന നിറമുള്ള അച്ചാറും വെള്ള നിറമുള്ള അച്ചാറും നമുക്ക് പരിചിതമാണ്. സാധാരണ നാരങ്ങ അച്ചാറിനേക്കാള്‍ വേറിട്ട് നില്‍ക്കുന്നവയാണ് വടുകപ്പുളികൊണ്ട് തയ്യാറാക്കുന്ന വെളള നാരങ്ങ അച്ചാര്‍.
ആവശ്യമുള്ള സാധനങ്ങള്‍
നാരങ്ങ -പതിനഞ്ചെണ്ണം
ഉപ്പ് - രണ്ട് ടീസ്പൂണ്‍
നല്ലെണ്ണ - രണ്ട് ടേബിള്‍സ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
ഇഞ്ചി -ഒരു ടീസ്പൂണ്‍(അരിഞ്ഞത് )
വെളുത്തുള്ളി ആറ് അല്ലി(അരിഞ്ഞത് )
പച്ചമുളക് മൂന്നെണ്ണം(നെടുവേ പിളര്‍ന്നത് )
കറിവേപ്പില - നാല് തണ്ട്
വിനാഗിരി -രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
നാരങ്ങ അപ്പചെമ്പില്‍ വെച്ച് ആവി കയറ്റി എടുക്കുക
(നാരങ്ങ പൊട്ടരുത്). തണുത്ത ശേഷം നാരങ്ങയിലെ വെള്ളം തുടച്ചെടുക്കുക. ചീനചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ നാരങ്ങ മുറിക്കാതെ വാട്ടിയെടുക്കുക. ശേഷം മുറിച്ചെടുക്കാം.അതേ എണ്ണയില്‍ തന്നെ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു മൂപ്പിക്കുക. നാരങ്ങ ചേര്‍ത്ത് മൂപ്പിക്കുക. വിനാഗിരിയും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു നാരങ്ങ വേവിക്കണം. അടുപ്പില്‍നിന്ന് വാങ്ങി ചൂടാറിക്കഴിഞ്ഞ് കുപ്പിയിലാക്കി അടച്ചുവയ്ക്കാം .
ആവശ്യമുള്ള സാധനങ്ങള്‍
നാരങ്ങ - പതിനഞ്ചെണ്ണം
ഇഞ്ചി -ഒരു വലിയ കഷണം (അരിഞ്ഞത് )
വെളുത്തുള്ളി -പത്ത് അല്ലി (അരിഞ്ഞത്)
പച്ചമുളക് - ആറെണ്ണം (നെടുകെ പിളര്‍ന്നത്)
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
കറിവേപ്പില -മൂന്ന് തണ്ട്
കടുക് -ഒരു ടീസ്പൂണ്‍
ഉലുവാപ്പൊടി- അര ടീസ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
നല്ലെണ്ണ- ഒരു കപ്പ്
ഉപ്പ് -ആവശ്യത്തിന്
തിളപ്പിച്ചാറിയ വെള്ളം- അര കപ്പ്
വിനാഗിരി -4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിച്ചതില്‍ കുറച്ച് നല്ലെണ്ണ ഒഴിച്ച് അതിലേക്കു നാരങ്ങയിട്ടു വാട്ടുക. നാരങ്ങയുടെ നിറം മാറി കഴിഞ്ഞ് വെള്ളം ഊറ്റി കളയുക. ഓരോ നാരങ്ങയും നന്നായി തുടച്ച് മുറിച്ചു വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി വഴറ്റി എടുക്കുക. ഇതിലേക്ക് മുളകും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി മഞ്ഞള്‍ പൊടിയിട്ടു പച്ചമണം മാറുന്ന വരെ ഇളക്കുക.ഇതിലേക്ക് ഉലുവപൊടി ചേര്‍ത്ത് അരിഞ്ഞു വെച്ചിരിക്കുന്ന നാരങ്ങ ചേര്‍ത്ത് ഇളക്കുക.വെള്ളവും വിനാഗിരിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്നും ഇറക്കുക. കായപ്പൊടി മൂപ്പിച്ചു അച്ചാറിനു മീതെ ഒഴിച്ച് ഇളക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
വടുകപ്പുളി നാരങ്ങ - ഒരെണ്ണം
ഉപ്പ് - ആവശ്യത്തിന്
കാന്താരി മുളക് - 100 ഗ്രാം
വെളുത്തുള്ളി തൊലികളഞ്ഞ് രണ്ടായി മുറിച്ചത് - കാല്‍ കപ്പ്
ഇഞ്ചി അരിഞ്ഞത് - ഒരു വലിയ കഷണം
നല്ലെണ്ണ - 5 ടേബിള്‍ സ്പൂണ്‍
കായപ്പൊടി - 3 ടീസ്പൂണ്‍
കറിവേപ്പില - 4 തണ്ട്
വറ്റല്‍ മുളക് - 4 എണ്ണം
കടുക് - ഒന്നര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
നാരങ്ങ കഴുകി വെള്ളം തുടച്ചുകളഞ്ഞ് മുറിച്ച് കുരുവും അകത്തെ വെളുത്ത പാടയും നീക്കി ചെറിയ കഷണങ്ങളായി അരിയുക. അരിഞ്ഞ നാരങ്ങയിലേക്ക് ഉപ്പ് ചേര്‍ത്ത് ഇളക്കി രണ്ട് മണിക്കൂര്‍ അടച്ച് വയ്ക്കുക. ഒരു പാന്‍ ചൂടാക്കി നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കറിവേപ്പിലയും വഴറ്റി കാന്താരിയും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റി എടുക്കുക. അതിലേക്ക് നാരങ്ങയും കായപ്പൊടിയും ചേര്‍ത്തിളക്കി തീ അണച്ച് അടച്ചുവയ്ക്കുക.
Content Highlights :The white lemon pickle made with vadukapuli is different from the usual lemon pickle