എളുപ്പത്തില്‍ തയ്യാറാക്കാം, ടേസ്റ്റിയുമാണ്; കുട്ടിപ്പട്ടാളത്തെ സന്തോഷിപ്പിക്കാന്‍ ഇതു മതി

ഇന്ന് കുട്ടികളുടെ ദിവസം,ഇതാ കുഞ്ഞുങ്ങള്‍ക്ക് സര്‍പ്രൈസ് കൊടുക്കാനായി ചില സ്‌പെഷ്യല്‍ ഡിഷുകള്‍

dot image

'അമ്മേ ഇന്ന് കഴിക്കാനെന്താ സ്‌പെഷ്യല്‍' എന്ന് ചോദിച്ചായിരിക്കും കുഞ്ഞുമക്കള്‍ സ്‌കൂളില്‍ നിന്ന് വരിക, അല്ലേ?. ഇനി ഒരു അവധി ദിവസമാണെങ്കിലോ, അമ്മയുടെ ഉടുപ്പില്‍ പിടിച്ചുകൊണ്ട് അപ്പോഴും ചോദ്യം ഉണ്ടാവും ഇന്ന് എനിക്ക് കഴിക്കാന്‍ എന്താ തരിക എന്ന്. കുഞ്ഞുങ്ങള്‍ക്ക് വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമൊക്കെ സ്‌നേഹത്തോടെ ഉണ്ടാക്കി നല്‍കാന്‍ കഴിയുന്ന ചില പുതിയതും എളുപ്പമുള്ളതുമായ വിഭവങ്ങള്‍ പരിചയപ്പെടാം.

കണ്ടന്‍സിഡ് മില്‍ക്ക് ബട്ടര്‍ കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍

ബിസ്‌ക്കറ്റ് പൊടിച്ചത് - 250 ഗ്രാം
ബട്ടര്‍ - 100 ഗ്രാം
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
കട്ടതൈര് - 400 ഗ്രാം
കണ്ടന്‍സിഡ് മില്‍ക്ക് - 1 ടിന്‍
ഫ്രഷ് ക്രീം - 20 മില്ലി ലിറ്റര്‍
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
വെള്ളം - 2 ടേബിള്‍ സ്പൂണ്‍
ജലാറ്റിന്‍ - 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കേക്ക് തയാറാക്കേണ്ട പാത്രത്തിലേക്ക് ബിസ്‌ക്കറ്റ് പൊടിച്ചത്, ബട്ടര്‍, പഞ്ചസാര എന്നിവ എടുത്ത് നന്നായി മിക്സ് ചെയ്ത് ഫ്രീസറില്‍ 10 മിനിറ്റ് വയ്ക്കുക. തൈര്, കണ്ടന്‍സിഡ് മില്‍ക്ക്,ഫ്രഷ്‌ക്രീം,പഞ്ചസാര ഇവ ഒന്നിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. ചൂടുവെള്ളത്തില്‍ ജലാറ്റിന്‍ അലിയിച്ച് അതും മിക്സിയിലേക്ക് ഒഴിച്ച് വീണ്ടും ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം ഇത് ബിസ്‌ക്കറ്റ് കൂട്ടിന് മുകളിലൊഴിച്ച് ഫ്രീസറില്‍ വച്ച് സെറ്റാക്കി വിളമ്പാം.

റൈസ് ക്രിപ്‌സ് പീനട്ട് ബട്ടര്‍ കുക്കീസ്

ആവശ്യമുള്ള സാധനങ്ങള്‍

റൈസ് ക്രിപ്സ് - 2 കപ്പ്
മിനി മാഷ്മല്ലോസ് - 1 1/2 കപ്പ്
വൈറ്റ് ചോക്ലേറ്റ് - 453 ഗ്രാം
ക്രീമി പീനട്ട് ബട്ടര്‍ - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു വലിയ ബൗളില്‍ റൈസ്‌ക്രിപ്സും മാഷ്മല്ലോസും ഒരുമിച്ചെടുക്കുക. ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് ഒരു പാത്രത്തിലെടുത്ത് ചൂടുവെള്ളത്തിനുമുകളില്‍ വച്ച് ഉരുക്കിയെടുക്കുക. ഇതിലേക്ക് പീനട്ട് ബട്ടര്‍ കൂടി ചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക. ഇത് റൈസ്‌ക്രിപ്സ്- മാഷ്മല്ലോസിലേക്ക് ഒന്നിച്ച് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. സ്പൂണില്‍ കുറേശെ എടുത്ത് ബേക്കിംഗ് ഷീറ്റില്‍ നിരത്തിവച്ച് 2 മണിക്കൂര്‍ സെറ്റാകാന്‍ വയ്ക്കുക. മുറിച്ചെടുത്ത് വായൂ കടക്കാത്ത പാത്രത്തിലിട്ട് അടച്ച് സൂക്ഷിക്കാം. അല്ലെങ്കില്‍ കുറേശ്ശെ എടുത്ത് കൈയില്‍ വച്ച് ബോളുപോലെ ആക്കിയെടുത്താലും മതിയാകും.

കോക്കനട്ട് ബോള്‍സ്

ആവശ്യമുള്ള സാധനങ്ങള്‍

തേങ്ങ ചിരകിയത് - 1 3/4 കപ്പ് +1/2 കപ്പ്
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
കട്ടി തേങ്ങാപാല്‍ - 2 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - 1/2 ടീസ്പൂണ്‍
ഉപ്പ് - 1 നുള്ള്
വെറ്റ് ചോക്ലേറ്റ് - 110 ഗ്രാം

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് തേങ്ങയും മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും മിക്സിയില്‍ നന്നായി അരയ്ക്കുക. തേന്‍, തേങ്ങാപാല്‍, വാനില എസന്‍സ്, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും അരയ്ക്കുക. ബാക്കി മുക്കാല്‍ കപ്പ് തേങ്ങ കൂടി ചേര്‍ക്കുക. ഇതൊരു ബൗളിലേക്ക് മാറ്റുക. കുറേശെ എടുത്ത് ചെറുനാരങ്ങാവലിപ്പത്തിലുള്ള ബോളുകളാക്കി ഉരുട്ടുക. ഒരു രാത്രി ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. വൈറ്റ് ചോക്ലേറ്റ് ഒരു പാത്രത്തില്‍ ഗ്രേറ്റ് ചെയ്തിട്ട് അത് ചൂടുവെള്ളത്തിനു മുകളില്‍ വച്ച് ഉരുക്കുക. കോക്കനട്ട് ബോളുകള്‍ ചോക്ലേറ്റ് ഉരുക്കിയതില്‍ മുക്കി ഒന്നുകൂടി തേങ്ങ ചിരകിയതില്‍ ഇട്ട് ഉരുട്ടുക. ചൂടാറിയ ശേഷം വിളമ്പാം.

വെറ്റ് ചോക്ലേറ്റ് നട്ട് ഫഡ്ജ്

ആവശ്യമുള്ള സാധനങ്ങള്‍

വൈറ്റ് ചോക്ലേറ്റ് ചിപ്സ് - 3 കപ്പ്
കണ്ടന്‍സിഡ് മില്‍ക്ക് - 400 ഗ്രാം
ബട്ടര്‍ - 4 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ്- 1/2 ടീസ്പൂണ്‍
കശുവണ്ടി അരിഞ്ഞത് - 1 കപ്പ്
ക്യാരമല്‍ സോസ് - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരുപാത്രത്തില്‍ ചോക്ലേറ്റ് ചിപ്സ് കണ്ടന്‍സിഡ് മില്‍ക്ക് , ബട്ടര്‍ എന്നിവ എടുത്ത് തിളച്ച വെള്ളത്തിനു മുകളില്‍ വച്ച് ഉരുക്കി എടുക്കുക. ഇതിലേക്ക് വാനില എസന്‍സും കശുവണ്ടി അരിഞ്ഞത് ചേര്‍ക്കുക. ബട്ടര്‍ പേപ്പര്‍ നിരത്തിയ ട്രേയിലേക്ക് ഈ കൂട്ട് ഒഴിച്ച് നിരത്തുക. മുകളില്‍ ക്യാരമല്‍ സോസ് ഒഴിക്കുക. സ്പൂണ്‍കൊണ്ട് മാര്‍ബിള്‍ ഇഫക്ട് കൊടുക്കാം. ശേഷം ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് സെറ്റാക്കിയെടുക്കാം. ചതുര കഷണങ്ങളായി മുറിച്ചെടുത്ത് വിളമ്പാം.

Content Highlights : Today is Children's Day, here are some special dishes to surprise the kids

dot image
To advertise here,contact us
dot image